കേരളത്തിന്റെ സുസ്ഥിര വികസനമാതൃകയുടെ തെളിവ്‌: മുഖ്യമന്ത്രി

ആവേശപ്പെരുമഴ ; ഇതുവരെ കാണാത്ത ജനസഞ്ചയം

Wayanad Tunnel Road
avatar
പി ചന്ദ്രബാബു

Published on Sep 01, 2025, 02:00 AM | 2 min read


ആനക്കാംപൊയിൽ (കോഴിക്കോട്‌)

തുള്ളിക്കൊരുകുടം പെയ്തുവീഴുന്ന മഴത്തുള്ളികൾ ഒത്തുചേർന്നൊരു ചാലായി മലമുകളിൽനിന്ന്‌ കുതിച്ചിറങ്ങുംപോലെ ഇരുനാടുകൾ ഒരു ഗ്രാമത്തിലേക്ക്‌ ഒഴുകിയെത്തി. ഇതുവരെ കാണാത്ത ജനസഞ്ചയം ആനക്കാംപൊയിൽ സെന്റ്‌ മേരീസ്‌ യുപി സ്കൂൾ മൈതാനത്ത്‌ തടിച്ചുകൂടി. നാടിനെ സാക്ഷിനിർത്തി കേരളത്തിന്റെ വികസന നായകൻ മുഖ്യമന്ത്രി പിണറായി വിജയൻ അവരുടെ സ്വപ്നപദ്ധതിക്ക്‌ കല്ലിട്ടു.


പതിറ്റാണ്ട്‌ പഴക്കമുള്ള സ്വപ്നം സാക്ഷാല്‍ക്കരിക്കുന്ന അസുലഭ വേളയെ മലയോരജനത ആഘോഷമാക്കി. കനത്തുപെയ്ത മഴയെ അവഗണിച്ചാണ്‌ അവർ ചടങ്ങിന്‌ സാക്ഷിയാകാനും ജനനായകരെ വരവേൽക്കാനും എത്തിയത്‌. സ്കൂൾ മൈതാനം നിറഞ്ഞ്‌ നിർമിച്ച പന്തലിന്‌ ഉൾക്കൊള്ളാൻ കഴിയാവുന്നതിലും വലുതായിരുന്നു ജനസഞ്ചയം. തങ്ങളുടെ നാട്ടിലേക്ക്‌ തുറക്കുന്ന പുതുപാതയെ വരവേൽക്കാൻ വയനാട്ടിൽനിന്ന്‌ ചുരമിറങ്ങിയും ജനമെത്തി. നൂറുകണക്കിനാളുകളാണ്‌ വയനാട്ടിൽനിന്ന്‌ ചടങ്ങിന്‌ സാക്ഷിയാകാൻ എത്തിയത്‌.

ഞായർ ഉച്ചമുതൽ എല്ലാവഴികളും ആനക്കാംപൊയിലിലെ സ്കൂൾ മൈതാനത്തെ ലക്ഷ്യമിട്ടായിരുന്നു നീങ്ങിയത്‌. ഇടയ്ക്കുപെയ്ത മഴ മനുഷ്യരുടെ ആവേശത്തിനുമുന്നിൽ തോറ്റുപോയി.


ആനക്കാംപൊയിലിൽനിന്നാരംഭിച്ച ഘോഷയാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ്‌ സ്കൂൾ മൈതാനത്തേക്ക് എത്തിയത്‌. മഴയിലും ചോരാത്ത ആവേശമായി മന്ത്രി പി എ മുഹമ്മദ്‌ റിയാസും എംഎൽഎമാരായ ലിന്റോ ജോസഫും ടി സിദ്ദിഖും തുറന്ന വാഹനത്തിൽ ജനങ്ങളുടെ അഭിവാദ്യം സ്വ‍ീകരിച്ചു. നൂറുകണക്കിനാളുകൾ ആഘോഷപൂർവം ഘോഷയാത്രയെ അനുഗമിച്ചു.


