മലയോരംമുതല്‍ കടല്‍ത്തീരംവരെ ; കേരളത്തിന്റെ വ്യത്യസ്ത ചിത്രവുമായി കെടിഎം കോണ്‍ക്ലേവ്

കെടിഎം സൊസൈറ്റി സംഘടിപ്പിക്കുന്ന വെഡ്ഡിങ് ആന്‍ഡ് മൈസ് കോണ്‍ക്ലേവിലെ പ്രദര്‍ശനം കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുമായി സംസ്ഥാന വിനോദസഞ്ചാര മേഖലയുടെ വ്യത്യസ്തചിത്രം അവതരിപ്പിച്ച് പ്രഥമ വെഡ്ഡിങ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) സൊസൈറ്റി കൊച്ചി ലേ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ പുതിയകാലത്തെ വിവാഹ ആഘോഷങ്ങളും കണ്‍വന്‍ഷനുകളും കോണ്‍ഫറന്‍സുകളുംമുതല്‍ ചെറിയ ജന്മദിനാഘോഷങ്ങള്‍വരെ അവിസ്മരണീയമാക്കാനുള്ള സാധ്യതകളാണ് നിരത്തുന്നത്.
നൂറോളം പ്രദര്‍ശന സ്റ്റാളുണ്ട്. സംസ്ഥാനത്തെ വന്‍കിട ഹോട്ടലുകള്‍, ആഡംബര റിസോര്‍ട്ടുകള്‍, കണ്‍വന്‍ഷന്‍ സെന്റര്‍ തുടങ്ങിയ മേഖലകളിലുള്ളവരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുള്ള സംസ്ഥാനം എന്ന നേട്ടം കൈവരിച്ച കേരളം ആഘോഷങ്ങള്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍, പശ്ചാത്തലം, നവീന ആശയങ്ങള്‍ എന്നിവയെല്ലാം ഇവിടെ പങ്കുവയ്ക്കുന്നു.
രാജ്യത്തുനിന്നും യുഎഇ, യുകെ, ജര്‍മനി, റുമേനിയ, കാനഡ, യുഎസ്എ, ബ്രസീല്‍ തുടങ്ങി 25 ഓളം വിദേശരാജ്യങ്ങളില്‍നിന്നും പ്രതിനിധികളുണ്ട്. കായല്‍ക്കാഴ്ചകളും കടല്‍ത്തീരങ്ങളും മലകളും കോര്‍ത്തിണക്കി വിവാഹം വേറിട്ട അനുഭവമാക്കാനുള്ള അവസരം കേരളം ഇവിടെ വാഗ്ദാനം ചെയ്യുന്നു. വിവാഹച്ചടങ്ങുകളിലെ പുതിയ പ്രവണതകള്‍, ആഘോഷങ്ങള്‍ കൂടുതല്‍ മികച്ചതാക്കാനുള്ള സാങ്കേതികവിദ്യകള്‍, ലോജിസ്റ്റിക്സ് സൗകര്യങ്ങള്‍ തുടങ്ങിയവയുടെ അവതരണവും പ്രദര്‍ശനത്തെ വ്യത്യസ്തമാക്കുന്നു.
കേരളത്തിന്റെ പരമ്പരാഗത ചടങ്ങുകളുമായി വിവാഹം ഒരുക്കണമെന്ന് ഉത്തരേന്ത്യക്കാര്‍ക്കൊപ്പം വിദേശികളും ആവശ്യപ്പെടുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു. ചടങ്ങുകള്‍ക്കായി ദിവസങ്ങളോളം ഹോട്ടലുകള്‍ ബുക്ക് ചെയ്യാനുള്ള താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ളതിനാല്‍ ആവശ്യത്തിനനുസരിച്ച് കേരളത്തിലെ ഏതു പ്രദേശത്തും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായി വേദിയൊരുക്കാനാകുമെന്ന് വെഡ്ഡിങ് പ്ലാനര്‍മാര്‍ അവകാശപ്പെടുന്നു. കോണ്‍ക്ലേവ് ശനിയാഴ്ച സമാപിക്കും.
