പുതുവീട് ഞങ്ങളുടെ ആദ്യ വീട്

അജീഷ് കുമാർ, ഭാര്യ വിജി, അമ്മ ജാനകി, സഹോദരി അജിത എന്നിവർ മാതൃകാ വീട്ടിൽ
കൽപ്പറ്റ
‘സ്വന്തമായൊരു വീട് അകലെയുള്ള സ്വപ്‌നമായിരുന്നു. ദുരന്തബാധിതർക്ക് വീടുണ്ടെന്ന് പറഞ്ഞപ്പോഴും എസ്‌റ്റേറ്റ് ലയത്തിൽ താമസിച്ചവർക്ക് അതുണ്ടാകുമെന്ന് കരുതിയില്ല.’–- കുടുംബമായി ടൗൺഷിപ്പിൽ എത്തിയ അജീഷ് കുമാറും കിടപ്പാടമാകുന്നതിന്റെ സന്തോഷം മറച്ചുവച്ചില്ല.
പ്രദർശനത്തിന് ഒരുങ്ങിയ മാതൃകാ വീട് കാണാൻ പുത്തുമലയിലെ സർവമത പ്രാർഥനയും അനുസ്മരണവും കഴിഞ്ഞ് അജീഷും ഭാര്യ വിജിയുമാണ് ആദ്യമെത്തിയത്. അജീഷിന്റെ സഹോദരി അജിതയും അമ്മ ജാനകിയും പിന്നാലെയെത്തി.
വീട് കണ്ട് ജാനകിയുടെ കണ്ണ് നിറഞ്ഞൊഴുകി. ‘ എസ്‌റ്റേറ്റ് പാടി ഉരുൾപൊട്ടി ഒഴുകിയപ്പോൾ പെരുവഴിയിലാകുമെന്നാണ് കരുതിയത്. ഇത്ര നല്ല വീട്ടിൽ കിടന്നുറങ്ങാമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. തീർത്താൽ തീരാത്ത നന്ദിയുണ്ട്–- ആഹ്ലാദക്കണ്ണീരിൽ ജാനകിയുടെ വാക്കുകൾ മുറിഞ്ഞു.
‘എല്ലാം ഉരുളിൽ ഒഴുകിയപ്പോൾ വീടെന്ന സ്വപ്‌നം അസ്‌തമിച്ചതാണ്. പക്ഷേ സർക്കാർ ഞങ്ങളെയും ചേർത്തുനിർത്തി’–- ദുരന്തബാധിതരെയെല്ലാം ഒരുപോലെ പരിഗണിച്ച സന്തോഷമാണ് വിജിക്ക്. ‘ദിവസം 300 രൂപ വച്ച് എനിക്കും ഭർത്താവിനും ജീവനോപാധി ലഭിക്കുന്നുണ്ട്. വീടിന് വാടകയും തരുന്നു. മുണ്ടക്കൈയും ചൂരൽമലയും ഇവിടെ വീണ്ടും കാണാമല്ലോ’–- വിജി പറഞ്ഞു.









0 comments