പ്രകൃതി കനിഞ്ഞ്‌ ഒഴുകുമിടം

babu
avatar
സി ജെ ഹരികുമാർ

Published on Jun 05, 2025, 11:24 AM | 2 min read

പത്തനംതിട്ട: ഗേറ്റില്ല, വളഞ്ഞ്‌ നിക്കുന്ന ഈറ ടാർ റോഡിന്‌ അതിരായി ഇടതൂർന്ന്‌ നിൽക്കുന്നു. പ്രകൃതിയൊരുക്കിയ കവാടം കടന്ന്‌ ചെല്ലുമ്പോൾ മരങ്ങൾ കാനനമെന്ന രീതിയിൽ തഴച്ച്‌ തിങ്ങിഞ്ഞെരുങ്ങി വളരുകയാണ്‌. ഇവയുടെ നടുവിൽ ആശ്രമം പോലൊരു വീട്‌. മുകളിലേക്ക്‌ പടർന്ന്‌ പന്തലിച്ച്‌ നൂറ്‌ കണക്കിന്‌ മഞ്ഞമുളകൾ. പ്രകൃതി എന്ത്‌ ആഗ്രഹിക്കുന്നു അതിനനുസരിച്ച്‌ ജീവിക്കുകയും അതിന്‌ ആഘാതം സൃഷ്‌ടിക്കാതെ പിന്തുടരുകയും ചെയ്യുന്ന ഏഴംകുളം പാലമുക്കിൽ ബാബു ജോണിന്റെ പുലിയണ്ണാൽ വീടാണ് ഇവിടെ താരം. നാട്ടുവൃക്ഷങ്ങളുടെയും കാട്ടുവൃഷങ്ങളുടെയും മുളങ്കാടുകളുടെയും ഔഷധ സസ്യങ്ങളുടെയും നടുവിലെ ബാബു ജോണിന്റെ പ്രകൃതി സൗഹാർദ വീട് ഒരത്ഭുതമാണ്. 28 സെന്റ്‌ സ്ഥലത്ത് പഴയകാലം മുതൽ വളർന്നു വലുതായ നാട്ടുമരങ്ങൾ കൂടാതെ 10 ഇനം മുളകൾ, കാട്ടുപേര, കാട്ടുഞാവൽ, കാട്ടുവേപ്പ്, കമ്പകം, താന്നി നാൽപ്പാമരങ്ങൾ, ഈറ, മൂട്ടിൽപഴം ഔഷധസസ്യങ്ങളായ പുത്രൻജീവ, രുദ്രാക്ഷം, ഫലവൃക്ഷങ്ങൾ തുടങ്ങി നൂറോളം മരങ്ങളാണ് പച്ചപ്പണിഞ്ഞ് നിൽക്കുന്നത്. ഏഴംകുളം പുതുമല ഒന്നാംവാർഡ്‌ പഞ്ചായത്തംഗം കൂടിയായ ബാബുജോൺ ആദ്യവസാനം ഒരു പ്രകൃതി സ്‌നേഹിയാണ്‌. 25 വർഷം മുമ്പ്‌ വീട്‌ നിർമാണസമയം മുതൽ അദ്ദേഹം അത്‌ പാലിച്ച്‌ പോകുന്നു.

babu john hari story

തറയോട്‌ പാകിയ വീട്ടിൽ ചുടുകട്ട കുത്തിനാട്ടി വായുസഞ്ചാരമുറപ്പാക്കിയാണ്‌ വീട്‌ നിർമാണം. കൂടുതൽ വെള്ളം ശേഖരിക്കുകയും, ഭൂമിയിൽ ജലാംശം കൂടുതൽ നിലനിർത്താനും കാറ്റിനുമായാണ്‌ മുളകൾ വച്ചുപിടിപ്പിച്ചത്‌. വള്ളിമുള, ഈറയിനത്തിൽപെട്ട ഈറ്റ തുടങ്ങി പത്തിനം മുളകളിൽ വയനാട്ടിൽ നിന്നുകൊണ്ടുവന്നയടക്കമുണ്ട്‌. മരങ്ങളുടെ ശിഖരങ്ങൾ വെട്ടാനും മറ്റും ബേബി ജോൺ തയ്യാറല്ല. അവയുടെ സ്വാഭാവിക വളർച്ച തടയണ്ടകാര്യമില്ലെന്നാണ്‌ അദ്ദേഹം പറയുന്നത്‌. പറമ്പിനാകട്ടെ മതിലും നിർമിച്ചിട്ടില്ല. മുറ്റം കെട്ടാനും മറ്റും സിമന്റ്‌ ഉപയോഗിക്കാനും അദ്ദേഹം തയ്യാറല്ല. വൈറലാകനോ വാർത്തയാകനോ അല്ല, മരങ്ങളുടെ ആവശ്യവും അത്‌ നൽകുന്ന ഗുണങ്ങളും പ്രകൃതിയോട്‌ മനുഷ്യന്‌ ഉണ്ടാകേണ്ട അടുപ്പവും മറ്റുള്ളവരിലും വളർത്താനാണ്‌ തന്റെ ശ്രമമെന്ന്‌ ഈ ജന പ്രതിനിധി പറയുന്നു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ മൾട്ടി കളർ പോസ്റ്ററോ ഫ്ളക്സ് ബോർഡുകളോ, ചുവരെഴുത്തുകളോ പ്രചാരണത്തിന്‌ ഉപയോഗിച്ചിരുന്നില്ല.


നഗ്‌നപാദനായി വോട്ട്‌ തേടി ആകെ പോള്‍ ചെയ്ത 966 ല്‍ 705 വോട്ടും നേടി അമ്പരിപ്പിക്കുന്ന വിജയമാണ് സ്വന്തമാക്കിയത്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറിയായും സേവനമനുഷ്‌ഠിച്ചു. എം ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ സെക്ഷൻ ഓഫീസറായി വിരമിച്ച ശേഷം എല്ലാവർഷവും ഹിമാലയൻ യാത്രകളും ചെയ്യാറുണ്ട്‌. ഈ യാത്രാവിവരണങ്ങൾ അഞ്ച്‌ പുസ്‌തകങ്ങളായി ഡിസി ബുക്‌സ്‌ പുറത്തിറക്കിയിട്ടുണ്ട്‌. ഭാര്യ സുമ ഫെഡറൽ ബാങ്ക്‌ ഉദ്യോഗസ്ഥയാണ്‌. മകൻ ശരത്ത്‌ ഐടിമേഖലയിൽ ജോലിചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home