print edition എസ്ഐആർ; സംസ്ഥാനത്ത് 'പുറത്താകുന്നവരുടെ' എണ്ണം 1.19 ലക്ഷമായി

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്ര പുനഃപരിശോധന പുരോഗമിക്കുമ്പോൾ ‘കണ്ടെത്താൻ കഴിയാത്തവരുടെ’ എണ്ണം കൂടുന്നു. ശനി രാവിലെ 10വരെയുള്ള കണക്കനുസരിച്ച് 1.19 ലക്ഷംപേരെ കണ്ടെത്താനായില്ല. ഡിസംബർ നാലിനകം സംസ്ഥാനത്തെ മൊത്തം റിപ്പോർട്ടും ലഭ്യമാകും. തുടർന്ന് ഇൗ പേരുകൾ വോട്ടർപ്പട്ടികയിൽനിന്ന് നീക്കും.
മരണപ്പെട്ടവർ – 66,740, കണ്ടെത്താൻ കഴിയാത്തവർ/ സ്ഥലത്തില്ലാത്തവർ – 8,087. സ്ഥിരമായി താമസം മാറിയവർ –37,835. ഫോം പൂരിപ്പിച്ചു നൽകി എന്ന് അറിയിച്ചവർ – 6032. മറ്റുള്ളവർ – 621 എന്നിങ്ങനെയാണ് ബിഎൽഒമാർ കണക്ക് നൽകിയത്. ഇൗ റിപ്പോർട്ടിൽ രാഷ്ട്രീയ പാർടികൾ വലിയ ആശങ്കയാണ് ഉന്നയിക്കുന്നത്. മരണപ്പെട്ടവരെ മാറ്റിനിർത്തിയാൽ, വോട്ടവകാശത്തിന് അർഹതയുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവരെക്കൂടി ഉൾപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.
ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നും പാർടി പ്രതിനിധികൾ പറഞ്ഞു. ‘സ്ഥിരമായി താമസം മാറിയവർ’ എന്നത് എങ്ങനെയാണ് നിർവചിക്കുന്നതെന്നതിലും ആശങ്കയുണ്ട്. അവർ മറ്റു ബൂത്തുകളിൽ താമസിക്കുന്നുണ്ടെങ്കിൽ അവിടേയ്ക്ക് ഫോം എത്തിക്കാനുള്ള നടപടി സ്വീകരിക്കണം. ‘ആക്ഷേപം ഒഴിവാക്കണമെങ്കിൽ ബൂത്ത് തലത്തിൽ ബിഎൽഒ – ബിഎൽഎ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തണ’മെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓ-ഫീസറുടെ വാദം. ശനി വൈകിട്ട് ആറുവരെ 31,42 578 ഫോം ഡിജിറ്റൈസ് ചെയ്തു. ഓൺലൈനായി 48,851 ഫോം സമർപ്പിച്ചിട്ടുണ്ട്.








0 comments