ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു; ശേഷിയുടെ 63.17 ശതമാനമെത്തി

ഇടുക്കി : ഇടുക്കിയിൽ ജലനിരപ്പ് വെള്ളി പകൽ ഒന്നിന് സംഭരണശേഷിയുടെ 63.17 ശതമാനമെത്തി. തലേദിവസം 61.42 ശതമാനമായിരുന്നു. ജലനിരപ്പ് 2369.14 അടിയായി ഉയർന്നു. വ്യാഴം രാവിലെ ഏഴിന് 2367.34 അടിയാണ് ഉണ്ടായിരുന്നത്. 1.8 അടി വർധിച്ചു. കഴിഞ്ഞവർഷം ഇതേസമയം 2358.38 അടി ജലമാണ് ഉണ്ടായിരുന്നത്. പദ്ധതി പ്രദേശത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 0.3 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. 2403 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി. മൂന്നുമണിക്കൂറിൽ 1.496 മില്യൺ യൂണിറ്റാണ് വൈദ്യുതോൽപ്പാദനം.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഒരടി വർധിച്ച് വെള്ളി രാവിലെ ആറിന് 131.90 അടി എത്തി. തലേദിവസം ഇത് 130.90 അടി ആയിരുന്നു. മുൻവർഷം ഇതേ ദിവസം അണക്കെട്ടിൽ 128.20 അടി വെള്ളമാണ് ഉണ്ടായിരുന്നത്. മുൻവർഷത്തേക്കാൾ 3.70 അടി വെള്ളം അധികം ഉണ്ട്. വെള്ളി രാവിലെ 6 വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 4572 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 1866 ഘനയടി വീതം കൊണ്ടു പോയി.
24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 25.8 മില്ലിമീറ്ററും തേക്കടിയിൽ 21.6 മില്ലിമീറ്ററും കുമളിയിൽ 20 മില്ലിമീറ്ററും മഴ പെയ്തു. മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന തേനി ജില്ലയിലെ 71 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. വെള്ളി രാവിലെ ആറിന് വൈഗയിലെ ജലനിരപ്പ് 65.49 അടിയാണ്. വൈഗയിലേക്ക് 24 മണിക്കൂറിനുള്ളിൽ സെക്കൻഡിൽ 1837 ഘനയടി വീതം വെള്ളം ഒഴുകിയപ്പോൾ 869 ഘനയടി വീതം തുറന്നു വിട്ടു.









0 comments