ട്രെയിനിന്റെ എ സി കംപാർട്മെന്റിൽ നൂഡിൽസ് പാചകം ചെയ്ത് യാത്രക്കാരി; വീഡിയോ: വ്യാപക വിമർശനം

cooking on train
വെബ് ഡെസ്ക്

Published on Nov 22, 2025, 11:16 AM | 1 min read

മുംബൈ : ട്രെയിനിന്റെ എസി കമ്പാർട്മെന്റിൽ പാചകം ചെയ്യുന്ന യാത്രക്കാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മഹാരാഷ്ട്ര സ്വദേശിനിയാണ് യാത്രയ്ക്കിടെ ട്രെയിനിൽ ഇലക്ട്രിക് കെറ്റിലിൽ നൂഡിൽസ് പാചകം ചെയ്തത്. ട്രെയിനിലെ ബോ​ഗികളിലുള്ള ചാർജിങ് പോയിന്റിൽ കെറ്റിൽ ചാർജ് ചെയ്തായിരുന്നു പാചകം. വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് ഉയർന്നത്.


സുരക്ഷയ്ക്ക് ​ഗുരുതര ഭീഷണിയായ പ്രവർത്തിയാണ് യാത്രക്കാരി ചെയ്തതെന്നാണ് വിമർശനം. എസി കംപാർട്ട്മെന്റിൽ ഇത്തരമൊരു സംഭവമുണ്ടായിട്ടും നടപടിയെടുക്കാഞ്ഞ റെയിൽവെയുടെ അനാസ്ഥയ്ക്കെതിരെയും വ്യാപക വിമർശനമുണ്ടായി. വിമർശനം ശക്തമായതോടെ നടപടിയെടുക്കുമെന്ന് പറഞ്ഞ് റെയിൽവേ രം​ഗത്തെത്തി.





ഏത് ട്രെയിനിലാണ് ഇവർ യാത്ര ചെയ്തതെന്ന് വ്യക്തമല്ല. മറാത്തി ഭാഷയിലാണ് യാത്രക്കാരി സംസാരിക്കുന്നത്. സഹയാത്രിക്കാർക്കായി പ്രഭാത ഭക്ഷണം പാചകം ചെയ്യുകയാണെന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. നൂഡിൽസിനു പുറമെ കമ്പാർട്മെന്റിലുണ്ടായിരുന്ന പതിനഞ്ചോളം യാത്രക്കാർക്കായി കെറ്റിലിൽ തന്നെ ഇവർ ചായയും ഉണ്ടാക്കി. വീഡിയോ ഓൺലൈനിൽ വൻ പ്രതിഷേധത്തിന് കാരണമായി.


മറ്റ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ പെരുമാറിയതിന് വ്യാപക വിമർശനമാണ് ഉയരുന്നത്. ട്രെയിനുകളിൽ നൽകിയിരിക്കുന്ന സോക്കറ്റുകൾ ഫോൺ ചാർജ് ചെയ്യാനടക്കമുള്ളവയ്ക്കും കുറഞ്ഞ പവർ ഉപകരണങ്ങൾക്കുള്ളതാണെന്നും ഇലക്ട്രിക് കെറ്റിലുകൾ പോലുള്ള ഉപകരണങ്ങൾക്കുള്ളതല്ലെന്നും ഇത് അപകടങ്ങളുണ്ടാക്കുമെന്നും ആളുകൾ വ്യക്തമാക്കുന്നു.





സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ സെൻട്രൽ റെയിൽവേ, ട്രെയിനുകളിൽ ഇലക്ട്രിക് കെറ്റിലുകൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന പ്രസ്താവനയുമായി രം​ഗത്തെത്തി. വീഡിയോയിലുള്ള വ്യക്തിക്കുമെതിരെ നടപടി സ്വീകരിച്ചുവരികയാണെന്നും സെൻട്രൽ റെയിൽവേ ട്വീറ്റിൽ പറഞ്ഞു.


ട്രെയിനിനുള്ളിൽ ഇലക്ട്രിക് കെറ്റിൽ പോലുള്ളവ ഉപയോ​ഗിക്കുന്നത് തീപിടിത്തത്തിന് കാരണമാകും. വൈദ്യുതി വിതരണം തടസപ്പെടാനും ട്രെയിനിലെ എസിയുടെയും മറ്റ് ഇലക്ട്രോണിക് പോർട്ടുകളുടെയും തകരാറിനും ഇത് കാരണമായേക്കാമെന്നും റെയിൽവേ ട്വീറ്റിൽ പറയുന്നു. ട്രെയിനുകളിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ മറ്റു യാത്രക്കാർ അധികൃതരെ അറിയിക്കണമെന്നും റെയിൽവേ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Home