ഉരുവിൽ നിന്നും വീണ തൊഴിലാളി മുങ്ങിമരിച്ചു

ബേപ്പൂർ: ലക്ഷദ്വീപിലേക്ക് ചരക്കു കയറ്റി പോകുന്നതിനായി ബേപ്പൂർ തുറമുഖത്ത് നങ്കൂരമിട്ട ഉരുവിന് മുകളിൽ നിന്നും വീണ തൊഴിലാളി മുങ്ങിമരിച്ചു. തമിഴ്നാട് തൂത്തുക്കുടി ലയൺസ് ടൗൺ സൗത്ത് കോട്ടൺ റോഡിൽ സെൽവൻ (48) ആണ് മരിച്ചത്. ലക്ഷദ്വീപ് ആഡ്രോത്ത് സ്വദേശികളുടെ കൂട്ട് ഉടമസ്ഥതയിലുള്ള എംഎസ്‌വി ‘മൗല’ ഉരുവിലെ തൊഴിലാളിയായിരുന്നു.
തുറമുഖ വാർഫിൽ നങ്കൂരമിട്ട ഉരുവിനകത്ത് ഉറങ്ങുന്നതിനിടെ അമിത ചൂട് കാരണം ഞായർ പുലർച്ചെ മൂന്നോടെ ഉരുവിന്റെ മുകൾത്തട്ടിൽ കയാറാൻ സെൽവൻ ശ്രമിച്ചു. ഇതിനിടെ വെള്ളത്തിലേക്ക് തെന്നിവീഴുകയായിരുന്നുവെന്നാണ് വിവരം.
തുറമുഖ അധികൃതർ വിവരം നൽകിയതിനെ തുടർന്ന് പുലർച്ചെ തന്നെ ബേപ്പൂർ പൊലീസ്, തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്മെമെൻ്റ് തുടങ്ങിയവർ വാർഫിലും പുഴയിലും അഴിമുഖ മേഖലയിലും തെരച്ചിൽ ആരംഭിച്ചിരുന്നു. ഞായർ രാവിലെ ഇ ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് ജില്ല സ്കൂബാ ടീം ആണ് മൃതദേഹം മുങ്ങിയെടുത്തത്.
ഉരുവിന് സമീപത്ത് 35 അടിയോളം താഴ്ചയിൽ ചെളിയിലാണ്ട നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സെൽവന്റെ അച്ഛൻ : രാജൻ. ഭാര്യ : പുഷ്പ.









0 comments