തിരുവനന്തപുരത്ത് യുവതി കിടപ്പുമുറിയിൽ കൊല്ലപ്പെട്ടനിലയിൽ; സഹോദരനും സുഹൃത്തും കസ്റ്റഡിയിൽ

ഷഹീന, ഷംഷാദ്
വഞ്ചിയൂർ : യുവതിയെ ഹോംസ്റ്റേയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. സഹോദരനെയും സുഹൃത്തിനെയും മണ്ണന്തല പൊലീസ് കസ്റ്റഡിലിലെടുത്തു. പോത്തൻകോട് വെമ്പായം ചാത്തംപാട് കൊച്ചുവീട്ടിൽ മുഹമ്മദ് ഷഫീഖ്- സലീന ദമ്പതികളുടെ മകൾ ഷഹീന (32)യാണ് മരിച്ചത്. സഹോദരൻ ഷംഷാദ് ഷഫീഖ് (44), ഇയാളുടെ സുഹൃത്ത് ചെമ്പഴന്തി സ്വദേശി വൈശാഖ് (42) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
മണ്ണന്തല മരുതൂരിനുസമീപം സ്വകാര്യബാങ്കിനു പിറകുവശത്തുള്ള ഒരു ഹോംസ്റ്റേയിലാണ് ഷഹീനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ദന്ത ചികിത്സയ്ക്കായി കഴിഞ്ഞ 14നാണ് ഇരുവരും ഇവിടെ മുറിയെടുത്തത്. ശനി വൈകിട്ട് ആറോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉച്ചയോടെ ഇരുവരും വഴക്കുണ്ടാക്കിയെന്നും ഷംഷാദ് സഹോദരിയെ മർദിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഷഹീനയെ അന്വേഷിച്ച് ഹോംസ്റ്റേയിൽ എത്തിയ മാതാപിതാക്കൾ ഇവരെ അബോധാവസ്ഥയിൽ കണ്ടതിനെത്തുടർന്ന് ആംബുലൻസ് വിളിച്ചുവരുത്തി. ആംബുലൻസ് ജീവനക്കാർക്ക് സംശയംതോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു.
മുഖത്തും കൈകളിലും മർദനമേറ്റ പാടുണ്ട്. സംഭവശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷംഷാദിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു. സഹോദരിയെ മർദിച്ചു കൊലപ്പെടുത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഷഹീനയുടെ മൃതദേഹം തിരുവനന്തപുരം ഗവ. മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവർ ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. 2 മക്കളുണ്ട്.
0 comments