print edition ഞങ്ങൾ അടിമകളല്ല; സർക്കാരിന്റെ തൊഴിലാളി ക്ഷേമം പൊള്ളത്തരം

modi

വര: എ ബാലകൃഷ്ണൻ

വെബ് ഡെസ്ക്

Published on Nov 23, 2025, 01:11 AM | 4 min read

ന്യൂ‍ഡൽഹി: പുതിയ ലേബർ കോഡുകൾതൊഴിലാളികൾക്ക്‌ പ്രയോജനകരമെന്ന കേന്ദ്ര സർക്കാർ വാദം പൊള്ളത്തരമാണെന്ന്‌ സിഐടിയു കാര്യകാരണ സഹിതം തുറന്നുകാട്ടി. ​


• നിയമം ലഘൂകരിച്ച് പ്രസക്തി നഷ്‌ടമാക്കി


ലഘൂകരണമെന്ന പേരിൽ യഥാർഥത്തിൽ വ്യവസായതർക്ക നിയമം, ഫാക്‌ടറി നിയമം തുടങ്ങിയ നിയമങ്ങളിലൂടെ തൊഴിലാളികൾക്ക്‌ ലഭിച്ചിരുന്ന സംരക്ഷണവ്യവസ്ഥകളെ അട്ടിമറിക്കുകയും ദുർബലപ്പെടുത്തുകയും ഇല്ലാതാക്കുകയുമാണ്‌ ചെയ്‌തത്‌. അവകാശങ്ങളെ ശക്തിപ്പെടുത്തുന്നതിന്‌ പകരം തൊഴിൽ സുരക്ഷ ഇല്ലാതാക്കുകയും തൊഴിൽ വകുപ്പുകളുടെ പ്രസക്തി നഷ്‌ടപ്പെടുത്തുകയും തൊഴിലാളിവർഗത്തെയാകെ അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക്‌ തള്ളിവിടുകയുമാണ്‌ ചെയ്‌തത്‌. 90 ശതമാനം തൊഴിൽശക്തിയും അസംഘടിത മേഖലയിലായ ഒരു രാജ്യത്ത്‌ നിയമന ഉത്തരവും മറ്റും ആര്‌ ഉറപ്പാക്കും.


​• ഗിഗ്‌ തൊഴിലാളി സാമൂഹ്യസുരക്ഷ നാമമാത്രം


സാർവത്രിക സാമൂഹ്യസുരക്ഷയെന്ന വ്യവസ്ഥ സാമൂഹ്യസുരക്ഷ ചട്ടത്തിലില്ല. ഗിഗ്‌ തൊഴിലാളികൾക്കും മറ്റുമുള്ള അവകാശങ്ങളെക്കുറിച്ച്‌ പേരിന്‌ പറഞ്ഞുപോവുകയാണ്‌. വിറ്റുവരവിന്റെ ഒന്ന്‌–രണ്ട്‌ ശതമാനം സാമൂഹ്യസുരക്ഷയ്‌ക്ക്‌ നീക്കിവയ്‌ക്കുമെന്നത്‌ പെൻഷൻ, പിഎഫ്‌, ആരോഗ്യക്ഷേമം തുടങ്ങിയ കാര്യങ്ങൾക്ക്‌ അപര്യാപ്‌തം. തൊഴിൽബന്ധവും തൊഴിലുടമാ ബാധ്യതകളും മറ്റും നിയമപരമായി വ്യവസ്ഥ ചെയ്യാതെ ഇത്തരം ക്ഷേമവ്യവസ്ഥകൾ ഉറപ്പിക്കാനാവില്ല. ഇഎസ്‌ഐ, പിഎഫ്‌, ഗ്രാറ്റുവിറ്റി എന്നിവ ലഭിക്കുന്നതിനുള്ള ജീവനക്കാരുടെ എണ്ണം, ശമ്പളപരിധി തുടങ്ങിയ മാനദണ്ഡങ്ങളിൽ ഒരു മാറ്റവും വരുത്താതെയാണ്‌ എല്ലാവർക്കും ഇ‍ൗ ആനുകൂല്യങ്ങൾ കിട്ടുമെന്ന അവകാശവാദം. ​• മിനിമം കൂലി കോഡിലില്ല ദേശീയാടിസ്ഥാനത്തിൽ അടിസ്ഥാന വേതനം ശാസ്‌ത്രീയമായി നിർണയിക്കപ്പെട്ട മിനിമം കൂലി ചട്ടത്തിലില്ല. വളരെ കുറഞ്ഞ അടിസ്ഥാനവേതനം പല സംസ്ഥാനത്തും മിനിമം കൂലി കുറയ്‌ക്കാൻ കാരണമാകും. നിലവിൽ 45 ശതമാനം തൊഴിലാളികൾക്കും മിനിമം കൂലിയില്ല. ആ സ്ഥിതി മാറില്ല.


