print edition ലേബർ കോഡുകൾ തൊഴിലാളികൾക്കുള്ള എല്ലാ പരിരക്ഷയും ഇല്ലാതാകും: എളമരം കരീം

കോഴിക്കോട് : ചരിത്രപരമായ 29 തൊഴിൽനിയമങ്ങൾ അട്ടിമറിച്ച് ലേബർ കോഡുണ്ടാക്കി ബ്രിട്ടീഷ് ഭരണകാലത്തെ അടിമസമാന രീതിയിലേക്ക് തൊഴിലാളികളെ എത്തിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.
തൊഴിലാളികളെ ബാധിക്കുന്ന ഒന്നും തൊഴിലാളി സംഘടനകളോട് ചർച്ചചെയ്യേണ്ടതില്ലെന്ന നിലപാടാണ് മോദി സർക്കാരിന്. ലേബർ കോഡുകൾ നടപ്പാക്കിയാൽ തൊഴിലാളികൾക്കുള്ള എല്ലാ പരിരക്ഷയും ഇല്ലാതാകും. അസംഘടിത മേഖലയിലുള്ളവരുടെ അവകാശസമരത്തിന് കടിഞ്ഞാൺ വീഴും. തൊഴിലാളികളുടെ കൂട്ടായ വിലപേശൽ ശക്തി ഇല്ലാതാവും. തൊഴിലാളി യൂണിയൻ രൂപീകരിക്കാൻ കഴിയാത്ത അവസ്ഥയും വരും. ജോലിസ്ഥിരതയും സുരക്ഷിതത്വവുമില്ലാതാകും. തൊഴിൽ കോഡുകളുടെ നടപ്പാക്കൽ സംബന്ധിച്ച ഉത്തരവിൽ തൊഴിലാളി സംഘടനകൾക്ക് അപമാനകരമായ പ്രസ്‌താവനയാണ് ബിഎംഎസ് ഇറക്കിയത്.
സമവർത്തി പട്ടികയിലുള്ള വിഷയമാണ് തൊഴിൽ. ചട്ടം വരുന്നതിനുമുമ്പ് സംസ്ഥാന സർക്കാരുകളെക്കൊണ്ട് ലേബർ കോഡുകൾ നടപ്പാക്കാനുള്ള സമ്മർദവും കേന്ദ്രസർക്കാർ നടത്തിയിരുന്നു. കോൺഗ്രസ് ഭരിക്കുന്നതുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ ലേബർ കോഡുകൾക്ക് അനുകൂലമായി നിയമം പാസാക്കി. തൊഴിലാളിവിരുദ്ധ നിയമം നടപ്പാക്കില്ല എന്നതാണ് കേരളത്തിന്റെ നിലപാട്. എല്ലാ തൊഴിൽ മേഖലകളിലും കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധം ഉയരുമെന്നും കരീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.








0 comments