പരിസ്ഥിതി മന്ത്രാലയ വിദഗ്‌ധസമിതി അനുമതിയായി ; വയനാട് തുരങ്കപാത നിർമാണം ഉടൻ

കൽപ്പറ്റ
വയനാട് തുരങ്കപാതയ്‌ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനുകീഴിലെ വിദഗ്‌ധ സമിതി അനുമതിയായി. ഈ മാസം 14ന് ചേർന്ന യോഗമാണ് ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി പാതയ്‌ക്ക് അനുമതി നൽകിയത്. വിദഗ്‌ധ സമിതി ശുപാർശ പരിഗണിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകി ഉടൻ വിജ്ഞാപനമിറക്കും. പിന്നാലെ നിർമാണത്തിലേക്ക് കടക്കും.
എപ്രിൽ നാലിന് ചേർന്ന വിദഗ്‌ധസമിതി യോഗം സംസ്ഥാനത്തോട് കൂടുതൽ വിവരം തേടിയിരുന്നു. പാരിസ്ഥിതിക ആഘാതം, ഉരുൾപൊട്ടൽ ഭീഷണി, ജീവജാലങ്ങളുടെ നിലനിൽപ്പ് എന്നിവയാണ് തേടിയത്.
സംസ്ഥാനത്തിന്റെ മറുപടി തൃപ്‌തികരമായതോടെ 60 പ്രധാന വ്യവസ്ഥകളോടെ അനുമതി നൽകി. മണ്ണിടിച്ചിൽ ഒഴിവാക്കാനുള്ള നടപടി, ആഘാതം പഠിച്ച് ആറുമാസം കൂടുമ്പോൾ റിപ്പോർട്ട് ചെയ്യണം, ഉരുൾപൊട്ടൽ സാധ്യതാമേഖലകളുടെ മൈക്രോ സ്‌കെയിൽ മാപ്പിങ് നടത്തണം തുടങ്ങിയവ ഇതിലുണ്ട്.
പ്രവൃത്തി സെപ്‌തംബറിൽ ടെൻഡറായിരുന്നു. 2043.74 കോടിയാണ് പ്രതീക്ഷിത ചെലവ്. ഭോപാൽ ആസ്ഥാനമായ ദിലീപ് ബിൽഡ്‌കോണാണ് കരാർ എടുത്തത്. ഇരുവഴിഞ്ഞിപ്പുഴയ്‌ക്ക് കുറുകെ നിർമിക്കുന്ന പാലവും അപ്രോച്ച് റോഡും ടെൻഡർ ചെയ്‌തു. കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്ര കൺസ്‌ട്രക്ഷൻ കമ്പനിയുമായാണ് ഈ കരാർ. കൊങ്കൺ റെയിൽവേ ആണ് നിർമാണ ഏജൻസി (എസ്‌പിവി). ചുരമില്ലാ ബദൽ പാതയെന്ന വയനാടിന്റെ ചിരകാലസ്വപ്‌നമാണ് യാഥാർഥ്യമാകുന്നത്.









0 comments