വനിതാ ദിനം
പുരികം ചുളിച്ചവർക്കും പഠിക്കാം; ബസ് ഓടിക്കാൻ പഠിപ്പിക്കുന്നതും ഇവരാണ്


എം സനോജ്
Published on Mar 08, 2025, 01:34 PM | 2 min read
നിലമ്പൂർ
വനിതകൾ ബസ് ഡ്രൈവർമാരായി എത്തിയത് വലിയ വാർത്തയായിരുന്നു. കെ എസ് ആർ ടി സിയിൽ ആണുങ്ങളുടെ കുത്തകയായിരുന്നു ഡ്രൈവർ സീറ്റ്. ഇന്നിപ്പോൾ ബസ് ഓടിക്കൽ മാത്രമല്ല. ഭാരം കൂടിയ വാഹനങ്ങളുടെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതും വനിതകൾ ഏറ്റെടുത്തിരിക്കുന്നു.
ആറ് കെ എസ് ആർ ടി സി വനിതാ ഡ്രൈവർമാരണ് ഇപ്പോഴുള്ളത്. ഇവരിൽ മൂത്തേടം കുറ്റിക്കാട് സ്വദേശി കോടകേരി വീട്ടിൽ ഷീന ജിൻസണും(30) മൂവാറ്റുപുഴ സ്വദേശി പ്രിയ പ്രകാശും ഡ്രൈവിങ് സ്കൂളിലെ മുഖ്യ പരിശീലകരാണ്. ബൈക്ക് മുതൽ ടിപ്പർ ലോറി വരെ ഓടിക്കാൻ പഠിപ്പിക്കുന്നു.
പൊതുജനങ്ങൾക്കായി കെഎസ്ആർടിസി തുടങ്ങിയ കിഴക്കേക്കോട്ട അട്ടക്കുളങ്ങര ഡ്രൈവിങ് സ്കൂളിലെ പരിശീലകയാണ് ഷീന. പ്രിയ പ്രകാശും ഇതേ ഡ്രൈവിങ് സ്കൂളിൽ പരിശീലകയാണ്. കെഎസ്ആർടിസി ഡ്രൈവിങ് പരിശീലനകേന്ദ്രത്തിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ടുവീലർ, ഫോർ വീലർ, ഹെവി വാഹനങ്ങൾ വരെ ഓടിക്കാൻ ഇവർ പരിശീലനം നൽകുന്നു.
വനിതകളെ ഹെവി ഡ്രൈവിങ് രംഗത്തേക്ക് പരിഗണിക്കാൻ തുടങ്ങിയിട്ട് അധികമായില്ല. 2022 ലാണ് കെ എസ് ആർ ടി സി തീരുമാനം എടുത്തത്. വി പി ഷീലയാണ് സൂപ്പർ ഫാസ്റ്റിൽ ചുമതല ലഭിച്ച ആദ്യത്തെ വനിതാ ഡ്രൈവർ. വിഞ്ജാപനവും റിക്രൂട്ട്മെന്റും എല്ലാമായി നടപടിക ക്രമങ്ങൾ നീണ്ടു. കഷ്ടിച്ച് രണ്ട് വർഷത്തിനകം അവർ കഴിവ് തെളിയിച്ചു. യാത്രക്കാരെ വഹിച്ചുള്ള ബസും ചരക്ക് ലോറിയും ഒക്കെ എങ്ങിനെ സ്ത്രീകൾ ഓടിക്കും എന്ന് പുരികം ചുളിച്ചവർക്ക് ഉത്തരമായി. അവരെ ബൈക്ക് മുതൽ ബസ് ഓടിക്കാൻ വരെ പഠിപ്പിക്കാനും ഇപ്പോൾ വനിതകളാണ്. അതും കെ എസ് ആർ ടി സിയുടെ ഏറ്റവും മികച്ച പരിശീലന മാതൃകയിൽ തന്നെ.
കർണ്ണാടക ട്രാൻസ്പോർട് കോർപ്പറേഷൻ 2018 മുതൽ വനിതാ ഡ്രൈവർമാരെ റിക്രൂട്ട് ചെയ്തിരുന്നു.

