കെടിഎം വെഡ്ഡിങ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് തുടങ്ങി
രാജ്യത്തെ വെഡ്ഡിങ്, മൈസ് ടൂറിസം മേഖലയ്ക്ക് കേരളം മാതൃക: മന്ത്രി പി എ മുഹമ്മദ് റിയാസ്

കൊച്ചി
രാജ്യത്തെ വെഡ്ഡിങ്, മൈസ് ടൂറിസം മേഖലയ്ക്ക് കേരളം മാതൃകയാകുമെന്നും ലോകത്തിലെതന്നെ ഈ മേഖലയിലെ ഏറ്റവും പ്രധാന കേന്ദ്രമായി മാറാനുള്ള എല്ലാ ചേരുവകളും കേരളത്തിലുണ്ടെന്നും ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വന്‍ഷന്‍ സെന്ററില്‍ സംസ്ഥാന ടൂറിസംവകുപ്പിന്റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) സൊസൈറ്റി സംഘടിപ്പിക്കുന്ന
പ്രഥമ വെഡ്ഡിങ്, മൈസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരള ടൂറിസത്തിന്റെ തിളങ്ങുന്ന പുതിയൊരു മുഖമാണ് വെഡ്ഡിങ്, മൈസ് ടൂറിസം. പ്രകൃതിസൗന്ദര്യം, സാംസ്കാരിക സമ്പന്നത, മികച്ച അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ സമാനതകളില്ലാത്ത സംയോജനമാണ് കേരളം വാഗ്ദാനം ചെയ്യുന്നത്. ഉത്തരവാദിത്വ ടൂറിസത്തിലൂടെ പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തവുമുള്ളതിനാല്‍ മറ്റുസ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിന് ഈ മേഖലയില്‍ വന്‍ സാധ്യതയാണുള്ളതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള കേരളം ഇന്ത്യയിലെ മുന്തിയ വെഡ്ഡിങ്, മൈസ് ടൂറിസം ഹബ്ബാകാന്‍ സജ്ജമാണെന്ന പ്രഖ്യാപനംകൂടിയാണ് കോണ്‍ക്ലേവെന്ന് അധ്യക്ഷനായിരുന്ന വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. മികച്ച സാമൂഹ്യാന്തരീക്ഷം, ടൂറിസം വ്യവസായവുമൊത്ത് പ്രവര്‍ത്തിക്കാന്‍ പൂര്‍ണസജ്ജമായ സര്‍ക്കാര്‍, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, ക്രൂസ് ടൂറിസം, വാട്ടര്‍ മെട്രോ എന്നിവ സംസ്ഥാനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇനി കനാല്‍ മെട്രോയും വരികയാണ്.
ഇതിനായി സര്‍ക്കാര്‍ 3716.10 കോടി രൂപ അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ടൂറിസംവകുപ്പ് അഡി. സെക്രട്ടറി സുമന്‍ ബില്ല മുഖ്യപ്രഭാഷണം നടത്തി. മേയര്‍ എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, ടൂറിസം സെക്രട്ടറി കെ ബിജു, കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, അഡി. ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ്, കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥന്‍, മുന്‍ പ്രസിഡന്റുമാരായ ജോസ് ഡോമനിക്, ഇ എം നജീബ്, റിയാസ് അഹമ്മദ്, എബ്രഹാം ജോര്‍ജ്, ബേബി മാത്യു തുടങ്ങിയവരും പങ്കെടുത്തു.
വെള്ളി, ശനി ദിവസങ്ങളില്‍ ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളും സെമിനാറുകളും നടക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഏഴുന്നൂറോളം ബയറര്‍മാര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. കെടിഡിസി, കേരള ടൂറിസം, കേന്ദ്ര ടൂറിസം മന്ത്രാലയം എന്നിവയുടെയടക്കം നൂറോളം സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ട്.









0 comments