കെഎസ്‌ആർടിസിയിൽ ആദ്യമായി എഡിഇ തസ്‌തികയിൽ വനിത
"ഞങ്ങൾക്കും ഇഷ്‌ടം പോലെ അവസരങ്ങൾ'


സ്വാതി സുജാത
Published on Jul 26, 2025, 03:10 PM | 1 min read
തിരുവനന്തപുരം : "ഗോഡ്‌ഫാദർ' സിനിമയിൽ "സ്ത്രീകൾക്ക് പ്രവേശനമില്ല' എന്ന ബോർഡുവച്ച അഞ്ഞൂറാന്റെ വീടുപോലെയാണ് എൻജിനിയറിങ് കോളേജുകളിലെ മെക്കാനിക്കൽ ക്ലാസ് മുറികൾ. ഇത് പ്രമേയമാക്കി "ക്വീൻ' സിനിമ ഇറങ്ങിയതോടെ മെക്കാനിക്കിൽ പെൺകുട്ടികളെത്തുന്നത് ട്രെൻഡായി. വീണ്ടും സ്ഥിതി പഴയപടി. മെക്കാനിക്കൽ പഠിക്കാൻ പെൺകുട്ടികളെ പിന്നിലേക്ക് വലിക്കുന്നത് എന്തെന്ന് വ്യക്തമല്ല. മെക്കാനിക്കൽ എന്നുകേൾക്കുമ്പോൾ കരിയും ഗ്രീസും പുകയും അലറുന്ന യന്ത്രഭാഗങ്ങളും എന്ന മുൻവിധി പലർക്കുമുണ്ട്.
ശാരീരികാധ്വാനം കൂടുതലുള്ള, സുരക്ഷയില്ലാത്ത മേഖലയെന്ന തെറ്റിദ്ധാരണയും. അല്ലെങ്കിൽ ജോലി സംബന്ധിച്ച ആശങ്കകൾ, പിന്തള്ളപ്പെടുമോ എന്ന പേടി, ഇതൊക്കെ കാരണങ്ങളാകാം.
കെഎസ്ആര്‍ടിസി അസി.ഡിപ്പോ എൻജിനിയർ തസ്‌തികയിൽ താൽകാലിക നിയമനം ലഭിച്ച കണ്ണൂർ ധർമടം സ്വദേശി ഒ പി ബെൻസി ചരിത്രം കുറിക്കുകയാണ്. ഞങ്ങൾക്കും അവസരങ്ങൾ ഇഷ്‌ടംപോലെ ഉണ്ടെന്ന് തെളിയിച്ചുകൊണ്ട്. കെഎസ്‌ആർടിസിയിൽ ആദ്യമായാണ് എഡിഇ തസ്‌തികയിൽ വനിതാ നിയമനം നടക്കുന്നത്.
എല്ലാ മേഖലയിലും സ്‌ത്രീ പ്രാതിനിധ്യം എന്ന സർക്കാരിന്റെയും നിലപാടിലാണ്. സ്‌ത്രീകൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ഏത് മേഖലയിലും അവസരം ലഭിക്കുമെന്ന് അനുഭവത്തിലൂടെ പറയുകയാണ് ഈ മുപ്പതുകാരി. ഇപ്പോൾ ചങ്ങനാശേരി ഡിപ്പോയിലാണ് ബെൻസി.
കുട്ടിക്കാലത്ത് സഹോദരൻ ജിഷിനും തനിക്കുമുള്ള കളിപ്പാട്ടങ്ങൾ ഒന്നുതന്നെയായിരുന്നു. ബസും കാറും വിമാനവുമൊക്കെയായിരുന്നു അധികവും. അന്ന് മുതൽ വാഹനങ്ങളോടായി ഇഷ്‌ടം. കൂടുതല്‍ ബസിനോടും. അങ്ങനെ മെക്കാനിക്കൽ എൻജിനിയറായി. സ്വിഫ്‌റ്റ് സൂപ്പർ ഫാസ്റ്റിൽ ഡ്രൈവറായി ട്രെയിനിങ്ങിടെ ഈ തസ്‌തികയെക്കുറിച്ച് അറിഞ്ഞത്. പിന്നീട് അപേക്ഷിച്ചു.
9 പേരിൽ ഒരാൾ ഞാനായി. നിയമന കാലാവധി കഴിഞ്ഞാലും മെക്കാനിക്കൽ മേഖലയിൽ തുടരാനാണ് ആഗ്രഹമെന്ന് റൈഡർ കൂടിയായ ബെൻസി പറഞ്ഞു. അമ്മ: പ്രവീണ. ഭർത്താവ്: റജിൻ (സവാരി ട്രാവൽമേറ്റ്, ടൂർ മാനേജർ). സഹോദരൻ: ജിഷിൻ ബിജോയ്.









0 comments