വെഡ്ഡിങ്, മൈസ് ടൂറിസം വികസനം: സുസ്ഥിരവികസനവും ഉത്തരവാദിത്വ ടൂറിസവും അടിസ്ഥാനമാക്കണം
കേരളത്തിന്റെ സുസ്ഥിരവികസനവും ഉത്തരവാദിത്വ ടൂറിസവും അടിസ്ഥാനമാക്കി വെഡ്ഡിങ്, മൈസ് ടൂറിസം മേഖല വളര്‍ത്തിയെടുക്കണമെന്നും സംസ്ഥാന സര്‍ക്കാരും ടൂറിസം വ്യവസായികളുംചേര്‍ന്ന് വാർഷിക മൈസ് കലണ്ടര്‍ തയ്യാറാക്കണമെന്നും കെടിഎം വെഡ്ഡിങ്, മൈസ് ടൂറിസം കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
പരമ്പരാഗത ടൂറിസം അടിസ്ഥാന സൗകര്യങ്ങളില്‍നിന്ന് മാറി, മൈസ് ടൂറിസത്തിന് പ്രത്യേകമായ ഒരുക്കങ്ങള്‍ വേണമെന്നും ഇതിനായി പ്രത്യേക മനുഷ്യവിഭവശേഷിയെ പരിശീലിപ്പിക്കണമെന്നും കേന്ദ്ര ടൂറിസം വകുപ്പ് ദക്ഷിണ മേഖലാ ഡയറക്ടര്‍ ഡി വെങ്കിടേശ് പറഞ്ഞു.
മൈസ് ഓണ്‍ലൈന്‍ സ്ഥാപക തനൂജ പാണ്ഡേ മോഡറേറ്ററായി. സെമിനാര്‍ കമ്മിറ്റി ചെയര്‍മാന്‍ റിയാസ് അഹമ്മദ്, വൈസ് ചെയര്‍മാന്‍ നിര്‍മല ലില്ലി, സ്റ്റിമുലസ് ഹോസ്പിറ്റാലിറ്റി ഡയറക്ടര്‍ മുകേഷ് മഖിജാനി, തെലങ്കാന ചേംബര്‍ ഇവന്റ്സ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ബല്‍റാം ബാബു, എന്റർടെയിൻമെന്റ് മാനേജ്മെന്റ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സാഗര്‍ പിംഗളി എന്നിവരും സംസാരിച്ചു.
ഹെറിറ്റേജ് ഹോട്ടലുകളും ഹോംസ്റ്റേകളുമായി കേരള ടൂറിസം
ചങ്ങനാശേരി കോഹിനൂര്‍ ഗ്യാരേജില്‍നിന്നെത്തിയ 95 വര്‍ഷം പഴക്കമുള്ള ബ്യൂഫോഡ് കാറാണ് കേരള ടൂറിസത്തിന്റെ സ്റ്റാളിലെ ശ്രദ്ധാകേന്ദ്രം. കാറിനൊപ്പം ചിത്രമെടുക്കാന്‍ വിദേശികളും സ്വദേശികളും തിരക്കുകൂട്ടുന്നു. കേരളത്തിലെ ഏറ്റവും മികച്ച ഹെറിറ്റേജ് ഹോട്ടലുകളും ഹോംസ്റ്റേകളും വിനോദസഞ്ചാരമേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുന്ന അടിസ്ഥാന സൗകര്യങ്ങളും പിന്തുണയുമാണ് കേരള ടൂറിസം ഇവിടെ അവതരിപ്പിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പ് അംഗീകരിച്ച ഹോംസ്‌റ്റേകളുടെയും സര്‍വീസ്ഡ് വില്ലകളുടെയും താമസസൗകര്യമൊരുക്കിയിരിക്കുന്ന 50 വര്‍ഷത്തിലേറെ പഴക്കമുള്ള വീടുകളുടെയും പൂര്‍ണവിവരങ്ങള്‍ ഇവിടെ ലഭ്യമാക്കുന്നു.
കെടിഡിസി സ്റ്റാളില്‍ ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടാണ് ഒരു ‘പ്രൈം ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് പ്രോപ്പര്‍ട്ടി'യായി അവതരിപ്പിച്ചിരിക്കുന്നത്. ബീച്ചിന് അഭിമുഖമായുള്ള കോവളം സമുദ്ര, കായല്‍പ്പരപ്പിന്റെ സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന കുമരകത്തെ വാട്ടര്‍സ്‌കേപ്‌സ്, കുമരകം ഗേറ്റ് വേ, മൂന്നാര്‍ ടീ കൗണ്ടി എന്നിവയുടെ വിവരങ്ങള്‍തേടിയും ഇവിടെ എത്തുന്നവരേറെ.









0 comments