തദ്ദേശ വാർഡ്‌ വിഭജനം അന്തിമവിജ്ഞാപനമായി; നഗരങ്ങളിൽ ഇനി 3662 പ്രതിനിധികൾ

kerala secretariat
avatar
സ്വന്തം ലേഖകൻ

Published on May 29, 2025, 11:46 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഇനി ആകെ 3,662 വാർഡുകൾ. കോർപറേഷനുകളിൽ ഏഴു വാർഡുകൾ വർധിച്ച്‌ 421 ആയി. മുനിസിപ്പാലിറ്റികളിൽ 128 വാർഡുകൾ വർധിച്ചു. 3,241 വാർഡുകളാണ്‌ ആകെ. എട്ടു മുനിസിപ്പാലിറ്റികളിൽ വാർഡുകളിൽ മാറ്റമില്ല. മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകൾ പുനഃനിർണയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പുറത്തിറക്കി. ഇതോടെ അതിർത്തികളിലും മാറ്റം വന്നു.


പഞ്ചായത്ത്‌ വാർഡുകൾ പുനഃവിഭജിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം 20ന്‌ പുറത്തിറങ്ങിയിരുന്നു. തദ്ദേശ വാർഡ്‌ വിഭജനത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായി. അടുത്ത ഘട്ടമായി ബ്ലോക്ക്‌ പഞ്ചായത്തുകളുടെയും മൂന്നാം ഘട്ടമായി ജില്ലാ പഞ്ചായത്തുകളുടെയും വാർഡ്‌ വിഭജനം നടക്കും.


കഴിഞ്ഞ നവംബർ 18നാണ്‌ വാർഡ്‌ വിഭജനത്തിന്റെ കരട്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്‌. ഡി ലിമിറ്റേഷൻ കമീഷന്റെ പോർട്ടലിൽ പൊതുജനങ്ങൾക്ക്‌ ഇവ ലഭ്യമാക്കിയിരുന്നു. പരാതികൾ ഉണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ വഴിയും കമീഷന്‌ നേരിട്ടും ഇവ സമർപ്പിക്കാൻ അവസരം ലഭിച്ചു. ലഭിച്ച പരാതികൾ അന്വേഷിക്കാൻ ആയിരത്തിലധികം ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയമിച്ചിരുന്നു. ഇവർ നൽകിയ റിപ്പോർട്ട്‌ കലക്‌ടർമാർ പരിശോധിച്ച്‌ ഡി ലിമിറ്റേഷൻ കമീഷന്‌ കൈമാറി.


എല്ലാ ജില്ലകളിലും കമീഷൻ പരാതിക്കാരെ നേരിൽ കണ്ടിരുന്നു. തുടർന്ന്‌ വീണ്ടും സിറ്റിങ്‌ നടത്തി കരട്‌ വിജ്ഞാപനത്തിന്മേൽ ലഭിച്ച പരാതികളും അന്വേഷണ റിപ്പോർട്ടും കമീഷൻ നേരിൽകേട്ട വിവരണങ്ങളും വിശദമായി പരിശോധിച്ച്‌ ആവശ്യമായി ഭേദഗതി വരുത്തിയാണ്‌ മുനിസിപ്പാലിറ്റികളുടെയും കോർപറേഷന്റെയും അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിച്ചത്‌.


പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡ്‌ പുനവിഭജനം പൂർത്തിയായതോടെ വോട്ടർ പട്ടിക തയ്യാറാക്കുന്ന നടപടികളിലേക്ക്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ കടക്കും. ഒന്നര മാസത്തിനുള്ളിൽ കരട്‌ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home