യുദ്ധം തീരുമോ; സമാധാന പദ്ധതി സ്വാഗതം ചെയ്ത് പുടിൻ, ഇടഞ്ഞ് സെലൻസ്കി

മോസ്കോ: ഉക്രെയ്‌നിലെ നാല് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിർദ്ദേശങ്ങളെ സ്വാഗതം ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.
പദ്ധതിയുടെ പുതിയ പതിപ്പ് ജാഗ്രതയോടെ സ്വാഗതം ചെയ്യുന്നു. ഇത് "ഒരു അന്തിമ സമാധാന പരിഹാരത്തിന് അടിസ്ഥാനമാക്കും" എന്ന് പുടിൻ പ്രതികരിച്ചു.
പദ്ധതിക്ക് മേൽ ഇതുവരെ ഉക്രേനിയൻ പക്ഷത്തിന്റെ സമ്മതം നേടാൻ കഴിഞ്ഞിട്ടില്ല. "റഷ്യയുടെ അധിനിവേശത്തെ പരാജയപ്പെടുത്താനുള്ള നാല് വർഷത്തെ പോരാട്ടത്തിൽ തന്റെ രാജ്യം ഒരു നിർണായക ഘട്ടത്തിലാണ്. നേതാക്കൾ യുഎസ് സമാധാന നിർദ്ദേശം ചർച്ച ചെയ്യുമ്പോൾ ഉക്രേനിയക്കാർക്ക് അവരുടെ പരമാധികാര അവകാശങ്ങൾക്കായി നിലകൊള്ളാനോ അമേരിക്കൻ പിന്തുണ നഷ്ടപ്പെടാനോ ഉള്ള സാധ്യതയാണുള്ളതെന്ന്" ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി ഒരു പ്രസംഗത്തിനിടെ വ്യാഴാഴ്ച ആവർത്തിച്ചിരുന്നു.
പുടിന്റെ ദീർഘകാല ആവശ്യങ്ങളിൽ പലതും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച 28 പോയിന്റ് പദ്ധതിയിൽ ഉൾപ്പെടുന്നു. അതേസമയം ഉക്രെയ്നിന് പരിമിതമായ സുരക്ഷാ ഗ്യാരണ്ടികൾ വാഗ്ദാനം ചെയ്യുന്നു എന്നാണ് വിമർശനം. ഉക്രെയ്ൻ പ്രദേശങ്ങൾ റഷ്യയ്ക്ക് കൈമാറുന്നത് ഉപാധികളിലുണ്ട്.
ഇത് ഉക്രൈന്റെ സൈന്യത്തിന്റെ വലുപ്പം കുറയ്ക്കുകയും നാറ്റോ അംഗത്വത്തിലേക്കുള്ള പ്രവേശനം തടയുകയും ചെയ്യുമെന്ന ആശങ്ക വെല്ലുവിളിയായി തുടരുന്നു.
എന്നാൽ വാഷിംഗ്ടണുമായി ക്രിയാത്മക ചർച്ചകൾ നടത്തുമെന്ന് സെലെൻസ്‌കി പ്രതികരിച്ചു. സമാധാന നിർദ്ദേശത്തെക്കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായും ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോളുമായും വെള്ളിയാഴ്ച ഒരു മണിക്കൂറോളം സംസാരിച്ചതായും പറഞ്ഞു.
ജർമ്മനി, ഫ്രാൻസ്, യു കെ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി സെലെൻസ്‌കി നേരത്തെ ഫോണിൽ സംസാരിച്ചിരുന്നു. അവർ അദ്ദേഹത്തിന് തുടർ പിന്തുണ ഉറപ്പ് നൽകിയതായാണ് റിപ്പോർടുകൾ.
ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ എന്നിവർ ഉക്രെയ്ൻ നിലപാടുകളെ പിന്തുണച്ച് രംഗത്ത് എത്തി.
ഉക്രെയ്‌നിന്റെ പോരാട്ടത്തിൽ യൂറോപ്യൻ രാജ്യങ്ങൾ സ്വന്തം രാജ്യ സുരക്ഷ കൂടി പരിഗണിക്കുന്നുണ്ട്. ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം യൂറോപ്പിന്റെ നിലനിൽപ്പ് ഭീഷണി കൂടി ഉൾപ്പെടുന്നതാണെന്നാണ് യുദ്ധ തന്ത്രജ്ഞരുടെ വിലയിരുത്തൽ. ഈ യുദ്ധം അവസാനിപ്പിക്കണമെന്ന് നമുക്കെല്ലാവർക്കും ആഗ്രഹമുണ്ട്. പക്ഷേ അത് എങ്ങനെ അവസാനിക്കുന്നു എന്നത് പ്രധാനമാണ്," യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ് പറഞ്ഞു.
യുഎസ് പദ്ധതികൾ ശരിയല്ലെന്ന് ഒരു ഉന്നത യൂറോപ്യൻ സർക്കാർ ഉദ്യോഗസ്ഥൻ പ്രതികരിച്ചത് വിവാദമായിരുന്നു. യുഎസ് നിർദ്ദേശം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവും പ്രതികരിച്ചു.







0 comments