ആ​​ഗോള അയ്യപ്പ സം​ഗമം ബഹിഷ്കരിക്കില്ല, സഹകരിക്കില്ല: ഉരുണ്ടുകളിച്ച് വി ഡി സതീശൻ

 V D SATHEESAN
വെബ് ഡെസ്ക്

Published on Sep 03, 2025, 11:39 AM | 1 min read

തിരുവനന്തപുരം: ആ​ഗോള അയ്യപ്പ സം​ഗമത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ നിലപാട് പറയാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അയ്യപ്പ സം​ഗമത്തെ യുഡിഎഫ് എതിർക്കുന്നുവെന്നും സം​ഗമത്തിൽ പങ്കെടുക്കില്ല എന്നുമായിരുന്നു യുഡിഎഫിന്റെ മുൻ നിലപാട്. എന്നാൽ സം​ഗമം ബഹിഷ്കരിക്കില്ലെന്നാണ് നിലവിൽ മാധ്യമങ്ങളോട് സതീശൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സംഗമവുമായി യുഡിഎഫ് സഹകരിക്കില്ലെന്നും വാര്‍ത്താ സമ്മേളനത്തിൽ സതീശൻ പറഞ്ഞു.


ചില ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്നും ഉത്തരം കിട്ടിയാൽ സം​ഗമത്തിൽ പങ്കെടുക്കാം എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ആ​ഗോള അയ്യപ്പ സം​ഗമവുമായി ബന്ധപ്പെട്ട സമുദയ സംഘടനകളുടെ നിലപാട് സംബന്ധിച്ച ചോദ്യങ്ങൾക്കും അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. അതിലൊന്നും ഇടപെടില്ലെന്ന് പറഞ്ഞൊഴിയുകയായിരുന്നു.


ശബരിമല വികസനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്‍പത് വര്‍ഷം എന്ത് ചെയ്തുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയാല്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താമെന്നുമാണ് വി ഡി സതീശന്‍ പറയുന്നത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗീക പീഡന കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വി ഡി സതീശൻ തയാറായില്ല.


ആ​ഗോള അയ്യപ്പസം​ഗമം വിശ്വാസികളുടെ പരിപാടി മാത്രമല്ല, മറിച്ച് വർ​ഗീയതയ്ക്ക് എതിരെ നടന്നക്കുന്ന സംഗമമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അതിനാണ് പാര്‍ടിയുടെ പിന്തുണയുള്ളതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. വിശ്വാസികൾ ലോകത്ത് ഒരിടത്തും വർ​ഗീയവാദികളല്ല. വർ​ഗീയവാദികൾ വിശ്വാസത്തെ രാഷ്ട്രീയാധികാരത്തിലേക്ക് പ്രവേശിക്കാനുള്ള ചവിട്ടുപടിയാക്കുന്നു. അതാണ് വർ​ഗീയത. വിശ്വാസികളെയും കൂടി ചേർത്ത് വർ​ഗീയതയെ പ്രതിരോധിക്കുന്നതിന്റെ ഭാ​ഗമാണ് ആ​ഗോള അയ്യപ്പ സം​ഗമം എന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.


സെപ്‌തംബർ 20ന് പമ്പാ തീരത്താണ് ആ​ഗോള അയ്യപ്പ സം​ഗമം നടക്കുന്നത്. ശബരിമലയുടെ ഭാവി വികസന പദ്ധതികളും വേദിയില്‍ ചർച്ചയാകും. ആത്മീയ നേതാക്കള്‍, പണ്ഡിതര്‍, ഭക്തര്‍, സാംസ്‌കാരിക പ്രതിനിധികള്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. ഇന്ത്യയിലേയും വിദേശത്തെയും 3000 പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് അയ്യപ്പ സം​ഗമം സംഘടിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home