print edition കൂട്ടുകാരികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു; പിരിയാത്ത ആത്മബന്ധം

വണ്ടാനം: ജീവിതത്തിൽ കൂട്ടായിരുന്നവർ മരണത്തിലും ഇണപിരിഞ്ഞില്ല. സഹപാഠിയെ ആശുപത്രിയിൽ സന്ദർശിച്ച കൂട്ടുകാരി കുഴഞ്ഞുവീണ് മരിച്ചതിനു പിന്നാലെ ചികിത്സയിലായിരുന്ന സഹപാഠിയും മരിച്ചു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂട്ടുകാരിയെ സന്ദർശിക്കാനെത്തിയ കായംകുളം കൃഷ്ണപുരം കാവിന്റെവടക്കതില്‍ ഖദീജക്കുട്ടി (കൊച്ചുമോള്‍-–51) വെള്ളി വൈകിട്ട് അഞ്ചോടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. ചികിത്സയിലായിരുന്ന മുതുകുളം കണ്ടല്ലൂര്‍ മഠത്തിപടീറ്റതില്‍ ശ്യാമള (51) രാത്രി പന്ത്രണ്ടോടെ മരിച്ചു.
കായംകുളം എം എസ് എം കോളേജിലെ 1990-–92 ലെ പ്രീഡിഗ്രി സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥികളായിരുന്ന ഇരുവരും പഠനശേഷവും ആത്മബന്ധം തുടര്‍ന്നു. അർബുദ രോഗബാധിതയായി ശ്യാമള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുമ്പോൾ ഖദീജയുടെ നേതൃത്വത്തില്‍ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയായ സ്നേഹതീരം ചികിത്സാസഹായം സമാഹരിച്ചു. ഇത് കൈമാറാന്‍ കൂട്ടായ്മയിലെ അംഗങ്ങൾക്കൊപ്പം എത്തിയ ഖദീജ വെള്ളി വൈകിട്ട് നാലോടെ ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോളാണ് കുഴഞ്ഞുവീണത്. ഒപ്പമുള്ളവർ ചേർന്ന് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂട്ടുകാരിയുടെ മരണവിവരം ശ്യാമളയെ അറിയിച്ചിരുന്നില്ല. മഹിളപ്രധാന്‍ ഏജന്റായ ഖദീജയുടെ നിര്‍ബന്ധത്തെ തുടർന്നാണ് തുക കൈമാറാന്‍ കൂട്ടായ്മയിലെ മറ്റുള്ളവരും ഇവർക്കൊപ്പമെത്തിയത്.
കൂട്ടായ്മയുടെ ക്രിസ്മസ് പുതുവല്‍സര ആഘോഷത്തില്‍ ഒരുമിക്കാമെന്ന് പറഞ്ഞ് പിരിഞ്ഞവർ ഇനി ഒപ്പമില്ലെന്ന ദു:ഖത്തിലാണ് മറ്റ് സഹപാഠികൾ. സൂരജ്, സിദ്ധാര്‍ഥ് എന്നിവരാണ് ശ്യാമളയുടെ മക്കൾ.









0 comments