print edition 22 പേർക്ക് കൊലപാതകക്കുറ്റമില്ല; പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: 3 പ്രതികളെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി

കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിൽ മൂന്നു പ്രതികളെ പ്രതിപ്പട്ടികയിൽനിന്നും 22 പ്രതികളെ കൊലപാതകക്കുറ്റത്തിൽനിന്നും കോടതി ഒഴിവാക്കി. ക്ഷേത്രക്കമ്മിറ്റിക്കാരും വെടിക്കെട്ട് ആശാന്മാരും വെടിക്കെട്ടിനു നേതൃത്വം നൽകിയ വ്യക്തിയും ഉൾപ്പെട്ട 18 പ്രതികളിൽ കൊലപാതകക്കുറ്റം നിലനിർത്തി.
കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഒന്നുമുതൽ 55 വരെ പ്രതികൾക്ക് കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. ആകെ 16 പേർ വിടുതൽ ഹർജി നൽകിയിരുന്നെങ്കിലും മറ്റു പ്രതികളുടെ ഹർജി കോടതി തള്ളി. പ്രതികൾക്ക് കുറ്റപത്രം നൽകുന്നതിനായി കേസ് 29ന് പരിഗണിക്കും. 42 പ്രതികളെ വിചാരണചെയ്യും.
കരിമരുന്ന് വ്യാപാരികളായ നേമം കരുമൺ ചൂഴിക്കുന്ന് പുതുവൽ പുത്തൻവീട്ടിൽ ജിഞ്ചു, ചിറയിൻകീഴ് കിഴുവിലം പറയത്തുകോണം പൂമംഗലത്ത് സലിം, കൊല്ലം അഞ്ചുകല്ലുംമൂട് തെക്കേ ഇഞ്ചയ്ക്കൽ പുന്നവിള വീട്ടിൽ സിയാദ് എന്നിവരെയാണ് പ്രത്യേക കോടതി ജഡ്‌ജി എം സി ആന്റണി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയത്. ഇവർ യഥാക്രമം 57 മുതൽ 59 വരെ പ്രതികളാണ്. കേസിലെ 59 പ്രതികളിൽ 13 പേർ മരിച്ചു. ഒരു പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ പി ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ ഹാജരായി.









0 comments