വന്യജീവി ആക്രമണം പ്രതിരോധിക്കാൻ നാളെമുതൽ തീവ്രയജ്ഞം

വന്യജീവി പ്രതിരോധത്തിൽ കേരളം വഴികാട്ടി

Wild Animals Encounter kerala model
avatar
വൈഷ്‌ണവ്‌ ബാബു

Published on Sep 15, 2025, 02:34 AM | 2 min read


തിരുവനന്തപുരം

വനമേഖലയോടുചേർന്ന് ഉയർന്ന ജനസാന്ദ്രതയുള്ള സംസ്ഥാനമായിട്ടും വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിൽ മാതൃകയായി കേരളം. കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2019 മുതൽ 2023 വരെ ആനയുടെയും കടുവയുടെയും ആക്രമണങ്ങളിൽ രാജ്യത്ത് 3076 പേരാണ് കൊല്ലപ്പെട്ടത്‌. ദുരന്തത്തിൽനിന്ന് ജനതയെ സംരക്ഷിക്കാൻ പ്രവർത്തനങ്ങൾ ഉ‍ൗർജിതമാക്കിയ ഏക സംസ്ഥാനം കേരളമാണ്‌.


അഞ്ച് വർഷത്തിനിടെ കടുവയുടെ ആക്രമണത്തിൽ രാജ്യത്ത് 349പേരാണ് മരിച്ചത്‌. പകുതിയിലേറെ മരണവും ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലാണ്‌, 200. പിന്നാലെ ഉത്തർപ്രദേശുമുണ്ട്‌, 59. പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ മരണസംഖ്യ ആറിലേക്ക്‌ പിടിച്ചുനിർത്തി. ഈ കാലയളവിൽ 2727 പേർ രാജ്യത്ത്‌ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബിജെപി ഭരിക്കുന്ന ഒഡിഷയിലാണ് കൂടുതൽ, 624. പിന്നാലെ ജാർഖണ്ഡ് (474), പശ്ചിമ ബംഗാൾ (436), അസം (383) എന്നിവയുണ്ട്‌. എന്നാൽ, കേരളത്തിൽ 124 ലേക്ക്‌ ഒതുക്കി. പൂജ്യത്തിൽ പിടിച്ചുകെട്ടാനുള്ള പദ്ധതികൾ കേരളം നടപ്പാക്കിവരുന്നുണ്ടെങ്കിലും വിലങ്ങുതടിയാകുന്നത്‌ 1972ലെ കേന്ദ്ര വനം, വന്യജീവി നിയമമാണ്‌. അതിനെ മറികടക്കാൻ ഇന്ത്യയിൽ ആദ്യമായി കേന്ദ്രനിയമത്തിൽ ഭേദഗതിക്കൊരുങ്ങുകയാണ്‌ സംസ്ഥാനം.


സോളാർ വൈദ്യുതിവേലി, കിടങ്ങ്‌ നിർമാണം, അതിർത്തിമതിലുകൾ തുടങ്ങിയവ സ്ഥാപിക്കാനും മനുഷ്യ–-വന്യജീവി സംഘർഷം ഒഴിവാക്കാൻ 10 മിഷനുകൾ രൂപീകരിക്കാനും കഴിഞ്ഞു. ആനത്താര, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാത എന്നിവ നിരീക്ഷിച്ച്‌, പ്രതിരോധം ഒരുക്കി.


സംഘർഷ ബാധിത പ്രദേശങ്ങളിൽ സമയബന്ധിതമായി ഇടപെടാൻ സന്നദ്ധ പ്രതികരണ സേന രൂപീകരിച്ചു. വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് ആകർഷിക്കപ്പെടുന്നത് ഒഴിവാക്കാനും അവയ്‌ക്ക്‌ ആവശ്യമായ ജലം, -ഭക്ഷണം എന്നിവയുടെ ലഭ്യത വനത്തിൽ ഉറപ്പുവരുത്താനും പദ്ധതി ആരംഭിച്ചു.


​പ്രതിരോധത്തിന്‌ 
നിയമ ഭേദഗതി​യും

കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച കേന്ദ്രനിയമത്തിലെ ഭേദഗതി ബിൽ പാസായാൽ ജനവാസ മേഖലയിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ ഉടൻ കൊല്ലാൻ ചീഫ്‌ വൈൽഡ്‌ വാർഡന്‌ ഉത്തരവിടാൻ കഴിയും. പട്ടിക രണ്ടിലെ വന്യമൃഗത്തിന്റെ എണ്ണം അനിയന്ത്രിതമായി വർധിച്ചാൽ അവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാം. ഇത്തരത്തിൽ പ്രഖ്യാപിച്ചാൽ ആക്രമണകാരികളായ ക്ഷുദ്രജീവികളെ കൊല്ലാനാകും.


വന്യജീവി ആക്രമണം പ്രതിരോധിക്കാൻ നാളെമുതൽ തീവ്രയജ്ഞം

വന്യജീവി ആക്രമണം പ്രതിരോധിക്കാൻ 45 ദിവസം നീളുന്ന ‘സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുമായി വനംവകുപ്പ്‌. സെപ്തംബർ 16 മുതൽ 30വരെയുള്ള ഒന്നാംഘട്ടത്തിൽ മലയോര മേഖലയിലെ പഞ്ചായത്തുകളിലും റെയ്ഞ്ച്‌ ഓഫീസുകളിലും ഹെൽപ്‌ ഡെസ്‌ക്‌ തുറക്കും. പൊതുജനങ്ങൾക്ക്‌ പരാതിയും അപേക്ഷയും നൽകാൻ പെട്ടി സ്ഥാപിക്കും. സോളാർ വൈദ്യുതിവേലി, അതിർത്തിമതിൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനും നഷ്‌ടപരിഹാരത്തിന്‌ അപേക്ഷിക്കാനുമാകും.


പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുൾപ്പെട്ട പഞ്ചായത്തുതല സമിതി രൂപീകരിച്ച്‌ വിവരശേഖരണം നടത്തും. പരാതികളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ വാരാവലോകനം നടത്തും. നടപടി തൃപ്തിയായില്ലെങ്കിൽ സമിതി ചെയർമാനെ അറിയിക്കാം.


ഒക്‌ടോബർ ഒന്നുമുതൽ 15 വരെയുള്ള രണ്ടാംഘട്ട പരിപാടിയിൽ എംഎൽഎമാർ പങ്കാളികളാകും. നടത്തിപ്പ്‌ ചുമതല ഡിവിഷണൽ ഫോറസ്റ്റ്‌ ഓഫീസർക്ക്‌. 16 മുതൽ മൂന്നാംഘട്ടം. മന്ത്രിമാരും വകുപ്പ്‌ മേധാവികളും ത്രിതല പഞ്ചായത്ത്‌ പ്രതിനിധികളും പങ്കാളികളാകും. സംഘർഷബാധിത പ്രദേശങ്ങളെ ക്ലസ്റ്ററുകളാക്കും. 300 പഞ്ചായത്തുകളിലാണ്‌ സംഘർഷബാധിതം. ഇതിൽ 30 പഞ്ചായത്ത്‌ ഹോട്സ്‌പോട്ടുകൾ.



deshabhimani section

Related News

View More
0 comments
Sort by

Home