ആദ്യത്തെ ബാച്ചിലാണ് ഷീന എത്തുന്നത്. രണ്ടാമത്തെ ബാച്ചാണ് പ്രിയ. ചെറുപ്രായത്തിൽ വാഹനങ്ങൾ ഓടിക്കാനുള്ള ആഗ്രഹങ്ങളാണ് കെഎസ്ആർടിസിയിലേക്ക് ഷീനയെ കൈപിടിച്ചുയർത്തിയത്. വീട്ടിലുണ്ടായിരുന്ന ഹിറോ ഹോണ്ട ബൈക്ക് ഓടിച്ചാണ് ഡ്രൈവിംഗ് പഠിച്ചത്. പിന്നീട് അങ്ങോട്ട് വീട്ടിലെ ഗുഡ്സ് ഓട്ടോയും ജീപ്പും ഓട്ടോറിക്ഷയുടെയും എല്ലാം ഡ്രൈവിംഗ് സീറ്റിലിരുന്നു.
അച്ഛൻ സാംകുട്ടിയും അമ്മ ലിസ്സിയും ഷീനയുടെ ഡ്രൈവിംഗിനോടുള്ള താൽപര്യത്തോട് പൂർണ പിന്തുണ നൽകി. എടക്കര മുപ്പിനിയിലെ ജെ സി ഡ്രൈവിംഗ് സ്കൂളിൽ പോയി ഡ്രൈവിംഗ് പാഠങ്ങളും നിയമങ്ങളും പഠിച്ചെടുത്തു. 2014 ൽ ടു, ഫോർ വാഹനങ്ങളുടെ ലൈസൻസ് എടുത്തു. 2018 ൽ വിവാഹം കഴിഞ്ഞതോടെ ഭർത്താവിൻറ വീട്ടിലെ ടിപ്പർ ഓടിച്ചുതുടങ്ങി.
ഭർത്താവ് ജിൻസൺ ടിപ്പർ ഓടിക്കാൻ പഠിപ്പിച്ചു. 2022 ൽ ഹെവി ലൈസൻസ് എടുത്തു. ബികോം ബിരുദധാരണിയായ ഷീന മൂത്തേടം താൻ പഠിച്ചിരുന്ന ഫാത്തിമ കോളേജിൽ തന്റെ എൻഫീൽഡ് ബുള്ളറ്റിൽ ആയിരുന്നു സ്ഥിരമായി യാത്ര ചെയ്തിരുന്നത്.
2022 ലെ പത്രങ്ങൾ കെഎസ്ആർടി സ്വിഫ്റ്റ് ബസുകളിലേക്ക് വനിതകളെ നിയമിക്കുന്നുണ്ടെന്ന വാർത്തയാണ് ഇവരുടെ കരിയർ മാറ്റിമറിച്ചത്.
ടിപ്പർ ഓടിച്ച പരിചയം ബസ് ഓടിക്കാനുള്ള ആഗ്രഹത്തിലേക്ക് നയിച്ചു. അടുത്ത ദിവസങ്ങളിൽ അപേക്ഷ നൽകുകയും ട്രെയിനിംഗിന് വിളിക്കുകയുമായിരുന്നു. കെഎസ്ആർടിസിയിലെ വനിത കണ്ടക്ടറായ ഷീലയുടെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ട പരിശീലനം നൽകിയത്. സാധാരണ ഓർഡിനറി ബസിൽ 40 ദിവസത്തെ ട്രെയിനിങ്. അതുകഴിഞ്ഞു സ്വിഫ്റ്റ് ഇലക്ട്രിക് ബസിൽ. സിറ്റി റൂട്ടുകളിലൂടെയും പ്രധാന റോഡുകളിലെയും പ്രത്യേക പരിശീലനം. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള മാനസിക പരിശീലനവും ഓറിയന്റേഷനും ഷീനയ്ക്ക് ലഭിച്ചിട്ടുണ്ട്.
വനിതാ ദിനത്തിൽ ആൾ ഇന്ത്യ സ്റ്റേറ്റ് ട്രാൻസ്പോർട് കോപ്പറേഷൻ നൽകുന്ന ആദരവ് ഡൽഹിയിൽ ഷീനയും പ്രിയയും ഏറ്റുവാങ്ങും. ഈ അംഗീകാരം ലഭിക്കുന്ന കേരളത്തിൽ നിന്നുള്ള രണ്ട് കെഎസ്ആർടിസി വനിത ഡ്രൈവർമാരാണ് ഇരുവരും.









0 comments