തേങ്ങവില അടുത്ത വർഷത്തോടെ അൽപ്പം കുറയും ; ലോകബാങ്ക് റിപ്പോർട്ട്

കണ്ണൂർ
തേങ്ങ വിലയിലെ കുതിപ്പ് അടുത്ത വർഷത്തോടെ 2.8 ശതമാനം കുറയുമെന്ന് നിഗമനം. ലോകബാങ്കിന്റെ ഈ വർഷത്തെ റിപ്പോർട്ടിലാണ് (കമ്മോഡിറ്റി മാർക്കറ്റ് ഔട്ട്‌ലുക്ക്) 2026ൽ വില കുറയുമെന്ന് പറയുന്നത്. 2024 മുതൽ തേങ്ങവില കൂടുന്നതായി റിപ്പോർട്ടിലുണ്ട്. ആഗോളതലത്തിൽ 41 ശതമാനവും രാജ്യത്ത് 60 ശതമാനവുമാണ് വിലവർധന. ഈവർഷം പിന്നെയും 18.5 ശതമാനം കൂടി. അടുത്ത വർഷമാകുമ്പോഴക്കും 2.8 ശതമാനം വിലകുറഞ്ഞ് ടണ്ണിന് 1,50,057 രൂപയാകുമെന്നാണ് റിപ്പോർട്ട്. മികച്ച വിലകിട്ടുന്ന സാഹചര്യത്തിൽ ഉൽപ്പാദനം സ്വാഭാവികമായും കൂടുന്നത് വില കുറയാൻ കാരണമാകും.
കാലാവസ്ഥാ വ്യതിയാനമാണ് തേങ്ങയുൽപ്പാദനം കുറയാൻ പ്രധാന കാരണം. എൽനിനോമൂലമുണ്ടായ വരൾച്ചയും ചൂടും ഫിലിപ്പിൻസ്, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ തേങ്ങയുൽപ്പാദനം 20 ശതമാനംവരെ കുറച്ചു. വെള്ളീച്ച, കാറ്റുവീഴ്‌ച തുടങ്ങിയവയും തിരിച്ചടിയായി.
തമിഴ്നാട്ടിൽ സ്ഥിരം കൊപ്ര ഉണക്കുന്ന പ്രദേശങ്ങളിൽ 60 വർഷത്തിനുശേഷം ആദ്യമായി ഇത്തവണ മഴയും പെയ്തു. ഭക്ഷ്യസംസ്‌കരണം സൗന്ദര്യവർധക വസ്‌തു നിർമാണം, ജൈവ ഇന്ധന മേഖലയിലെ ഉപയോഗം എന്നിവ കൂടിയതോടെ വെളിച്ചെണ്ണയുടെ കയറ്റുമതി വർധിച്ചു. വെളിച്ചെണ്ണവിലയിൽ 250 ഡോളറിന്റെ വർധനയുണ്ടാകുമെന്ന് ലോകബാങ്ക് ഏപ്രിലിൽ പ്രവചിച്ചിരുന്നു.









0 comments