യുഡിഎഫും ബിജെപിയും പ്രതിസന്ധിയിൽ;
print edition വികസനം, ക്ഷേമം; മുന്നേറാൻ എൽഡിഎഫ്

തിരുവനന്തപുരം: നാടിനെ അടിമുടി മാറ്റിയ വികസന പ്രവർത്തനങ്ങളും ക്ഷേമ നടപടികളും തദ്ദേശ തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാക്കി എൽഡിഎഫ്.
എന്നാൽ ജനജീവിതത്തെ നേരിട്ട് ബാധിക്കാത്ത അനാവശ്യ ചർച്ച കൊഴുപ്പിച്ച് വളഞ്ഞ വഴിയിലൂടെ നേട്ടമുണ്ടാക്കാനാകുമോയെന്നാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും നോട്ടം. സംസ്ഥാനത്താകെ വിമതപ്പട ഇറങ്ങിയതാണ് യുഡിഎഫിനെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയത്. പ്രവർത്തകരുടെ തുടരുന്ന ആത്മഹത്യകളിൽ മറുപടി പറയാൻ ബിജെപിക്ക് കഴിയുന്നില്ല. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയമായ തിങ്കളാഴ്‌ച പകൽ മൂന്നോടെ മത്സര ചിത്രം വ്യക്തമാകും. ചില മാധ്യമങ്ങൾ 24 മണിക്കൂറും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളുമായി എൽഡിഎഫിനെതിരെ രംഗത്തിറങ്ങിയിട്ടും ഏശുന്നില്ല.
എൽഡിഎഫ് കൂടുതൽ ശക്തമായി അധികാരത്തിൽ വരണമെന്നാണ് ഭൂരിഭാഗം ജനാഭിപ്രായമെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഇതിനപ്പുറം വ്യാജ പ്രചാരണമുണ്ടായ കാലങ്ങളിൽ യാഥാർഥ്യങ്ങൾ നോക്കി വിധിയെഴുതിയതാണ് കേരളത്തിന്റെ ചരിത്രം. ശബരിമലയിലെ തിരക്ക് പറഞ്ഞ് രണ്ടുദിവസം വ്യാജപ്രചാരണം നടത്തിയെങ്കിലും തീർഥാടകർ തന്നെ സുഗമ ദർശനത്തിന്റെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ശബരിമല ഉൾപ്പെടെ ക്ഷേത്രങ്ങൾക്കുണ്ടായ അഭിവൃദ്ധി, മറിച്ചുള്ള പ്രചരണങ്ങളുടെ മുനയൊടിക്കുന്നു. ക്ഷേമ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കിയതും വർധിപ്പിച്ചതും തെരഞ്ഞെടുപ്പിൽ ചർച്ചയാണ്. യുഡിഎഫ് കാലത്ത് ഉള്ളത് പോലും കൊടുക്കാത്തതും സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ ക്ഷേമ പദ്ധതികളുടെ കടയ്ക്കൽ കത്തിവച്ചതും കേരളജനത മറന്നിട്ടില്ല. ഭാവിയുടെ മുതൽക്കൂട്ടുകളായ വൻകിട പദ്ധതികളടക്കം എൽഡിഎഫ് കാലത്താണെന്ന യാഥാർഥ്യവും ജനം തിരിച്ചറിയുന്നുണ്ട്. തലയുയർത്തി നിൽക്കുന്ന വിഴിഞ്ഞം തുറമുഖം, ദേശീയപാത, ഗെയിൽ പൈപ്പ് ലൈൻ, പവർക്കട്ട് രഹിത കേരളം, ഇടമൺ ഇടനാഴി, വാട്ടർമെട്രോ, മലയോര–തീരദേശ പാതകൾ, ജലപാത. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ്‌പാർക്ക്, ഗ്രഫിൻ സെന്റർ, ഡിജിറ്റൽ സർവകലാശാല തുടങ്ങി നൂതന സംരംഭങ്ങളൊക്കയും എൽഡിഎഫിന്റെ ഭരണനേട്ടങ്ങളായി കൺമുന്നിലുണ്ട്.
പുതിയ റോഡുകൾ, 100 ലേറെ പുതിയ പാലങ്ങൾ, 100 പുതിയ റെയിൽ മേൽപ്പാലങ്ങൾ, 45,000 സ്മാർട്ട് ക്ലാസ് മുറികൾ, അഞ്ഞൂറിൽപരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്... നേട്ടങ്ങളുടെ നിര ചർച്ചയാക്കാതിരിക്കാനാണ് പ്രതിപക്ഷവും ശിങ്കിടിമാധ്യമങ്ങളും ശ്രമിക്കുന്നത്.







0 comments