ടെണ്ടർ നടപടികളും പൂർത്തിയായി
ഇനി നിർമ്മാണം തുടങ്ങാം: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതിയായി

kozhikode wayanad tunnel road
കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് സമാന്തരമായി നിർമിക്കുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ നിർമാണത്തിന് പാരിസ്ഥിതിക അനുമതിയായി. സ്‌റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് കമ്മിറ്റി സോപാധിക അനുമതി ശുപാർശ ചെയ്തു. ഇനി രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ കരാറെടുത്ത കമ്പനിക്ക് വർക്ക് ഓർഡർ നൽകി നിർമാണമാരംഭിക്കാൻ കഴിയും. സ്ഥലമെടുപ്പ് നടപടികൾ 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണവസ്തുക്കളുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലം കണ്ടെത്തുന്നത് പോലുള്ള നടപടികൾ മാത്രമാണ് ബാക്കിയുള്ളത്.
കൽപ്പറ്റ വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനും കേരളത്തിന്റെ കാർഷിക–-വ്യാപാര–-ടൂറിസം മേഖലകളുടെ കുതിച്ചുചാട്ടത്തിനും വഴിയൊരുക്കുന്ന വയനാട് തുരങ്കപാതയ്‌ക്ക് സംസ്ഥാന ബജറ്റിൽ 2134.50 കോടി രൂപയാണ് വകയിരുത്തിയത്. പദ്ധതി കഴിഞ്ഞ സെപ്‌തംബറിൽ ടെൻഡറായതാണ്. ഭോപാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽഡ്‌കോൺ കമ്പനിയാണ് കരാർ എടുത്തിട്ടുള്ളത്. ഇരുവഴിഞ്ഞിപ്പുഴയ്‌ക്ക് കുറുകെ നിർമിക്കുന്ന പാലങ്ങളുടെയും അപ്രോച്ച് റോഡിന്റെയും ടെൻഡറും ആയി. കൊൽക്കത്ത ആസ്ഥാനമായുള്ള റോയൽ ഇൻഫ്ര കൺസ്‌ട്രക്ഷൻ കമ്പനിയുമായാണ് ഈ കരാർ. കൊങ്കൺ റെയിൽവേ ആണ് നിർമാണ ഏജൻസി (എസ്‌പിവി). കേന്ദ്രാനുമതി നേരത്തെ ലഭിച്ചതാണ്.
തുരങ്കത്തിലൂടെ നാലുവരി പാത
ഇരട്ട തുരങ്കങ്ങളായാണ് നിർമാണം നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. 8.11 കിലോമീറ്ററാണ് തുരങ്കത്തിന്റെ ദൈർഘ്യം. ടണൽ വെന്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്‌റ്റം, ടെലിഫോൺ സിസ്‌റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്‌റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും. അമിത ഉയരമുള്ള വാഹനങ്ങൾ കണ്ടെത്തി സിഗ്‌നൽ നൽകും.
ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകൾ ഉണ്ടാകും. ഇരുവഴിഞ്ഞിപ്പുഴയിൽ പാലങ്ങൾക്കും കലുങ്കുകൾക്കും പുറമേ അടിപ്പാതയും സർവീസ് റോഡുമുണ്ട്.
പാരിസ്ഥിതിക നിബന്ധനകൾ ഇവ
തുരങ്കപാത നിർമാണം പരിസ്ഥിതിലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് നിർമാണം നടത്തണം. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷ്മ സ്കെയിൽ മാപ്പിങ് നടത്തുകയും നിരീക്ഷിക്കുകയും ചെയ്യണം എന്നും സ്‌റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് കമ്മിറ്റി നിബന്ധനകൾ വെച്ചു. ടണൽ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നൽകുന്നതിന് കാലാവസ്ഥാനിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കുകയും വേണം.
ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ് രീതികൾ തിരഞ്ഞെടുക്കുക, കളക്ടർ ശുപാർശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്‌ധസമിതി രൂപവത്‌കരിക്കുക, അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പൻ’ പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിർമാണത്തിലേർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക എന്നീ നിബന്ധനകളും മുന്നോട്ട് വെച്ചു.
ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ ആയിരിക്കണം നിർമാണം. ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുകയും വേണം. ഈ
വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓരോ ആറുമാസവും യോഗം ചേർന്ന് റിപ്പോർട്ട് നൽകണം. അനുമതി ഉറപ്പാക്കാൻ ഫെബ്രുവരി 27 ന് മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചിരുന്നു.
നാല് വർഷമാണ് നിർമ്മാണ കരാർ. പൂർത്തിയാവുന്നതോടെ വയനാട് കോഴിക്കോട് പാതയിൽ 22 കിലോ മീറ്ററിന്റെ കുറവ് വരും. താമരശേരി ചുരത്തിന് ബദലായി കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ -സ്വർഗം കുന്ന്- മുതൽ വയനാട് ജില്ലയിലെ കള്ളാടി വരെ എത്തുന്നതാണ് തുരങ്കം. നിലവിൽ താമരശേരി ചുരം ഒമ്പത് ഹെയർപിൻ വളവുകളോടു കൂടിയ 12 കിലോ മീറ്റർ പാതയാണ്.
തുരങ്കത്തിലേക്കുള്ള അനുബന്ധപാത സംസ്ഥാന പാതയായി പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ജനുവരി 30ലെ ഗസറ്റ് വിജ്ഞാപനം പ്രകാരം ഈ റോഡ് എസ്.എച്ച് 83 ആയിട്ട് സർക്കാർ ഉത്തരവായി. 17.263 ഹെക്ടർ വന ഭൂമിക്കുള്ള സ്റ്റേജ്-ഒന്നിന് വനംവകുപ്പിന്റെ ക്ലിയറൻസ് ബാംഗ്ലൂർ റീജിയണൽ ഓഫീസിൽ നിന്ന് 2023 മാർച്ച് 31ന് ലഭിച്ചു.
12 മാസത്തെ സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനം 2023 ജൂലൈ 31 ന് പൂർത്തിയാക്കി. സംസാഥാന പാരിസ്ഥിതിക അപ്രൈസൽ കമ്മിറ്റി നോമിനേറ്റഡ് കമ്മിറ്റി 2024 മെയ് 22 ന് നിർദിഷ്ട ടണൽ സൈറ്റ് പരിശോധിച്ചു.ടെൻഡർ വിജ്ഞാപനം രണ്ട് പാക്കേജ് ആയി പുറപ്പെടുവിക്കയുമുണ്ടായി.







0 comments