ഒരു കുടുംബത്തിലെ പ്രായപൂർത്തിയായ രണ്ടുപേർക്കാണ് തുക ലഭിക്കുക ; കിടപ്പുരോഗിയുള്ള കുടുംബത്തിലെ ഒരാൾക്ക് ദിവസം 300 രൂപ അധികം നൽകും
ഉരുൾ ദുരന്തം : 9 മാസത്തേക്കുകൂടി പ്രതിദിനം 300 രൂപ നൽകും ; ആദ്യഗഡു 23നകം നൽകും

കൽപ്പറ്റ : ഉരുൾ ദുരന്തബാധിത കുടുംബങ്ങളിലെ ജീവനോപാധി നഷ്‌ടമായവർക്ക് ദിവസം 300 രൂപ വീതം ഒമ്പതുമാസത്തേക്ക് കൂടി നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവായി. ഒരു കുടുംബത്തിലെ പ്രായപൂർത്തിയായ രണ്ടുപേർക്കാണ് തുക ലഭിക്കുക. ഒരു കുടുംബത്തിന് മാസം 18,000 രൂപ കൈമാറും. ആദ്യമാസത്തെ തുക 23നുള്ളിൽ നൽകും.
കിടപ്പുരോഗിയുള്ള കുടുംബത്തിലെ ഒരാൾക്ക് ദിവസം 300 രൂപ അധികമായും നൽകും. ഉരുൾപൊട്ടലിനുശേഷമുള്ള ആദ്യ മൂന്നുമാസം തുക നൽകിയിരുന്നു. ഒമ്പത് മാസത്തേക്ക് കൂടി തുക നൽകാൻ ഫെബ്രുവരിയിൽ സർക്കാർ തീരുമാനിച്ചു.
നവംബർ മുതൽ മാർച്ച് വരെയുള്ള കുടിശ്ശികയും ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള തുകയുമാണ് കൈമാറുക. ആഗസ്‌ത്, സെപ്‌തംബർ, ഒക്‌ടോബർ മാസങ്ങളിൽ 300 രൂപ വീതം 5.88 കോടി രൂപയാണ് ദുരന്തബാധിതർക്ക് നൽകിയത്. തുടക്കത്തിൽ 2188 പേരായിരുന്നു ഗുണഭോക്താക്കൾ. ജീവനോപാധിക്കായി മറ്റു മാർഗമില്ലെന്ന് സത്യവാങ്മൂലം നൽകുന്നവർക്കാണ് തുക നൽകുക.
വാടകയായി നൽകിയത്
3.46 കോടി
വാടകവീടുകളിൽ കഴിയുന്ന ദുരന്തബാധിതർക്ക് മാർച്ച് വരെയുള്ള വാടക കൈമാറി. 3.46 കോടി രൂപയാണ് നൽകിയത്. സ്ഥിരം പുനരധിവാസം യാഥാർഥ്യമാകുംവരെ വാടക നൽകാനാണ് തീരുമാനം. ക്യാമ്പുകളിലെത്തിയ 831 കുടുംബങ്ങളെ 28 ദിവസത്തിനുള്ളിലാണ് വാടകവീടുകളിലേക്ക് മാറ്റിയത്. വാസയോഗ്യമായ മേഖലയിലുള്ളവർ ഇതിനകം വാടകവീടുകളിൽനിന്ന് തിരിച്ചുപോയി. മാർച്ചിൽ 536 കുടുംബങ്ങളെയാണ് ഗുണഭോക്താക്കളായി കണക്കാക്കിയത്. ഇവർക്കാണ് വാടക നൽകിയത്.









0 comments