അഞ്ചലില്‍ ഇനി കൗമാരകലയുടെ പൂരം

കൊല്ലം
റവന്യു ജില്ലാ സ്കൂൾ കലോത്സവം 25മുതൽ 29വരെ അഞ്ചലിൽ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചൽ ഈസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ മുഖ്യവേദിയായും മറ്റ് 12 വേദികളിലായുമാണ് മത്സരം. യുപി ജനറൽ, ഹൈസ്കൂൾ ജനറൽ, ഹയർ സെക്കന്‍ഡറി ജനറൽ, യുപി– ഹൈസ്കൂൾ വിഭാഗം അറബിക് സാഹിത്യോത്സവം, യുപി– ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം. യുപി വിഭാഗത്തിൽ 38, ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 95, ഹയർസെക്കന്‍ഡറി ജനറൽ വിഭാഗത്തിൽ 105 ഇനങ്ങളിലുമായാണ് പോരാട്ടം. അറബിക് സാഹിത്യോത്സവത്തിലും സംസ്കൃതോത്സവത്തിലും 19ഇനം മത്സരങ്ങൾ വീതമാണുള്ളത്. വേദികൾക്ക് നദികളുടെ പേരാണ് നൽകിയിരിക്കുന്നത്. മുഖ്യവേദി ഗംഗ. പി എസ് സുപാൽ എംഎല്‍എയാണ് സ്വാഗതസംഘം ചെയർമാൻ. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി 14സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഞായറാഴ്‌ച എല്ലാ വേദിയിലെയും പണി പൂർത്തിയാക്കി കലോത്സവത്തിനായി കൈമാറും. വിവിധ വേദികളിൽ ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റിയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. തിങ്കൾ പകല്‍ രണ്ടിന് ഗവ. എച്ച്എസ് അഞ്ചൽ ഈസ്റ്റിൽ മത്സരാർഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്നത് ജമാഅത്ത് ഓഡിറ്റോറിയത്തിലാണ്. മെഡിക്കൽ സർവീസ്, അഗ്നിരക്ഷാസേന സേവനങ്ങൾ ഉൾപ്പെടെ കുട്ടികൾക്ക് ആവശ്യമായ മറ്റ് ക്ഷേമപ്രവർത്തനങ്ങൾ ഉറപ്പാക്കാനുള്ള നടപടികൾ വെൽഫെയർ കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്. കലോത്സവം 25നു രാവിലെ ഒമ്പതിന് കലക്ടർ എൻ ദേവിദാസും സമാപന സമ്മേളനം 29ന് ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചലും ഉദ്ഘാടനംചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ ഐ ലാൽ, പബ്ലിസിറ്റി കൺവീനർ സക്കറിയ മാത്യൂ, പ്രോഗാം കമ്മിറ്റി കൺവീനർ സി പി ബിജുമോൻ, അനസ് ബാബു, എസ് അഹമ്മദ് ഉഖൈൽ, ഷഫീഖ് റഹ്മാൻ, കോശി എബ്രഹാം, ദിലീപ് കുമാർ, ഗണേഷ് കുമാർ, ഗിരീഷ് കുമാർ, എം എസ് സാജൻ എന്നിവർ പങ്കെടുത്തു.








0 comments