ഉയരെ

പുതുപ്പള്ളി സെന്റ് ജോർജ്സ് ഗവ. വിഎച്ച്എസ്എസ് പുതിയ കെട്ടിടം
പി സി പ്രശോഭ്
Published on Nov 23, 2025, 02:09 AM | 1 min read
കോട്ടയം
ലബോറട്ടറി സമുച്ചയമടക്കം പുതിയ കെട്ടിടങ്ങൾ, സ്‌മാർട്ട് ക്ലാസ്‌മുറികൾ – സർക്കാർ സ്‌കൂളുകളിൽ പഠനം അന്താരാഷ്‌ട്ര നിലവാരത്തിലാണ്. സ്വകാര്യ സ്‌കൂളുകളുപേക്ഷിച്ച് വിദ്യാർഥികൾ സർക്കാർ സ്‌കൂളുകളിലേക്ക് വരുന്നതും കേരളം ഇപ്പോൾ കാണുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ എല്ലാകുട്ടികൾക്കും ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയായിരുന്നു സർക്കാർ. പുനരുജ്ജീവിപ്പിച്ച സ്‌കൂളുകളിൽ, പൂട്ടാനിരുന്നവയുംപെടും. ജില്ലയിലെ പുതുപ്പള്ളി സെന്റ് ജോർജ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കാരാപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, തൃക്കൊടിത്താനം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, നീണ്ടൂർ എസ്‌കെവിജിഎച്ച്എസ്എസ്, വൈക്കം കുലശേഖരമംഗലം ഹയർസെക്കൻഡറി സ്‌കൂൾ, ആർപ്പൂക്കര മെഡിക്കൽ കോളേജ് ജിവിഎച്ച്എസ്‌എസ്, ഏറ്റുമാനൂർ ഗവ. ഗേൾസ്എച്ച്എസ്, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജിഎച്ച്എസ്, വാഴൂർ എൻഎസ്എസ് ഗവ. എൽപി സ്‌കൂൾ, വെള്ളാവൂർ താഴത്തുവടകര എൽപി സ്‌കൂൾ തുടങ്ങി പ്രാഥമികതലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള പൊതുവിദ്യാലയങ്ങൾക്കു പുതിയ കെട്ടിടങ്ങളും ആധുനിക ക്ലാസ് മുറികളും ഒരുക്കി. വിദ്യാകിരണം പദ്ധതിയിൽ കിഫ്ബി ഫണ്ട് വഴി സ്‌കൂളുകളിൽ അടിസ്ഥാനസൗകര്യ വികസനം ഒരുക്കി. കുമരകം ഗവ. വിഎച്ച്എസ്എസ്, തലയോലപ്പറമ്പ് എജെജെ എംജിഎച്ച്എസ്എസ്, പനമറ്റം ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ 2019 മുതൽ 2023 വരെ മൂന്നുകോടി രൂപയാണ് ഓരോ സ്‌കൂളിനും വിനിയോഗിച്ചത്. ഒരുകോടി രൂപ ചെലവിൽ 2022-–25 കാലയളവിൽ ഈരാറ്റുപേട്ട ജിഎച്ച്എസ്, നീണ്ടൂർ എസ്‌കെവി ജിഎച്ച്എസ്എസ്, നെടുങ്കുന്നം ഗവ. എച്ച്എസ്എസ്, കാണക്കാരി ഗവ. വിഎച്ച്എസ്എസ്, കുറിച്ചി ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ നിർമാണം പൂർത്തീകരിച്ചു. ജില്ലയിൽ നബാർഡ് ഫണ്ട് വിനിയോഗിച്ച് രണ്ട് കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കൊമ്പുകുത്തി ജിഎച്ച്എസ്, പനക്കച്ചിറ ജിഎച്ച്എസ്, വടവാതൂർ ജിഎച്ച്എസ്, വാഴൂർ ജിഎച്ച്എസ്, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജിഎച്ച്എസ് എന്നീ സ്‌കൂളുകളിൽ നടപ്പിലാക്കിയത്.








0 comments