ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിക്ക് പീഡനം: ഭർത്താവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

മണർകാട്: കോട്ടയം മണർകാട് ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയ്ക്ക് ക്രൂര പീഡനം. സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ മൂന്നുപേരെ മണർകാട് പൊലീസ് അറസ്‌റ്റുചെയ്തു. പത്തനംതിട്ട തിരുവല്ല മുത്തൂർ സ്വദേശിയും മന്ത്രവാദിയുമായ ശിവദാസ് (ശിവൻ തിരുമേനി–54), യുവതിയുടെ ഭർത്താവ് മണർകാട് തിരുവഞ്ചൂർ സ്വദേശി അഖിൽദാസ് (26), ഇയാളുടെ അച്ഛൻ ദാസ് (55) എന്നിവരാണ് പിടിയിലായത്. ഇവരെ റിമാൻഡുചെയ്‌തു.
മരിച്ചുപോയ ബന്ധുക്കളുടെ ആത്മാക്കൾ യുവതിയടെ ശരീരത്തിലുണ്ടെന്ന് പറഞ്ഞാണ് ആഭിചാരക്രിയ നടത്തിയത്. ഭർതൃമാതാവിന്റെ നിർദേശപ്രകാരം കഴിഞ്ഞ ഞായറാഴ്ചയാണ് ശിവദാസ് വീട്ടിലെത്തിയത്. മന്ത്രവാദത്തിന്റെ പേരിൽ യുവതിക്ക് ബലമായി മദ്യം നൽകി. ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തു.
യുവതിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് മണർകാട് പൊലീസ് കേസെടുത്തത്. യുവതിയെ മണിക്കൂറുകളോളം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായാണ് പരാതി. ഭർതൃമാതാവുൾപ്പെടെയുള്ള മറ്റ് പ്രതികൾ ഒളിവിലാണ്. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.









0 comments