മാനന്തവാടിയിൽ സ്ത്രീയെ കൊന്ന കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവെക്കും

tiger wayanad
വെബ് ഡെസ്ക്

Published on Jan 26, 2025, 03:04 PM | 2 min read

മാനന്തവാടി: പഞ്ചാരക്കൊല്ലിയില്‍ യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കാന്‍ ഉത്തരവ് നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവി ആക്രമവുമായി ബന്ധപ്പെട്ട കളക്ടറേറ്റില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


പട്രോളിങിനിടെ വനം വകുപ്പ് ജീവനക്കാരനെ കടുവ ആക്രമിച്ച സാഹചര്യവും പരിഗണിച്ചാണ് നരഭോജി കടുവയെ അനുയോജ്യമായ സാഹചര്യത്തില്‍ വെടിവയ്ക്കാന്‍ ഉന്നതല യോഗത്തില്‍ തീരുമാനിച്ചത്. ആക്രമകാരിയായ വന്യമൃഗത്തെ വെടിവെക്കാന്‍ ഉത്തരവ് ഇടുന്നത് കേരള ചരിത്രത്തിലെ ആദ്യ നടപടിയാണെന്നും തുടര്‍ച്ചയായി ഒരേ വന്യമൃഗം തന്നെ ആളുകളെ പുറകില്‍ നിന്നും ആക്രമിച്ച് കൊല്ലപ്പെടുത്തിയ സാഹചര്യത്തിലാണ് നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കാന്‍ തീരുമാനമായതെന്നും മന്ത്രി പറഞ്ഞു.


വന്യജീവികളുടെ ആക്രമണത്തില്‍ മനുഷ്യനാശം സംഭവിക്കുന്ന നിരവധി സാഹചര്യങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. നിലവിലെ വന നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. വന നിയമങ്ങളും നിബന്ധനകളും മറികടക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും. വന- ജനവാസ മേഖലകളില്‍ വന്യജീവികളുടെ സഞ്ചാരപാത നിരീക്ഷിക്കാന്‍ വനം- പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തും. ജനവാസ മേഖലയോട് ചേര്‍ന്നുള്ള വനമേഖലകളിലെ അടിക്കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നത് വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നുണ്ടെന്നും ഇത്തരം പ്രദേശങ്ങളിലെ അടിക്കാടുകള്‍ അടിയന്തരമായി വെട്ടിമാറ്റാന്‍ വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. സ്വകാര്യത്തോട്ടം മേഖലകളിലെ അടിക്കാടുകള്‍ തോട്ടം ഉടമകള്‍ വെട്ടണം. കാടുകള്‍ വെട്ടുന്നതിന് ഉടമകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.


കാട് വെട്ടാത്ത ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കാടിനു പുറത്തുള്ള പ്രദേശങ്ങളിലെ അടിക്കാടുകള്‍ വെട്ടുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. കാടുകള്‍ വെട്ടാത്ത പ്രദേശങ്ങളില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് അടിയന്തരമായി കാട് വെട്ടുന്നതിന് നടപടി സ്വീകരിക്കും. വന്യമൃഗങ്ങള്‍ കൂടുതലായി ഇറങ്ങുന്ന ജനവാസ മേഖലകളിലും പ്രശ്‌ന സാധ്യതാ പ്രദേശങ്ങളിലും ഫെബ്രുവരി ഒന്നിനകം കൂടുതല്‍ എഐ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. ജില്ലയ്ക്ക് 100 ക്യാമറകളാണ് അനുവദിക്കുക. സംസ്ഥാനത്ത് ആകെ 400 എഐ ക്യാമറകള്‍ മാര്‍ച്ച് 31 നകം സ്ഥാപിക്കും. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കിയിട്ടുണ്ടെന്നും അടിയന്തരമായി നടപ്പാക്കാന്‍ സിസിഎഫിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ പട്രോളിങ് ശക്തിപ്പെടുത്തും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home