ജെയ്നമ്മ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്, രക്തക്കറ ജെയ്നമ്മയുടേതെന്ന് തിരിച്ചറിഞ്ഞു

കോട്ടയം: കോട്ടയം ഏറ്റുമാനൂർ ജെയ്നമ്മ തിരോധാനക്കേസിൽ ക്രൈംബ്രാഞ്ചിന് നിർണായക തെളിവ്. ചേർത്തല പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്ത സാമ്പിൾ ജെയ്നമ്മയുടേതെന്ന് ഫോറെൻസിക് റിപ്പോർട്ട്. തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സമ്പൂർണ ഡിഎൻഎ ഫലം അന്വേഷണ സംഘത്തിന് അടുത്ത ദിവസങ്ങളിൽ തന്നെ കൈമാറും എന്നാണ് വിവരം.
കഴിഞ്ഞ 28-ന് വീട്ടുവളപ്പിലെ പരിശോധനയിൽ ശരീരാവശിഷ്ടം കത്തക്കരിഞ്ഞനിലയിൽ കണ്ടെത്തിയിരുന്നു. ജെയ്‌നമ്മയുടെ മൊബൈൽഫോണും വസ്ത്രവും കണ്ടെത്തണം. സ്വർണാഭരണങ്ങൾ വിറ്റയിടത്തുനിന്നും പണയംവച്ച സഹകരണ സ്ഥാപനത്തിൽനിന്നും അന്വേഷകസംഘം വീണ്ടെടുത്തിട്ടുണ്ട്. കോട്ടയം ക്രൈംബ്രാഞ്ചാണ് ജെയ്‌നമ്മയുടെ തിരോധാനം അന്വേഷിക്കുന്നത്. കാണാതായ ഡിസംബർ 23-നുതന്നെ ജെയ്നമ്മ കൊല്ലപ്പെട്ടെന്നെ നിഗമനത്തിലായിരുന്നു അന്വേഷകസംഘം. ജെയ്‌നമ്മയുടെ ഫോൺ സെബാസ്റ്റ്യൻ കൈവശംവച്ച് ഉപയോഗിച്ചതാണ് കുറ്റകൃത്യം തെളിയുന്നതിലേക്ക് എത്തിയത്. ഫോണിന്റെ സ്ഥാനം പിന്തുടർന്നുള്ള അന്വേഷണമാണ് നിർണായക വഴിത്തിരിവായത്.
സെബാസ്റ്റ്യന്റെ വീട്ടിൽ നിന്നുലഭിച്ച മൃതദേഹ അവശിഷ്‌ടങ്ങൾ ജെയ്‌നമ്മയുടേതല്ലെന്നാണ് പ്രാഥമിക നിഗമനം. 2024 ഡിസംബറിലാണ് ഏറ്റുമാനൂർ സ്വദേശിനി ജെയമ്മയെ കാണാതായത്. കണ്ടെത്തിയ അസ്ഥിയുടെ ഭാഗങ്ങൾക്ക് ആറ് വർഷത്തിലധികം പഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്. ക്യാപ്പിട്ട പല്ലുകളും ഇവിടെ നിന്ന് ലഭിച്ചിരുന്നു. ജെയ്നമ്മയ്ക്ക് അത്തരം പല്ലുകളില്ലെന്ന് ബന്ധുക്കൾ ഉറപ്പിച്ചിരുന്നു. ചേർത്തല സ്വദേശിനി ഹൈറു മ്മയ്ക്ക് (ഐഷ) വെപ്പുപല്ലുണ്ടെന്നും കാണാതായ ബിന്ദു പത്മനാഭൻ പല്ലുമായി ബന്ധപ്പെട്ട് വിദഗ്‌ധ ചികിത്സ തേടിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു.
ജെയ്‌നമ്മയുടെ തിരോധാനശേഷം അവരുടെ മൊബൈൽഫോൺ സെബാസ്റ്റ്യൻ ഉപയോഗിച്ചതാണ് നിർണായക തെളിവ്. ഇൗരാറ്റുപേട്ടയിലെ സ്ഥാപനത്തിലെത്തി ജെയ്‌നമ്മയുടെ നമ്പറിൽ ഫോൺ റീചാർജ് ചെയ്തത് അന്വേഷകസംഘം കണ്ടെത്തി. അവിടത്തെ സിസിടിവി ദൃശ്യവും ശേഖരിച്ചു. അതേസമയം, ജെയ്‌നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതി സെബാസ്റ്റ്യനെ 26 വരെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായ ശേഷമാണ് ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതി സെബാസ്റ്റ്യനെ റിമാൻഡിൽ വിട്ടത്.









0 comments