പടലപ്പിണക്കം, വിമതശല്യം
തലവേദന ഒഴിയാതെ യുഡിഎഫ്


സ്വന്തം ലേഖകൻ
Published on Nov 23, 2025, 01:58 AM | 1 min read
കോട്ടയം
പരസ്‌പര കലഹത്തിലും വിമതരുടെ കുത്തൊഴുക്കിലും ആടിയുലഞ്ഞ് യുഡിഎ-ഫ് നേതൃത്വം. സീറ്റ് കിട്ടാത്തവരും സ്ഥാനമോഹികളും മത്സരത്തിനിറങ്ങിയപ്പോൾ വിമതരുടെ പടയായി. കോൺഗ്രസും കേരള കോൺഗ്രസും(ജോസഫ് വിഭാഗം) നേരിട്ട് ഏറ്റുമുട്ടുന്ന ഇടങ്ങളുണ്ട്. ഇൗരാറ്റുപേട്ട ബ്ലോക്കിലെ മൂന്നിലവ് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനർഥി ഷിബു തോമസിനെതിരെ യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡന്റ് സ്റ്റാൻലി മാണി മത്സരിക്കുന്നു. കുറിഞ്ഞിപ്ലാവ്, തഴക്കവയൽ വാർഡുകളിൽ കോൺഗ്രസും കേരള കോൺഗ്രസും പരസ്പരം മത്സരിക്കുന്നു. തഴക്കവയലിൽ ജോസഫ് ഗ്രൂപ്പിലെ ആൻഡ്രൂസ് അറയ്ക്കലിനെതിരേയാണ് മുൻ പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ പി എം ജോസഫ് മത്സരിക്കുന്നത്. അതിരമ്പുഴ പഞ്ചായത്ത് വാർഡ് 7, 12 എന്നിവിടങ്ങളിലും ഇരുപാർടികളും നേർക്കുനേരാണ് മത്സരം. സീറ്റ് കിട്ടാത്ത കോൺഗ്രസ് നേതാവാണ് ഏറ്റുമാനൂർ നഗരസഭ 21 -ാം വാർഡിൽ യുഡിഎഫ് വിമതൻ. വാഴൂർ പഞ്ചായത്ത് പത്താം വാർഡിൽ കോൺഗ്രസിന്റെ സീറ്റ് ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് വാർഡ് പ്രസിഡന്റ് കൂടിയായ വി ആർ മനോജ് വിമതനായി നിൽക്കുന്നു. പാലാ നഗരസഭ 19ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സതീഷ് ചൊള്ളാനിയ്ക്കെതിരെ കോൺഗ്രസ് സിറ്റിങ് കൗൺസിലർ മായാ രാഹുൽ റിബലായി രംഗത്തുണ്ട്. കരൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി മണ്ഡലം പ്രസിഡന്റ് പയസ് മാണിക്കെതിരെ വാർഡിലെ കോൺഗ്രസിന്റെ സിറ്റിങ് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ വിമത സ്ഥാനാർഥിയാണ്. ഉഴവൂർ ബ്ലോക്ക് രാമപുരം ഡിവിഷനിൽ കേരള കോൺഗ്രസ്(ജോസഫ് വിഭാഗം) സ്ഥാനാർഥി ജോസഫ് കണ്ടത്തിന് റിബലായി കോൺഗ്രസ് രാമപുരം മണ്ഡലം സെക്രട്ടറി ബെന്നി കച്ചിറമറ്റം രംഗത്തുണ്ട്. ഭരണങ്ങാനം എട്ടാം വാർഡിൽ കോൺഗ്രസ് മണ്ഡലം ഭാരവാഹി കെ ടി തോമസ് കിഴക്കേക്കരയ്ക്കെതിരെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് പി എസ് സുകുമാരൻ മത്സരിക്കുന്നു. എലിക്കുളം പഞ്ചായത്തിലെ മൂന്നാംവാർഡിൽ യുഡിഎഫ് സ്ഥാനാർഥികളായി രണ്ടുപേർ നാമനിർദേശപത്രിക സമർപ്പിച്ച് പ്രചാരണത്തിലാണ്. യുഡിഎഫ് സ്വതന്ത്രയായി സിനി ജോയിയും ഡിസിസി പ്രഖ്യാപിച്ച കോൺഗ്രസ് പ്രതിനിധി ആനിയമ്മയുമാണ് യുഡിഎഫ് സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയത്. ഇരുവരും സോഷ്യൽമീഡിയ പോസ്റ്ററുകളും ബോർഡുകളുമായി രംഗത്തിറങ്ങി.








0 comments