Deshabhimani

വയനാട് പുനരധിവാസത്തിന് തടസങ്ങളില്ല: മുഖ്യമന്ത്രി

cm new
വെബ് ഡെസ്ക്

Published on May 16, 2025, 10:00 PM | 2 min read

തിരുവനന്തപുരം : വയനാട് എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിന് യാതൊരുവിധ തടസങ്ങളുമില്ലെന്നും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ 'നാം മുന്നോട്ടി'ൽ വയനാട് പുനരധിവാസവും സംസ്ഥാന ദുരന്തനിവാരണവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രതീക്ഷിച്ച രീതിയിലാണ് വയനാട്ടിൽ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഏത് സാഹചര്യത്തിലും സമയബന്ധിതമായി ടൗൺഷിപ്പ് പൂർത്തിയാക്കാൻ സാധിക്കും. നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. മുണ്ടക്കൈയിലും ചൂരൽമലയിലും ഒരുമിച്ച് ജീവിച്ചവർ തുടർന്നും ഒരേ പ്രദേശത്ത് ഒന്നിച്ച് സഹവസിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ചുരുക്കം ചിലരെ മാറ്റി പാർപ്പിക്കുന്ന തരത്തിൽ വീടുകൾ നിർമിക്കാൻ തയ്യാറായി ചില സംഘടനകൾ മുന്നോട്ടുവന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇത് മാതൃകാപരമായ രീതിയല്ല. വീടുകൾ നിർമിക്കുക മാത്രമല്ല സർക്കാർ ദൗത്യം. തുടർജീവിതം സാധ്യമാക്കാനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കുക എന്നതാണ് ലക്ഷ്യം. ആരോഗ്യമുള്ളവർക്ക് തൊഴിൽ സാഹചര്യമൊരുക്കും. ഒറ്റപ്പെട്ടുപോയവർക്ക് പ്രത്യേക സംരക്ഷണമൊരുക്കും. ദുരന്തബാധിത പ്രദേശത്ത് എന്ത് സാധ്യമാക്കാം എന്നതിന് ഒരു ദേശീയ മാതൃക സൃഷ്ടിക്കുകയാണ് നാം എന്നും മുഖ്യമന്ത്രി പറഞ്ഞു.


നാട് ദുരന്തമുഖത്ത് നിൽക്കുമ്പോൾ അസാധ്യമെന്ന് കരുതുന്നത് പോലും സാധ്യമാക്കുന്ന തരം ഐക്യം പ്രകടിപ്പിക്കുന്നവരാണ് മലയാളികൾ. ദുരന്തമുഖത്ത് ആരുടെയും ആഹ്വാനമില്ലാതെതന്നെ ഓടിയെത്തി സന്നദ്ധപ്രവർത്തനം ഏറ്റെടുക്കാറുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ പ്രാദേശികതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും മതിയായ പരിശീലനം നൽകുന്നതിനും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവിച്ചു വന്ന ആവാസ വ്യവസ്ഥയും ജീവിത ശൈലിയും തിരികെ നൽകണമെന്ന ദുരന്തബാധിതരുടെ ആവശ്യം അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ വയനാട് ടൗൺഷിപ്പ് എന്ന ആശയത്തിലെത്തിയതെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു.  സാമ്പത്തിക സഹായത്തിനും പാർപ്പിട നിർമാണത്തിനുമപ്പുറം ഒന്നിച്ചു ജീവിച്ച ഒരു ജനതയെ വീണ്ടും ഒരുമിപ്പിക്കുകയാണ് ടൗൺഷിപ്പിന്റെ ലക്ഷ്യം. ഇത് ഒരു ദേശീയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.


ജോൺ ബ്രിട്ടാസ് എംപി മോഡറേറ്ററായി. മുൻ ചീഫ് സെക്രട്ടറി ഡോ വി വേണു, സന്തോഷ് ജോർജ് കുളങ്ങര, അധ്യാപികയും മുൻ മാധ്യമ പ്രവർത്തക ഡോ എം എസ് ശ്രീകല, നടി സരയു, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ ശേഖർ ലൂക്കോസ് കുര്യാക്കോസ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ ഹാഷിഫ് എന്നിവരും പങ്കെടുത്തു. നാം മുന്നോട്ടിന്റെ ഈ എപ്പിസോഡ് ഞായറാഴ്ച മുതൽ വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home