ഓർമകൾ മിടിക്കുന്നു ; ‘മക്കളിവിടെ ഉറങ്ങുമ്പോൾ അകന്നിരിക്കാൻ പറ്റുമോ' ...

മുണ്ടക്കെെ ഉരുൾപൊട്ടലിൽ മൂന്ന് മക്കളെയും നഷ്ടപ്പെട്ട സയന പുത്തുമല ശ്മശാനത്തിലെ കുഴിമാടത്തിനരികിൽ ഫോട്ടോ ബിനുരാജ്
ആദർശ് ജോസഫ്
Published on Jul 30, 2025, 02:45 AM | 1 min read
കൽപ്പറ്റ
‘മക്കളിവിടെ ഉറങ്ങുമ്പോൾ അകന്നിരിക്കാൻ പറ്റുമോ... എന്നും വരും. കുട്ടികളുടെ അരികിലിരിക്കും. ചോക്ലേറ്റും കളിപ്പാട്ടങ്ങളും നൽകും. പിറ്റേന്ന് വരുമ്പോൾ അതുണ്ടാവില്ല. മക്കൾ എടുത്തുവെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം’– കണ്ണീരൊഴുക്കി സയന മക്കളുടെ കല്ലറയിലേക്ക് ചാഞ്ഞു. കാലം എത്രകഴിഞ്ഞാലാണ് ഈ അമ്മയുടെ ഉള്ളൊന്ന് തണുക്കുക.
പുത്തുമലയിലെ ശ്‌മശാനഭൂമിയിലാണിപ്പോൾ സയനയുടെയും അനീഷിന്റെയും ഹൃദയം. മുണ്ടക്കൈയിലെ ഉരുൾ ഇവരുടെ മൂന്നുമക്കളെയുംകൊണ്ടുപോയി. മൂന്നരവയസ്സുകാരൻ ഇഷാൻ, എഴര വയസ്സുള്ള ധ്യാൻ, ഒമ്പതുവയസ്സുകാരൻ നിവേദ്. ഉരുൾപൊട്ടിയ രാത്രിയിലും കെട്ടിപ്പിടിച്ച് ഉറങ്ങിയവർ മരണത്തിലും പിരിയാതെ ഒരേകുഴിമാടത്തിൽ അന്തിയുറങ്ങുന്നു. അനീഷിന്റെ അമ്മ രാജമ്മ തൊട്ടടുത്ത കുഴിമാടത്തിലുണ്ട്. സയനയും അനീഷും ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതാണ്.
"അമ്മയ്ക്ക് ഇത് വലിയ ഇഷ്ടമായിരുന്നു. അന്ന് വൈകിട്ടും ഇതുമായാണ് വന്നത്’–- അമ്മയ്ക്കരികിൽ കടല മിഠായിവച്ച് അനീഷ് വിതുമ്പി. ശ്‌മശാനത്തിൽ രണ്ടിടത്തായിട്ടായിരുന്നു രാജമ്മയുടെ മൃതദേഹഭാഗങ്ങൾ സംസ്‌കരിച്ചത്. ഡിഎൻഎ പരിശോധനാഫലം വന്നശേഷം മക്കളുടെ ആവശ്യപ്രകാരം പേരക്കുട്ടികളുടെ അരികിൽ ഒരുകുഴിമാടത്തിലേക്ക് മാറ്റി സംസ്‌കരിച്ചത് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡാണ്.
നിത്യേന നിരവധിപേർ പ്രിയപ്പെട്ടവരുടെ അരികിലേക്കെത്തുന്ന പുത്തുമലയിലെ പൊതുശ്‌മശാനം ഇനി "ജൂലൈ 30–- ഹൃദയഭൂമി' എന്നറിയപ്പെടും. മേപ്പാടിയിൽചേർന്ന സർവകക്ഷിയോഗമാണ് പേരിടാൻ തീരുമാനിച്ചത്. ദുരന്തമുണ്ടായി മണിക്കൂറുകൾക്കുള്ളിലാണ് സംസ്ഥാന സർക്കാർ ഹാരിസൺ പ്ലാന്റേഷന്റെ 64 സെന്റ് ഏറ്റെടുത്ത് ശ്‌മശാനം ഒരുക്കിയത്. തിരച്ചിലിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും കൂട്ടക്കുഴിമാടങ്ങളിൽ സർവമത പ്രാർഥനയോടെ സംസ്‌കരിച്ചു.
വിലാസമറ്റ് ‘അൺ ഐഡന്റിഫൈഡ്’ നമ്പറുകളിലാണ് പലരും മൺമറഞ്ഞത്. പിന്നീട് ഡിഎൻഎ പരിശോധനയിലൂടെ പലരെയും തിരിച്ചറിഞ്ഞു. തിരിച്ചറിയാൻ കഴിയാത്തവരുടെ വിലാസം ഇപ്പോഴും അക്കങ്ങളാണ്.
സ്നേഹം പൊതിഞ്ഞ് ജീവിച്ച മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പ്രിയപ്പെട്ടവർ സ്‌നേഹമതിൽക്കെട്ടിനുള്ളിൽ ഉറങ്ങുകയാണ്. ഇവിടെ ഉരുൾ സ്‌മാരകവും ഗവേഷണകേന്ദ്രവും ഉയരും. സ്‌മാരകത്തിന് സർക്കാർ ആറുകോടി രൂപ വകയിരുത്തിയിട്ടുണ്ട്.









0 comments