ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യ ; മരിക്കുന്നതിന് തൊട്ടുമുമ്പും വിജയൻ നേതാക്കളോട് പണം ചോദിച്ചു

കൽപ്പറ്റ
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ ജീവനൊടുക്കുംമുമ്പും നേതാക്കളോട് പണം ചോദിച്ചു. ലഭിക്കാതായതോടെയാണ് മകന് വിഷം നൽകി ജീവനൊടുക്കിയത്. പല നേതാക്കളോടും ഫോണിലും നേരിട്ടും പണം ചോദിച്ചതായി വിജയനുമായി അടുപ്പമുണ്ടായിരുന്നവർ പറഞ്ഞു.
നിയമനക്കോഴക്ക് നേതാക്കൾ കരുവാക്കിയ വിജയന് വലിയ സാമ്പത്തിക ബാധ്യത വന്നതായാണ് വിവരം. ബാങ്കുകളിൽ നിയമനത്തിന് പണം നൽകിയവർ ജോലി ലഭിക്കാതെ വന്നപ്പോൾ പണം തിരികെ ആവശ്യപ്പെട്ട് നിരന്തരം വിജയനെ സമീപിച്ചിരുന്നു. ബാങ്ക് വായ്‌പയെടുത്തും സ്വർണം പണയപ്പെടുത്തിയും ചിലർക്ക് പണം തിരികെ നൽകി. എന്നാൽ നേതാക്കൾ വാങ്ങിയ പണം തിരികെ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് കടുംകൈ ചെയ്‌തതെന്ന് ബത്തേരിയിലെ പ്രധാന കോൺഗ്രസ് നേതാവ് പറഞ്ഞു.
അതിനിടെ വിജയന്റെ ബാങ്ക് ഇടപാടുകൾ പരിശോധിക്കാൻ അന്വേഷക സംഘം നടപടി തുടങ്ങി. ഇടപാട് നടത്തിയ ബാങ്കുകളിൽ സ്‌റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. പൊലീസ് വീട്ടിൽനിന്ന് കണ്ടെത്തിയ ഡയറിയിൽ ഇടപാടുകളുടെ വിശദാംശങ്ങളുണ്ട്. ഈ അക്കൗണ്ടുകളുടെ നില മനസ്സിലാക്കുന്നതിനാണ് സ്‌റ്റേറ്റ്‌മെന്റ് എടുക്കുന്നത്.
പൊലീസ് പരിശോധനയിൽ വീടിന്റെ പരിസരത്തുനിന്ന് വിഷക്കുപ്പി ലഭിച്ചു. ഇതുവാങ്ങിയ ബത്തേരിയിലെ കടയും കണ്ടെത്തി. വിജയന്റെ ഫോൺ പരിശോധനയ്‌ക്കായി സൈബർ പൊലീസിന് കൈമാറി. ഫലമറിയാൻ ഒരാഴ്‌ചയെടുക്കും. കഴിഞ്ഞ ദിവസം വിജയന്റെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ബത്തേരി ഡിവൈഎസ്‌പി കെ കെ അബ്‌ദുൾ ഷെരീഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം.









0 comments