​• ആരോഗ്യസംരക്ഷണം പേരിനുമാത്രം


എല്ലാ ജീവനക്കാർക്കും ഇഎസ്‌ഐ ആനുകൂല്യം ഉറപ്പാക്കുന്നതിനും ഇഎസ്‌ഐയിലേക്ക്‌ തൊഴിലുടമാ വിഹിതംകൂടി ഉറപ്പാക്കുന്നതിനും പകരം 40 വയസ്സ്‌ കഴിഞ്ഞവർക്കുള്ള ആരോഗ്യപരിശോധനയെക്കുറിച്ച്‌ മാത്രമാണ്‌ ചട്ടത്തിലുള്ളത്‌. 10ൽ താഴെ ജീവനക്കാരുള്ള തൊഴിലിടങ്ങളിൽ ഇത്‌ നിർബന്ധവുമല്ല.


​• തൊഴിലുറപ്പ്‌ വേതനം പോലും കിട്ടാതാകും


ശമ്പളം നൽകുന്നതിൽ വീഴ്‌ച വരുത്തിയാലും നിയമവിരുദ്ധമായി വെട്ടിക്കുറച്ചാലും പത്തിരട്ടി പിഴ എന്ന വ്യവസ്ഥ അടക്കം എടുത്തുകളഞ്ഞു കൊണ്ടാണ്‌ വേതനം കൃത്യമായി കിട്ടുമെന്ന്‌ ഉറപ്പുവരുത്തുമെന്ന പരിഹാസ്യ വാദം. തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ അടക്കം ബാധകമാക്കിയിരുന്ന വേതന വ്യവസ്ഥ എടുത്തുകളഞ്ഞതോടെ തൊഴിലുറപ്പ്‌ വേതനം കൃത്യമായി നൽകുകയെന്ന ബാധ്യതയിൽനിന്ന്‌ സർക്കാരിന്‌ ഒഴിയാനാകും.


​• തൊഴിൽസ്ഥിരത ഇല്ലാതാകും


സ്ഥിരംസ്വഭാവമുള്ള തൊഴിലുകളിലും സുപ്രധാന തൊഴിലുകളിലുമെല്ലാം ‘സ്ഥിരമായ’ താൽകാലിക ജോലിയാക്കുന്നതാണ്‌ നിശ്ചിതകാല തൊഴിൽ. സ്ഥിരം ജോലികളെല്ലാം നിശ്ചിതകാല താൽകാലിക ജോലികളാകും. ഒരു വർഷം കഴിഞ്ഞാൽ ഗ്രാറ്റുവിറ്റി എന്നത്‌ തൊഴിൽസ്ഥിരതയ്‌ക്കും സീനിയോറിറ്റിക്കും മറ്റ്‌ ആനുകൂല്യങ്ങൾക്കും പകരമാവില്ല. ​


