മധുര– ഗുരുവായൂർ എക്സ്പ്രസ്

സർവീസ്‌ റദ്ദാക്കുന്നത് 
തീർഥാടകരെ വലയ്ക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2025, 01:59 AM | 1 min read

കൊല്ലം

പുനലൂർ-, കൊല്ലം -വഴിയുള്ള മധുര– ഗുരുവായൂർ എക്സ്പ്രസ് (16327 നമ്പർ) ട്രെയിൻ പതിവായി ഭാഗികമായി റദ്ദാക്കുന്നത് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു പോകുന്ന തീർഥാടകരെ വലയ്ക്കുന്നു. ശനിയാഴ്ചത്തെ ഗുരുവായൂർ എക്സ്പ്രസ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തി യാത്ര അവസാനിപ്പിച്ചു. മധുരയിൽനിന്ന്‌ ഓടിവരുന്ന ട്രെയിൻ രാത്രി 7.45നാണ്‌ കൊല്ലം സ്റ്റേഷനിൽനിന്നു ഗുരുവായൂരിലേക്ക്‌ യാത്ര തുടരുന്നത്‌. അടുത്തിടെയായി ഇ‍ൗ ട്രെയിൻ പല ദിവസങ്ങളിലും കൊല്ലം വരെയും ചിലപ്പോൾ തൃശൂർ വരെയും യാത്ര അവസാനിപ്പിക്കുകയാണ്‌. ശബരിമല മണ്ഡലകാല സീസണും ഒരു മാസം നീളുന്ന ഏകാദശി വിളക്കും വൃശ്ചികമാസത്തിലെ ആദ്യ ഞായറാഴ്ചയും ആയതിനാൽ ഗുരുവായൂരിൽ ദർശനത്തിനു പോകേണ്ട അനേകം തീർഥാടകരെയാണ്‌ റെയിൽവേ അവഗണിക്കുന്നത്‌. അറ്റകുറ്റപ്പണിയുടെ പേരിലാണ്‌ സർവീസ്‌ ഭാഗികമായി റദ്ദാക്കുന്നത്. രാത്രി 7.45ന് കൊല്ലത്തുനിന്നു പുറപ്പെട്ട് പുലർച്ചെ 2.10ന് ഗുരുവായൂരിൽ എത്തുന്ന ട്രെയിനാണ് മധുര–- ഗുരുവായൂർ എക്സ്പ്രസ്. നിർമാല്യദർശനം മുതൽ ഗുരുവായൂരിലെ എല്ലാ ചടങ്ങുകളിലും വിവാഹം, ചോറൂണ്, തുലാഭാരം എന്നിവയിലും പങ്കെടുക്കാനായി നിരവധിപേർക്ക്‌ ഉപകാരപ്രദമായ സർവീസാണിത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Home