ജലനിരപ്പ് ഉയരുന്നു; ബാണാസുര സാഗർ, മലമ്പുഴ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി

മലമ്പുഴ ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതം തുറന്നപ്പോൾ ഫോട്ടോ: ശരത്ത് കൽപ്പാത്തി
കൽപ്പറ്റ: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ വയനാട് ബാണാസുര സാഗർ, പാലക്കാട് മലമ്പുഴ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി. ബാണാസുര സാഗർ ഡാമിന്റെ നാല് സ്‌പിൽവെ ഷട്ടറുകളിൽ മൂന്നാമത്തെ ഷട്ടറാണ് 10 സെൻ്റീ മീറ്റർ ഉയർത്തിയത്. സെക്കൻ്റിൽ 50 ക്യുബിക് മീറ്റർ വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. രാവിലെ 10 മണിയോടെയാണ് ഷട്ടറുകൾ ഉയർത്തിയത്.
ഡാമിൽ നിലവിലെ റൂൾ കർവ് 768 ആണ്. അത് ക്രമീകരിക്കാനായാണ് അധിക ജലം ഒഴുക്കിവിടുന്നത്. മൂന്ന് സയറണുകൾ മുഴക്കിയതിന് ശേഷമാണ് ഡാമിന്റെ ഒരു ഷട്ടർ ഉയർത്തിയത്. കരമാൻ തോട്, പനമരം പുഴ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്ത് യാതൊരു കാരണവശാലും അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടുന്നതിന്റെ അളവ് വർദ്ധിപ്പിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഏതൊരു അടിയന്തിര സാഹചര്യത്തിലും 1077ൽ ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ് സെന്ററുമായി ബന്ധപ്പെടാം. ജനങ്ങൾ പരിഭ്രാന്തരാവേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും വയനാട് ജില്ലാ കലക്ടർ അറിയിച്ചു.
മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും 5 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ജൂൺ 1 മുതൽ 30 വരെ റൂൾ കർവ് പ്രകാരം ജലനിരപ്പ് 110.49 മീറ്റർ ആയാണ് നിലനിർത്തേണ്ടത്. 111.19 മീറ്ററാണ് നിലവിൽ ഡാമിലെ ജലനിരപ്പ്.
വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരോഴുക്ക് വർധിക്കുന്നതിനാൽ റൂൾ കർവിൽ ജലനിരപ്പ് നിർത്തുന്നതിനായാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. കൽപ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കമമെന്ന് നിർദേശമുണ്ട്.









0 comments