ഗവർണർക്ക് ആർഎസ്എസ് ആണോ ഭരണഘടനയാണോ വലുത്: ബിനോയ് വിശ്വം

കണ്ണൂർ: ആർഎസ്എസ് ആണോ ഭരണഘടനയാണോ വലുതെന്ന് ഗവർണർ വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രാജ്‌ഭവനിലെ ചിത്രം മാറ്റില്ലെന്ന ഗവർണറുടെ കടുംപിടിത്തം ഭരണഘടനാ വിരുദ്ധമാണ്. അദ്ദേഹം ആ നിലപാടിൽ ഉറച്ചുനിൽക്കുന്നെങ്കിൽ അത് തെറ്റാണ്. ഭരണഘടനാമൂല്യങ്ങളെ തള്ളിക്കളയുന്ന നിലപാടിനോട് ഒരു ഇന്ത്യക്കാരനും യോജിക്കാനാവില്ല. രാജ് ഭവനെ ബിജെപിയുടെ ക്യാമ്പ് ഓഫീസാക്കി മാറ്റരുത്. ഭാരതമാതാവിന് ആർഎസ്എസ് കൽപ്പിക്കുന്ന മുഖഛായ വേണമെന്നും ശാഖയിൽ ഉയർത്തുന്ന കൊടി പിടിക്കണമെന്നും സിംഹാസനം സിംഹമാകണമെന്നുമുള്ള പിടിവാശി അംഗീകരിക്കാനാകില്ലെന്നും ബിനോയ് വിശ്വം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
കൃഷിവകുപ്പ് രാജ്‌ഭവനിൽ ഗവർണറെ മുഖ്യാതിഥിയാക്കി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണമാണ് ആർഎസ്‌എസ് പരിപാടിക്ക് സമാനമാക്കാൻ ശ്രമം നടന്നത്. ആർഎസ്‌എസ് ശാഖകളിൽ ഉപയോഗിക്കുന്ന ചിത്രം രാജ്‌ഭവൻ സെൻട്രൽ ഹാളിൽ വയ്‌ക്കുകയും അതിൽ പുഷ്‌പാർച്ചന നടത്താൻ ആവശ്യപ്പെടുകയുമായിരുന്നു. ചിത്രം മാറ്റാൻ ഗവർണറുടെ ഓഫീസ് തയ്യാറാകാത്തതോടെ കൃഷിവകുപ്പ് പരിപാടി സെക്രട്ടറിയറ്റ് ദർബാർ ഹാളിലേക്ക് മാറ്റി.
പരിസ്ഥിതി ദിനാചരണത്തിനുള്ള ഒരുക്കം വിലയിരുത്താൻ ബുധൻ വൈകിട്ട് രാജ്‌ഭവനിലെത്തിയപ്പോഴാണ് ചിത്രം കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരം കൃഷിമന്ത്രി പി പ്രസാദിനെ അറിയിച്ചു. തുടർന്ന് രാജ്‌ഭവനുമായി മന്ത്രി ബന്ധപ്പെട്ടു. സർക്കാർ പരിപാടിയിൽ മത, രാഷ്‌ട്രീയ പാർടിയുടെയോ ചിഹ്‌നങ്ങളോ ചിത്രങ്ങളോ വയ്‌ക്കാറില്ലെന്നും മാറ്റണമെന്നും ആവശ്യപ്പെട്ടു. രാജ്‌ഭവൻ തയ്യാറായില്ല. മന്ത്രി ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധപ്പെടുത്തി. തുടർന്ന് ചടങ്ങ് സെക്രട്ടറിയറ്റിലെ ദർബാർ ഹാളിലേക്ക് മാറ്റി. ദർബാർ ഹാളിൽ ദിനാചരണം കൃഷിമന്ത്രി ഉദ്‌ഘാടനംചെയ്‌തു. ഗവർണർ പങ്കെടുത്തില്ല. ആർഎസ്‌എസ് ആശയപ്രചാരകൻ ഗുരുമൂർത്തിയുടെ പ്രഭാഷണം നടത്തി നേരത്തെ രാജ്‌ഭവൻ വിവാദത്തിലായിരുന്നു.









0 comments