• സ്‌ത്രീപ്രശ്നങ്ങള്‍ക്ക് പരിഹാരമില്ല


സുരക്ഷ ഉറപ്പുവരുത്താതെയാണ്‌ രാത്രി ഷിഫ്‌റ്റ്‌ വ്യവസ്ഥ. സമ്മതതോടെ എന്നത്‌ നിർബന്ധപൂർവമുള്ള സമ്മതമായി മാറും. കരാർ ജോലി, കുറഞ്ഞ കൂലി, തൊഴിലിടങ്ങളിലെ പീഡനം, സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങൾ, പ്രസവാനുകൂല്യങ്ങളുടെ നിഷേധം തുടങ്ങി സ്‌ത്രീ ജീവനക്കാരുടെ യഥാർഥ പ്രശ്‌നങ്ങൾക്ക്‌ പരിഹാരമില്ല.


​• എംഎസ്‌എംഇ മേഖല അരക്ഷിതമാകും


സ്വയം സാക്ഷ്യപ്പെടുത്തൽ, ഒഴിവാക്കൽ സംവിധാനങ്ങൾ, ആനുകൂല്യങ്ങൾ കിട്ടുന്നതിനുള്ള ജീവനക്കാരുടെ എണ്ണം പരിധിയിലെ വർധനവ്‌ എന്നിവയെല്ലാം എംഎസ്‌എംഇ മേഖലയിൽ തൊഴിലാളികളെ തീർത്തും അരക്ഷിതരാക്കും. ഖനി–തോട്ടം തുടങ്ങി അപകടകരമായ മേഖലകളിൽ പരിശോധനകളും മറ്റും ദുർബലപ്പെടുന്നത്‌ തൊഴിലാളികളുടെ സാഹചര്യം കൂടുതൽ മോശമാക്കും.


​• അനായാസം പിരിച്ചുവിടലും അടച്ചുപൂട്ടലും


പണിമുടക്കിനുള്ള എല്ലാ അവകാശവും ഇല്ലാതാക്കുന്നതാണ്‌ വ്യവസായബന്ധ ചട്ടം. പിരിച്ചുവിടലും അടച്ചുപൂട്ടലും 90 ശതമാനം തൊഴിലിടങ്ങളിലും ഇനി കൂടുതൽ എളുപ്പമാകും. വ്യവസായ തർക്കങ്ങളുടെ പരിഹാരം കൂടുതൽ ദുഷ്‌കരമാകും. ​


• നിയന്ത്രണ സംവിധാനം ദുർബലമാകും


സ്വതന്ത്ര പരിശോധനാ സംവിധാനം അവസാനിപ്പിച്ച്‌ സ‍ൗകര്യമൊരുക്കലിലേക്ക്‌ മാറുന്നതും അൽഗൊരിതം പ്രകാരമുള്ള പരിശോധനയുമെല്ലാം നിയന്ത്രണ സംവിധാനങ്ങളെ ദുർബലപ്പെടുത്തും. ചൂഷണം വ്യാപകമാകും. ​


• കരാർ തൊഴിൽ വ്യാപകമാകും


തൊഴിൽ അവകാശങ്ങൾ എടുത്തുകളയുന്നത്‌ കൂടുതൽ നിക്ഷേപത്തിന്‌ എവിടെയും കാരണമായിട്ടില്ല. രാജസ്ഥാനിൽ നേരത്തെ കൊണ്ടുവന്ന പരിഷ്‌ക്കാരം തൊഴിലുകൾ സൃഷ്‌ടിച്ചില്ല. എന്നാൽ കരാർ തൊഴിൽ വ്യാപകമായി.



