മുൻകരുതലുകൾ തുണയായി; പേടിക്കാതെ മഴക്കാലം കണ്ട് വയനാട്

Wayanad Rain.jpg
വെബ് ഡെസ്ക്

Published on Sep 21, 2025, 12:49 PM | 1 min read

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന് ശേഷമുള്ള ആദ്യത്തെ മഴക്കാലം വയനാട്ടിൽ കടന്നുപോയത് ആളപായമില്ലാതെ. സാധാരണഗതിയിൽ മഴക്കാലമാകുമ്പോൾ മഴക്കെടുതിയുടെയും മരണത്തിന്റെയും കണക്ക് ഉയരുന്ന സാഹചര്യമാണുള്ളത്. എന്നാൽ ഇത്തവണ മഴയെ നേരിടാൻ വയനാട് സുസജ്ജമായിരുന്നു. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും മറ്റു വകുപ്പുകളും സർക്കാരും ചേർന്ന് വയനാടുകാരുടെ ഉള്ളിലെ മഴയോടുള്ള ഭയം ഇല്ലാതാക്കി. ജില്ലയിലുടനീളം സ്ഥാപിച്ച 140 മഴമാപിനികൾ ഉപയോഗിച്ച് ഓരോ പ്രദേശത്തും എത്രത്തോളം മഴ ലഭിച്ചു എന്ന് കണക്കാക്കാനാകും. ഇത് മഴക്കെടുതികൾക്കുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ സഹായിക്കും.


ഇത് വഴി കണ്ടെത്തുന്ന മഴയുടെ അളവ് dmsuite.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് അവശ്യ മുൻകരുതലെടുക്കാനുള്ള ജാഗ്രതാനിർദേശങ്ങൾ പൊതുജനത്തിനു നൽകി. സംസ്ഥാനത്ത് വയനാട്ടിൽ മാത്രമാണ് ഇത്തരത്തിലൊരു വെബ്‌സൈറ്റ് സജ്ജമാക്കിയിട്ടുള്ളത്. ജില്ലയിലെ അപകടസാധ്യത കണക്കിലെടുത്ത് 227 കുടുംബങ്ങളെ 19 ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ ഓരോ ഗ്രാമപഞ്ചായത്തിലും 40 അംഗ എമർജൻസി റെസ്പോൺസ് ടീമിനെ (ഇആർടി) വിന്യസിച്ചു. സ്കൂളുകളിൽ എൻഡിആർഎഫ് സേനയെ ഉപയോഗിച്ച് സുരക്ഷാ പരിശീലനവും നൽകി.


റെഡ്, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിക്കുന്ന ദിവസങ്ങളിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിട്ടു. മണ്ണിടിച്ചിൽ സാധ്യതയുള്ള മലഞ്ചെരിവുകളും ക്വാറികളും സൂക്ഷമമായി നിരീക്ഷിച്ച് അവിടങ്ങളിൽ അവശ്യ മുൻകരുതലുകൾ സ്വീകരിച്ചു. ഏപ്രിൽ മാസം മുതൽ ആരംഭിച്ച മഴ മുന്നറിയിപ്പുകളും മുൻകരുതലുകളുമാണ് കെടുതികളില്ലാത്ത ഒരു മഴക്കാലം വയനാടിന് നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Home