യുവതിയുടെ കൊലപാതകം: ഭർത്താവിന് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും

നെയ്യാറ്റിൻകര: യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും. കാരോട് പൊറ്റയിൽകട പരുത്തിവിള വീട്ടിൽ അനിൽകുമാറി(40)നെ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജി എ എം ബഷീറാണ് ശിക്ഷിച്ചത്. ഭാര്യ മലപ്പുറം എടപ്പറ്റ ഏപ്പിക്കാട് കരുവാമ്പലം വീട്ടിൽ സൗമ്യ (20)യെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കൃത്യങ്ങൾക്ക് അനിൽകുമാര്‍ കുറ്റക്കാരനെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
2012 ഫെബ്രുവരി ഏഴിന് 6.15നാണ് കേസിനാസ്‌പദമായ സംഭവം. വിവാഹശേഷം കാരോട് വില്ലേജിലെ പ്ലാമൂട്ടുക്കടയിലായിരുന്നു ഇരുവരും താമസം. മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് അനിൽ സൗമ്യയെ മർദിക്കുന്നത് പതിവായിരുന്നു. അയൽക്കാരായ സ്ത്രീകളായിരുന്നു സൗമ്യയെ പലപ്പോഴും സംരക്ഷിച്ചിരുന്നത്. സംഭവദിവസം മലപ്പുറത്തേക്ക് ട്രെയിനിൽ പോകാൻ ഇറങ്ങിയ സൗമ്യയെ അനിൽ കുമാർ വീട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ട് പോവുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
സൗമ്യ സ്വയം തൂങ്ങിമരിച്ചെന്നു വരുത്തിത്തീർക്കാനായി സാരിയുടെ കുരുക്ക് ഉണ്ടാക്കി രണ്ടായി മുറിച്ച് മൃതദേഹത്തിനു സമീപം ഉപേക്ഷിച്ചു. ശേഷം അയൽവാസിയായ ബാബുവുമായി ടാക്സിയിൽ പാറശാല ഗവ. ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് ഇയാൾ കടന്നുകളയുകയുമായിരുന്നു. തെളിവിന്റെ അഭാവത്തിൽ ബാബുവിനെ വെറുതെ വിട്ടു.









0 comments