ഇനി കരാർ തൊഴിലാളികൾ മാത്രം


പ്രധാനപ്പെട്ട തൊഴിലാളിദ്രോഹ വ്യവസ്ഥകൾ


• ലേബർ കോഡുകൾ ബാധകമാക്കാവുന്ന ഫാക്‌ടറികളിലെ തൊഴിലാളികളുടെ എണ്ണം പുനർനിർണയിച്ചതിലൂടെ നിയമത്തിന്റെ പരിധിയിൽനിന്ന്‌ വലിയൊരുവിഭാഗം വ്യവസായ സ്ഥാപനങ്ങള്‍ ഒഴിവായി. മുമ്പ്‌ വൈദ്യുതി ഉപയോഗിച്ചുപ്രവർത്തിക്കുന്ന പത്തിൽ കൂടുതൽ തൊഴിലാളികളുള്ള ഫാക്‌ടറികളും വൈദ്യുതി ഉപയോഗിക്കാത്ത ഇരുപതിൽ കൂടുതൽ തൊഴിലാളികളുള്ള ഫാക്‌ടറികളും തൊഴിൽനിയമ പരിധിയിലായിരുന്നു. ഇപ്പോൾ ഇത്‌ ഇരുപതും നാൽപ്പതും ആക്കി.


• വ്യവസായബന്ധ കോഡ് രാജ്യത്തെ 70 ശതമാനം വ്യവസായ സ്ഥാപനങ്ങളെയും 74 ശതമാനം വ്യവസായത്തൊഴിലാളികളെയും വെറും കരാർ സംവിധാനത്തിലേക്ക്‌ മാറ്റും. മുമ്പ്‌ നൂറോ അതിൽ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക്‌ തൊഴിലാളികളെ പിരിച്ചുവിടാനും വെട്ടിക്കുറയ്‌ക്കാനും സർക്കാർ അനുമതി വേണ്ടിയിരുന്നു. എന്നാൽ 300ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കുമാത്രമായി ഇ‍ൗ വ്യവസ്ഥ പരിമിതപ്പെടുത്തി. സർക്കാരിന്‌ പ്രത്യേക വിജ്ഞാപനത്തിലൂടെ വ്യവസ്ഥയിൽ പറയുന്ന തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാനുമാകും.


• തൊഴിലാളികളുടെ സേവന–-വേതന വ്യവസ്ഥകളും മറ്റും നിയമപരമായി പ്രതിപാദിക്കുന്ന 1946ലെ സ്റ്റാൻഡിങ്‌ ഓർഡർ 300 തൊഴിലാളികൾവരെയുള്ള സ്ഥാപനങ്ങൾക്ക്‌ ബാധകമല്ലെന്നും വ്യവസ്ഥയുണ്ട്‌. ഇപ്പോൾ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകളെ മറികടക്കാൻ സർക്കാരിന്‌ പ്രത്യേക അധികാരമുണ്ടാകും. നിയമത്തിലെ വ്യവസ്ഥകളിൽ വെള്ളം ചേർത്തുകൊണ്ടുള്ള ചട്ടങ്ങൾ ഉണ്ടാക്കാൻ സർക്കാരുകൾക്ക്‌ സാധിക്കും.


• പൊതുതാൽപ്പര്യത്തിന്റെ പേരിൽ ഏത്‌ വ്യവസായ സ്ഥാപനങ്ങളെയും വ്യവസായബന്ധ കോഡിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കാം. ഈ കിരാതവ്യവസ്ഥ ഉപയോഗിച്ചാണ്‌ കോവിഡ്‌കാലത്ത്‌ മധ്യപ്രദേശിലെ ബിജെപി സർക്കാർ പുതുതായി ആരംഭിക്കുന്ന വ്യവസായസ്ഥാപനങ്ങളിൽ തൊഴിൽനിയമത്തിലെ വ്യവസ്ഥകളൊന്നും ബാധകമല്ലെന്ന്‌ വിജ്ഞാപനമിറക്കിയത്.