ഉദ്ഘാടന സമ്മേളനത്തിൽ എംഎൽഎമാരായ ലിന്റോ ജോസഫ്‌, ടി സിദ്ദിഖ്‌, പി ടി എ റഹീം, കെആർസിഎൽ ഡെപ്യൂട്ടി സിഇ ബിരേന്ദ്രകുമാർ, ജോർജ്‌ എം തോമസ്‌, സി കെ ശശീന്ദ്രൻ, കലക്ടർ സ്നേഹിൽകുമാർ സിങ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി, താമരശേരി രൂപതാ ബിഷപ്പ്‌ മാർ റെമിജിയോസ്‌ ഇഞ്ചനാനിയിൽ, സിപിഐ എം ജില്ലാ സെക്രട്ടറിമാരായ എം മെഹബൂബ്‌, കെ റഫീഖ്‌, കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ അഷ്റഫ്‌, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ബിന്ദു ജോൺസൺ, അലക്സ്‌ തോമസ്‌, കെ ബാബു, ആദർശ്‌ ജോസഫ്‌, നജ്‌മുന്നീസ ഷെരീഫ്‌, സുനിത രാജൻ, ദിവ്യ ഷിബു, മുക്കം നഗരസഭാ ചെയർമാൻ പി ടി ബാബു, മുക്കം മുഹമ്മദ്, ടി വിശ്വനാഥന്‍, വി കെ ഹാഷിം, വി കെ വിനോദ്, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.


കേരളത്തിന്റെ സുസ്ഥിര വികസനമാതൃകയുടെ തെളിവ്‌: മുഖ്യമന്ത്രി

വയനാട്‌ തുരങ്കപാത കേരളത്തിന്റെ സുസ്ഥിര വികസന മാതൃകയുടെ ദൃഷ്ടാന്തമായി ലോകത്തിന്‌ മുന്നിൽ ഉയർന്നുനിൽക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


അമ്പത്‌ വർഷം കാത്തിരുന്നാലും സാധ്യമാകില്ലെന്ന്‌ കരുതിയ പദ്ധതികളാണ്‌ കഴിഞ്ഞ ഒമ്പത്‌ വർഷത്തിനിടെ കേരളം സാധ്യമാക്കിയത്‌. ഇതിൽ ജനങ്ങൾ മതിമറന്ന്‌ ആഘോഷിക്കുകയാണ്‌. ചിലർക്ക്‌ അതിൽ വലിയ നിരാശയാണുള്ളത്‌. കിഫ്‌ബിയെ തകർക്കാനുള്ള ശ്രമങ്ങൾക്ക്‌ പിന്നിലും ഇതാണ്‌. എന്നാൽ സർക്കാർ ഒരിഞ്ച്‌ പിന്നോട്ട്‌ പോയില്ല. ക്ഷേമ, വികസന പ്രവർത്തനങ്ങൾക്ക്‌ തുരങ്കംവയ്ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌. കെ ഫോണും ലൈഫ്‌ മിഷനുമടക്കം പദ്ധതികൾക്ക്‌ എതിരായ നീക്കങ്ങൾ ഇതിന്റെ ഭാഗമായിരുന്നു. പബ്ലിക്‌ ഇന്ററസ്റ്റാണോ പബ്ലിസിറ്റി ഇന്ററസ്റ്റാണോ ഇതിന് പിന്നിലെന്ന്‌ കോടതിക്ക്‌ ചോദിക്കേണ്ടി വന്നു.


ഒമ്പത്‌ വർഷത്തിൽ 90.000 കോടിയുടെ വികസനം സാധ്യമാക്കിയ കിഫ്‌ബിയെ തകർക്കാനാണ്‌ കേന്ദ്രവും ശ്രമിച്ചത്‌. ദീർഘകാലം മുടങ്ങിക്കിടന്ന പദ്ധതികൾ പലതും പൂർത്തിയാക്കാനായി. അതിന്റെ തുടർച്ചയാണ്‌ തുരങ്കപാത. ഒരുപാട്‌ എതിർപ്പുകളും പ്രതിസന്ധികളും മറികടന്നാണ്‌ കേരളം നേട്ടങ്ങൾ സ്വന്തമാക്കിയത്‌. പലതുകൊണ്ടും തുരങ്കപാത ചരിത്രമായി മാറും. ചുരം ഉയർത്തുന്ന വെല്ലുവിളിക്കുള്ള ബദലായി തുരങ്കപാത മാറും. കുറഞ്ഞ സമയവും ഇന്ധനക്ഷമതയും തുടങ്ങി ഒട്ടേറെ ഗുണങ്ങൾ തുരങ്കപാത നൽകും. യാത്ര സുഗമമാവുകയും കാർഷിക ഉൽപ്പന്ന കയറ്റുമതി വർധിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home