2134.5 കോടി രൂപ ചെലവിൽ നാല് വരിയായാണ് നിർമാണം
നാടിന്റെ നാഴികക്കല്ല് ; തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം

സുജിത് ബേബി
Published on Sep 01, 2025, 02:21 AM | 1 min read
ആനക്കാംപൊയിൽ (കോഴിക്കോട്)
കാടിനോടും കാട്ടുമൃഗങ്ങളോടും പട്ടിണിയോടും പടവെട്ടി മലമ്പനിയെ തോൽപ്പിച്ച് മലമുകളിൽ ജീവിതം നട്ടുനനച്ച മനുഷ്യർക്കായി ഇതാ പുതിയ വികസനപ്പാത. വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാതയ്‌ക്ക്, ആഘോഷാരവങ്ങൾ നിറഞ്ഞ സായാഹ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിട്ടു. ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ നാട്ടുകാർ ഒഴുകിയെത്തി.
മലയോര ജനതയുടെ ചിരകാല സ്വപ്‌നമായിരുന്ന തുരങ്കപാത പ്രവൃത്തിപഥത്തിലേക്ക് കടന്നിരിക്കുന്നു. വയനാട് ഭാഗത്തുനിന്നുള്ള നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. ടണൽ റോഡിലേക്കുള്ള പ്രധാന പാതയുടെ പ്രവൃത്തിയും ആരംഭിച്ചു.
കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമാകുന്നതിനൊപ്പം ടൂറിസം മേഖലയിൽ അനന്തമായ സാധ്യതകൾക്കും വഴിതുറക്കും. കിഫ്‌ബി പദ്ധതിയിൽ 2134.5 കോടി രൂപ ചെലവിൽ നാലുവരിയായാണ് നിർമാണം. നിർവഹണ ഏജൻസി കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ്. വയനാട്ടിൽ 5.58 കിലോമീറ്ററും കോഴിക്കോട് 3.15 കിലോമീറ്ററുമായി 8.73 കിലോമീറ്ററാണ് ദൈർഘ്യം. ഇതിൽ 8.1 കിലോമീറ്റർ ഇരട്ട ടണൽ.
ഞായർ വൈകിട്ട് നാലിന് മലയോര ഗ്രാമമായ ആനക്കാംപൊയിലിലെ സെന്റ് മേരീസ് യുപി സ്‌കൂൾ മൈതാനത്ത് ആയിരങ്ങളെ സാക്ഷിനിർത്തി ഉത്സവാന്തരീക്ഷത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ കല്ലിട്ടത്. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ഒ ആർ കേളു, എ കെ ശശീന്ദ്രൻ, എംഎൽഎമാരായ ലിന്റോ ജോസഫ്, പി ടി എ റഹീം, ടി സിദ്ദിഖ് എംഎൽഎ, താമരശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ എന്നിവർ സംസാരിച്ചു. വയനാട് എംപി പ്രിയങ്ക ഗാന്ധി എത്തി യില്ല.









0 comments