ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ദുരന്തത്തിനുമുമ്പേ പണം, കേരളത്തിന് ഒരുവർഷം പിന്നിട്ടിട്ടും അവഗണന
മുണ്ടക്കൈ പുനരധിവാസം ; അവഗണന തുടർന്ന് കേന്ദ്രസർക്കാർ

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിന് ഒരു വർഷം പിന്നിട്ടപ്പോൾ പുനരധിവാസത്തിന് ആവശ്യപ്പെട്ട തുകയുടെ നാലിലൊന്നുപോലും അനുവദിക്കാൻ തയ്യാറല്ലെന്ന സൂചന നൽകി കേന്ദ്രസർക്കാർ. കഴിഞ്ഞദിവസം ചേർന്ന ദേശീയ ദുരന്തനിവാരണ അതോറിറ്റി 440.9 കോടി രൂപയാണ് ശുപാർശ ചെയ്‌തത്. പോസ്‌റ്റ് ഡിസാസ്‌റ്റർ നീഡ്‌സ് അസസ്‌മെന്റ് (പിഡിഎൻഎ) പ്രകാരം 2219 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്.
ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ദുരന്തത്തിനുമുമ്പേ പണമനുവദിക്കുമ്പോഴാണ് വലിയൊരു ദുരന്തമുണ്ടായി ഒരുവർഷം കഴിഞ്ഞിട്ടും കേരളത്തോടുള്ള അവഗണന. 2024 ജൂലൈ 30നായിരുന്നു മുണ്ടക്കൈ ഉരുൾപൊട്ടൽ. വയനാട്ടിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 1202 കോടി രൂപയുടെ പ്രാഥമിക സഹായം അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അഭ്യർഥിച്ചു.
ഒരുരൂപ പോലും നൽകിയില്ല. പകരം മാസങ്ങൾക്കുശേഷം എസ്‌ഡിആർഎഫിൽനിന്നുള്ള തുക വിനിയോഗിക്കാൻ നിർദേശിച്ചു. അതും ഹൈക്കോടതി നിർദേശപ്രകാരം.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ തീരുമാനം അറിയിച്ചത് 150–-ാം ദിവസമാണ്. ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ദുരന്തനിവാരണ നിയമത്തിലെ സെക്-ഷൻ 13 പ്രകാരം ദുരന്തബാധിതരുടെ ദേശസാൽക്കൃത ബാങ്കുകളിലെ വായ്പകൾ എഴുതിത്തള്ളാമെന്നിരിക്കെ തീരുമാനം നീട്ടിക്കൊണ്ടുപോയി, ഒടുവിൽ ആ വകുപ്പുതന്നെ റദ്ദാക്കി. രക്ഷാപ്രവർത്തനത്തിന് വന്ന ഹെലികോപ്‌ടറിന്റെ വാടക അടയ്ക്കാനും കേന്ദ്രസർക്കാർ കേരളത്തിന് നോട്ടീസയച്ചു.
പിഡിഎൻഎ നിശ്‌ചിത സമയത്തിനു മുമ്പുതന്നെ സംസ്ഥാനം സമർപ്പിച്ചിരുന്നു. ഹൈക്കോടതിയുടെ നിരന്തര ഇടപെടലും കേന്ദ്രസർക്കാർ വകവച്ചില്ല. 529.50 കോടി രൂപ ദീർഘകാല വായ്‌പയായി (കാപെക്‌സ് ഫണ്ട്) അനുവദിച്ചിട്ട് 45 ദിവസത്തിനുള്ളിൽ ചെലവിട്ട് ബിൽ സമർപ്പിക്കണമെന്ന വിചിത്ര സമീപനവുമുണ്ടായി. കേന്ദ്രസഹായത്തിനു കാത്തുനിൽക്കാതെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ് നിർമാണം കൽപ്പറ്റയിൽ പുരോഗമിക്കുകയാണ്.









0 comments