വാട്ടര്‍മെട്രോ മുംബൈയിലേക്ക്; കെഎംആര്‍എല്‍ ഡിപിആര്‍ പഠനം ആരംഭിച്ചു

Kochi Water Metro
വെബ് ഡെസ്ക്

Published on Sep 12, 2025, 07:29 PM | 2 min read

കൊച്ചി : കൊച്ചി മാതൃകയില്‍ മുംബൈയില്‍ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാനുള്ള ടെന്‍ഡര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് ലഭിച്ചു. ടെന്‍ഡറിങ്ങ് നടപടികളിലൂടെ 4.4 കോടി രൂപയുടെ കരാര്‍ മഹാരാഷ്ട്ര ഗവണ്‍മെന്റില്‍ നിന്ന് നേടിയതിലൂടെ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനത്തില്‍ ദേശീയതലത്തില്‍ തന്നെ സുപ്രധാനമായ ഒരു ചുവടുവയ്പ് നടത്തിയിരിക്കുകയാണ് കൊച്ചി മെട്രോയെന്ന് അധികൃതർ വ്യക്തമാക്കി.


മുംബൈ മെട്രോപൊളിറ്റന്‍ പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തി വയ്‍തര്‍ണ, വസായ്, മനോരി, താനേ, പനവേല്‍,കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍മെട്രോ സര്‍വ്വീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠന റിപ്പോര്‍ട്ട് റെക്കോര്‍ഡ് വേഗത്തിലാണ് കെഎംആര്‍എല്ലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം തയാറാക്കി സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഡിപിആര്‍ തയ്യാറാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്.


കനാലും കായലും കടലും പോർട്ട് വാട്ടറും ഉള്‍പ്പെടുന്ന മേഖലയില്‍ വാട്ടര്‍ മെട്രോ നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ തയ്യാറാക്കുക എന്ന ഏറെ വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ് കൊച്ചി മെട്രോ ഏറ്റെടുത്തിരിക്കുന്നത് എന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. വാട്ടർ മെട്രോ മുംബൈയിൽ റോഡ്, റെയിൽ, ജലപാത എന്നിവയെ ബന്ധിപ്പിച്ച് ഇന്റർമോഡൽ കണക്ടിവിറ്റി ഉറപ്പാക്കി ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും. 2026ൽ പദ്ധതി നിർമാണം ആരംഭിക്കാൻ മഹാരാഷ്ട്ര സർക്കാരിന് കഴിയുന്ന തരത്തിൽ ഡിപിആർ ഈ വർഷം തന്നെ പൂർത്തിയാക്കും- ലോക്നാഥ് ബെഹ്റ പറഞ്ഞു.


watermetro to mumbaiമഹാരാഷ്ട്ര മന്ത്രി നിഥീഷ് റാണെയുടെ നേതൃത്വത്തിലുള്ള സംഘത്തിന് മുമ്പിൽ കെഎംആര്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഷാജി പി ജനാര്‍ദ്ദനന്‍, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിശാന്ത് എന്‍, മാനേജര്‍ അര്‍ജുന്‍ കൃഷ്ണ കെ എന്നിവർ മുംബൈ വാട്ടർ മെട്രോ പദ്ധതി അവതരണം നടത്തുന്നു


250 കിലോമീറ്റര്‍ നീണ്ട ജലപാതകളില്‍ 29 ടെര്‍മിനലുകളും പത്ത് റൂട്ടുകളും ഉള്‍പ്പെടുത്തി മഹാരാഷ്ട്രയില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള പഠനം കെഎംആര്‍എല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തിന് മുന്നില്‍ വലിയ വികസന സാധ്യതകളാണ് ഉയര്‍ത്തുന്നത്. കൊച്ചി മെട്രോയ്ക്ക് അധിക ടിക്കറ്റിതര വരുമാനത്തിനും ഇത് വഴി തുറന്നു കഴിഞ്ഞു. കൊച്ചി മെട്രോയുടെ നിലിവലെ പദ്ധതി നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദഗ്ധര്‍ തന്നെയാണ് ആ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചുകൊണ്ടുതന്നെ കൊച്ചി മാതൃക രാജ്യമാകെ വ്യാപിപ്പിക്കാനുള്ള സേവനത്തില്‍ ഏര്‍പ്പെടുന്നത്. കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുടെ നിര്‍ദേശപ്രകാരം 11 സംസ്ഥാനങ്ങളിലെയും കേന്ദ്രപ്രദേശങ്ങളിലെയും 18 വ്യത്യസ്ത നഗരങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള സാധ്യത പഠനവും കെഎംആര്‍എല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.


പട്‌ന, ശ്രീനഗര്‍ എന്നിവിടങ്ങളിലെ സാധ്യത പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞു. അഹമ്മദാബാദ്, ഗുഹാത്തി എന്നിവടങ്ങളിലെ റിപ്പോര്‍ട്ട് ഈ മസം നല്‍കും- കൊച്ചി മെട്രോ വാട്ടർ ട്രാൻസ്പോർട്ട് വിഭാഗം ചീഫ് ജനറൽ മാനേജർ ഷാജി പി ജനാർദ്ദനൻ പറഞ്ഞു. ഇന്‍ലാന്‍ഡ് വാട്ടര്‍ അതോറിറ്റി ഓഫ് ഇന്ത്യ ഈ സാധ്യത പഠനങ്ങള്‍ വിലയിരുത്തി സാധ്യതയുള്ള സ്ഥലങ്ങളില്‍ അധികം താമസിയാതെ ഡിപിആര്‍ പഠനത്തിലേക്ക് കടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home