അഭിമാനത്തോടെ എന്നാണ് തൊഴിലെടുക്കുക ; എന്നാണ് ഒരു മാറ്റം സാധ്യമാവുന്നത്

രാജസ്ഥാനിൽനിന്നുള്ള തുളസി ദേവി പ്രതിനിധികള്‍ക്കൊപ്പം
സുധ സുന്ദരൻ
Published on May 10, 2025, 12:59 AM | 2 min read
ഏലംകുളം (മലപ്പുറം)
‘ഭാരിച്ച ജോലി കൂലിയോ തുച്ഛം. ഉള്ള കൂലി കിട്ടുന്നതോ ദിവസങ്ങൾ കഴിഞ്ഞ്. സാധാരണക്കാരായ ഞങ്ങൾ എങ്ങനെ ജീവിക്കും. ഓരോ ദിവസവും തള്ളിനീക്കാൻ എത്ര കഷ്‌ടപ്പെടുന്നു. ഞങ്ങൾക്കും കുടുംബമുണ്ട്. മക്കളുണ്ട്. അവർക്കും വളരണം പഠിക്കണം. സ്‌ത്രീകൾ തൊഴിലിടങ്ങളിൽ ദുരിതത്തിലാണ്. തൊഴിലുറപ്പിൽ തുച്ഛമായ കൂലിയാണ്. തൊഴിൽദിനങ്ങളും കുറവ്. ഇനി എന്നാണ് ഒരു മാറ്റം സാധ്യമാവുന്നത്. എന്റെ തൊഴിലിടത്തിൽ എന്നാണ് അഭിമാനത്തോടെ തൊഴിലെടുക്കാനാവുക’– രാജസ്ഥാനിൽനിന്നുള്ള തുളസിദേവി തന്റെ തൊഴിലിലെ പ്രതിസന്ധികൾ പങ്കുവച്ചു.
‘തൊഴിലുറപ്പ് തൊഴിലാളികളാണ് ഞങ്ങളും. ഏത് തൊഴിലെടുക്കാനും ഞങ്ങൾ റെഡിയാണ്. പക്ഷേ തൊഴിലില്ല എന്നതാണ് യാഥാർഥ്യം. വർഷത്തിൽ 100 തൊഴിൽദിനങ്ങൾ എന്നാണ് കണക്ക്. അത് പൂർണമായി കിട്ടില്ല. ഇനി കിട്ടിയാലും, ബാക്കി ദിനങ്ങളിൽ തൊഴിലും കൂലിയുമില്ല. സ്‌ത്രീകളുടെ ചുമതലയിൽമാത്രം മുന്നേറുന്ന ഒരുപാട് കുടുംബങ്ങളുണ്ട്. അവരുടെ ജീവിതം ദുരിതത്തിലാണ്. തൊഴിലില്ലാതെ ഞങ്ങളെങ്ങനെ ജീവിക്കും’–- പഞ്ചാബിൽനിന്നുള്ള അമൻ ദീപ് കൗർ, ബജീദ് കൗർ എന്നിവരും വേദന പങ്കിട്ടു. ‘ഞാനും ഭർത്താവും ഒരേ നിലത്തിലാണ് കൂലിയ്ക്ക് തൊഴിലെടുക്കുന്നത്. കളമൊരുക്കുന്നതും നടീലും ഒന്നിച്ചുതന്നെ. എന്നാൽ ഞങ്ങളുടെ കൂലി വ്യത്യസ്തമാണ്. എനിക്ക് 200 രൂപയും ഭർത്താവിന് 700 രൂപയും. ഒരേ തൊഴിലെടുക്കുന്ന സ്‌ത്രീയുടെയും പുരുഷന്റെയും വേതനം എങ്ങനെ രണ്ടാവും. തൊഴിലിനാണ് വേതനം അല്ലാതെ തൊഴിലാളികളുടെ രൂപത്തിനാവരുത്’ –- തമിഴ്‌നാട് മാവട്ടം കടലൂർ സ്വദേശി ജീവ സുധാകറിന് പറയാനുള്ളത് തൊഴിലിടത്തിലെ വിവേചനത്തെ കുറിച്ചാണ്.
ഭാഷയുടെയും ദേശത്തിന്റെ അതിർവരമ്പുകളില്ലാതെ അവകാശങ്ങൾക്കായി ഒത്തുചേർന്ന വനിതാ തൊഴിലാളികളുടെ അഖിലേന്ത്യ കർഷക -തൊഴിലാളി വനിതാ കൺവൻഷനിലാണ് തൊഴിലാളികൾ അനുഭവങ്ങളും ആശങ്കകളും പങ്കുവച്ചത്.
അണിചേർന്ന ഓരോ തൊഴിലാളിക്കും പറയാനുണ്ടായിരുന്നത് തൊഴിലില്ലായ്‌മയും വിവേചനവും തൊഴിലിടങ്ങളിലെ പ്രതിസന്ധികളുമായിരുന്നു. കാർഷിക – -ഗ്രാമീണ തൊഴിൽമേഖലയിൽ ഇന്നും സ്‌ത്രീകൾ തൊഴിൽപരമായ വിഭജനവും വേതനപരമായ വിവേചനവും നേരിടുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തൊഴിലിടങ്ങളിലെ പ്രതിസന്ധിയും വേർതിരിവും വർധിച്ച് വരികയാണ്. എൻഎസ്‌എസ്‌ഒ കണക്ക് പ്രകാരം സ്‌ത്രീകർഷക തൊഴിലാളികളുടെ വരുമാനം പുരുഷ കർഷക തൊഴിലാളിയേക്കാൾ 22.24 ശതമാനം കുറവാണ്. കാർഷികേതര തൊഴിലുകളിലും ഈ വിവേചനം നിലനിൽക്കുന്നുണ്ട്. സ്‌ത്രീ തൊഴിലാളികൾ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളും ഏറെ. ബഹുഭൂരിപക്ഷം വനിതാ കർഷക തൊഴിലാളികൾക്കും പ്രസവാനുകൂല്യങ്ങൾ നിക്ഷേധിക്കപ്പെടുന്നുണ്ട്. വൃത്തിഹീനമായ ചുറ്റുപാട്, വീട്ടുകാര്യങ്ങളും വിശ്രമമില്ലാത്ത തൊഴിൽ, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം എന്നിവയെല്ലാം വനിതാ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളാണ്.









0 comments