• പുതിയ ലേബർ കോഡുകൾ സ്ഥിരംതൊഴിൽ എന്ന സങ്കൽപ്പം ഇല്ലാതാക്കി. നിശ്ചിത കാലയളവിലേക്കുമാത്രം തൊഴിൽ നൽകുന്ന ‘ഹ്രസ്വകാല തൊഴിൽ’ എന്ന പുതിയ സംവിധാനം കൊണ്ടുവന്നും. ഒരുവിധ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും അവര്‍ക്ക് നല്‍കേണ്ടതില്ല.


• തൊഴിലാളികളുടെ സുരക്ഷയോ തൊഴിൽ ചെയ്യുന്ന സാഹചര്യം മെച്ചപ്പെടുത്താനുള്ള വ്യവസ്ഥകളോ നിയമത്തിൽ ഉറപ്പാക്കിയില്ല. തൊഴിലിടസുരക്ഷാ ചട്ടത്തിൽ സുരക്ഷാമാനദണ്ഡങ്ങളുടെ വ്യവസ്ഥകളോ വിവിധ സാമൂഹ്യസുരക്ഷാപദ്ധതികളോ പരാമർശിക്കുന്നില്ല.


• സംഘടിക്കാനും യൂണിയൻ രൂപീകരിക്കാനുമുള്ള അവകാശവും വ്യവസായബന്ധ കോഡി ലൂടെ കവർന്നു. അംഗീകൃത യൂണിയനുകളെ നിശ്ചയിക്കാൻ ഒരു മാനദണ്ഡവുമില്ല. രഹസ്യബാലറ്റിലൂടെ അംഗീകൃത യൂണിയനുകളെ കണ്ടെത്തണമെന്ന ദീർഘകാല ആവശ്യം അവഗണിച്ചു. കൂട്ടായി വിലപേശാനുള്ള അവകാശവും നഷ്‌ടപ്പെടുകയാണ്‌.


• സ്റ്റാൻഡിങ്‌ ഓർഡർ ബാധകമല്ലാത്തതിനാൽ ഒരേ സ്ഥാപനത്തിൽ ഏകീകൃത തൊഴിൽവ്യവസ്ഥകൾ ഉണ്ടാകില്ലെന്ന്‌ വ്യക്തം. ഭൂരിഭാഗം തൊഴിലാളികളും കരാർ തൊഴിലാളികളോ ഒരു നിശ്‌ചിത കാലത്തേക്കുമാത്രം നിയമിച്ച ടേം തൊഴിലാളികളോ ആകാം. ഇത്‌ യൂണിയൻ പ്രവർത്തനത്തിന്‌ പ്രയാസം സൃഷ്
ടിക്കും.


• സമരം ചെയ്യാനുള്ള അവകാശവും കോഡ് നിഷേധിക്കുന്നു . വ്യവസായബന്ധ കോഡിൽ പണിമുടക്കിന്‌ 14 ദിവസത്തെ നോട്ടീസ്‌‌ നൽകണമെന്ന്‌ നിഷ്‌കർഷിക്കുന്നു. നോട്ടീസ്‌ നൽകിയിട്ടുണ്ടെങ്കിലും സമവായ ചർച്ചകൾ നടക്കുമ്പോൾ സമരം‌ അനുവദിക്കില്ല. സമവായ ചർച്ചകളിൽ തീരുമാനമായശേഷം ഏഴ്‌ ദിവസം കഴിഞ്ഞേ സമരം നടത്താനാകൂ.


• വിചാരണ നടപടികളിലൂടെ തർക്കം പരിഹരിക്കാനുള്ള നടപടി തുടങ്ങിയാൽ മൂന്ന്‌ മാസത്തേക്ക്‌ പണിമുടക്ക്‌ അനുവദിക്കില്ല. അവശ്യസേവന മേഖലയിൽ സമരത്തിന്‌ ആറ്‌ ആഴ്‌ചമുമ്പ്‌ നോട്ടീസ്‌ നൽകണം. ഫലത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അടിസ്ഥാന അവകാശമാണ്‌ നിഷേധിച്ചിരിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home