മുണ്ടക്കൈ ടൗൺഷിപ് ; 16 മുതൽ ദിവസം 7 വീട് കോൺക്രീറ്റ് ചെയ്യും , 550 തൊഴിലാളികൾ

കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമാണം പുരോഗമിക്കുന്ന മുണ്ടക്കെെ -ടൗൺഷിപ്പിലെ വീടുകൾ
കൽപ്പറ്റ
അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരോട് കേന്ദ്രം പകപോക്കുന്പോൾ അതിജീവിതർക്കുള്ള മുണ്ടക്കൈ ടൗൺഷിപ്പിന്റെ പ്രവൃത്തി യുദ്ധകാല വേഗതയിലേക്കെത്തിച്ച് സംസ്ഥാന സർക്കാർ. ജനുവരിയിൽ വീടുകളുടെ പണി തീർക്കാനുള്ള കഠിനപ്രയത്നത്തിലാണ്.
16 മുതൽ ദിവസവും ഏഴുവീടിന്റെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കാനാണ് പദ്ധതി. 410 വീടാണ് നിർമിക്കുന്നത്. ഏഴ് വീടിന്റെ വാർപ്പ് കഴിഞ്ഞു. നിലവിൽ 550 തൊഴിലാളികളുണ്ട്. ഡിസംബറോടെ എണ്ണം 750 ആക്കും. അഞ്ചുസോണിലും ഒരേസമയം പ്രവൃത്തി നടക്കുന്നു. മഴ തുടരുമ്പോഴും രാപകൽ വ്യത്യാസമില്ലാതെ പണി പുരോഗമിക്കുകയാണ്. പുലർച്ചെമുതൽ അർധരാത്രിവരെ ഷിഫ്‌റ്റായാണ് ജോലി.
പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള സാങ്കേതികവിദ്യയിൽ കോൺക്രീറ്റ് ഫ്രെയ്‌മുകൾക്കുള്ളിൽ ഫ്ലൈആഷ് കട്ട കെട്ടിയാണ് വീട് നിർമാണം. വീട് പൂർത്തിയായ ശേഷം പൊതുകെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കും. 325 വീടിന് ഇതുവരെ നിലമൊരുക്കി. 280 വീടിന് അടിത്തറയൊരുക്കാൻ കുഴിയെടുത്ത് മണ്ണ് പരിശോധന പൂർത്തിയാക്കി. 150 വീടിന് അടിത്തറയായി.
11.72 കിലോമീറ്റർ റോഡ്
ടൗൺഷിപ്പിലെ 11.72 കിലോമീറ്റർ റോഡ് നിർമാണം ആരംഭിച്ചു. റോഡാണ് നിർമിക്കുന്നത്. 12 മീറ്റർ വീതിയിലാണ് പ്രധാന റോഡ്. ജിപിഎസ് സർവേ, മണ്ണ് പരിശോധന, പ്രതലങ്ങളുടെ ചരിവ്, റോഡിനുവേണ്ട ആഴം എന്നിവയെല്ലാം തിട്ടപ്പെടുത്തിയാണ് പ്രവൃത്തി. ആകെയുള്ള അഞ്ച് ക്ലസ്റ്ററുകളിലൂടെയും പാത കടന്നുപോകും.
പ്രധാന റോഡും എട്ട് ഉപറോഡുകളും വീടുകളിലേക്കുള്ള ചെറുറോഡുകളുമാണ് ടൗൺഷിപ്പിലുള്ളത്. ഉപറോഡുകൾക്ക് ഒമ്പത് മീറ്ററും വീടുകളിലേക്കുള്ള പാതകൾക്ക് അഞ്ചരമീറ്ററും വീതിയുണ്ടാകും. ടൗൺഷിപ്പിൽ നിർമിക്കുന്ന 110 കെവി സബ്‌സ്റ്റേഷന് കെഎസ്‌ഇബി ഏറ്റെടുത്ത ഭൂമിയിൽ നിലമൊരുക്കലിന്റെ പ്രാഥമിക പ്രവൃത്തിയും ആരംഭിച്ചു.









0 comments