വഖഫ് ഭൂമി തട്ടിയ ലീഗിന്റെ പ്രതിഷേധം കാപട്യം: കാസിം ഇരിക്കൂർ
വഖഫ് ഭൂമി കൈക്കലാക്കാൻ പുതിയ ബില്ല് മറയാക്കുന്നു ; ലീഗിന്റെ ഇരട്ടത്താപ്പിൽ അണികൾക്ക് അമർഷം

തളിപ്പറമ്പ് : വഖഫ് ഭേദഗതിനിയമ ബില്ലിനെ തള്ളിപ്പറഞ്ഞ മുസ്ലിം ലീഗ് അതേ ഭേദഗതിയുടെ ആനുകൂല്യം തേടി തളിപ്പറമ്പിൽ വഖഫ് ഭൂമി തട്ടിയെടുക്കാൻ നടത്തുന്ന നീക്കത്തിൽ പ്രതിഷേധം ശക്തം. തളിപ്പറമ്പ് ജമാഅത്ത് പള്ളിയുടെ 25 ഏക്കർ ഭൂമി വഖഫ് ഭേദഗതിനിയമത്തിന്റെ മറവിലൂടെ കൈക്കലാക്കാനായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതൃത്വമാണ് ഹൈക്കോടതിയെ സമീപിച്ചത്.
മതവിശ്വാസ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്നുവെന്ന് അണികളെ വിശ്വസിപ്പിക്കുന്ന ലീഗിന്റെ ഇരട്ടത്താപ്പാണ് വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരത്തിലൂടെ മറനീക്കുന്നത്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യ ഖാസിയായ തളിപ്പറമ്പ് ജമാഅത്ത് പള്ളിയുടെ ഭൂമി തട്ടാൻ നിയമയുദ്ധവുമായി ഇറങ്ങിയിരിക്കുന്നത്, ലീഗ് ജില്ലാ സെക്രട്ടറി അള്ളാംകുളം മഹമ്മൂദ് സെക്രട്ടറിയായ കണ്ണൂർ ജില്ലാ മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ (സിഡിഎംഇഎ) ആണ്.
ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിയന്ത്രണത്തിലുള്ള സംഘടനയാണിത്. ലീഗ് നേതാവ് അഡ്വ. പി മഹമ്മൂദാണ് സിഡിഎംഇഎ പ്രസിഡന്റ്. തളിപ്പറമ്പ് ജമാഅത്ത് പള്ളിക്കമ്മിറ്റിയുടെ ഭൂമി കരാർ തെറ്റിച്ച് കൈക്കലാക്കാനായി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകിയതിനെതിരെ പാർടിയിലും വിശ്വാസികൾക്കിടയിലും വൻ പ്രതിഷേധം ഉയ ർന്നു.
തളിപ്പറമ്പിൽ സർ സയ്യിദ് കോളേജ് സ്ഥാപിക്കാൻ സിഡിഎംഇഎയ്‌ക്ക് 21. 53 ഏക്കർ ഭൂമി നൽകാൻ തളിപ്പറമ്പ് ജമാഅത്ത് പള്ളിക്കമ്മിറ്റിക്ക് വഖഫ് ബോർഡ് അനുമതി നൽകിയിരുന്നു. റീസർവേ നമ്പർ 146/1 ബി, 147/1 എ സ്ഥലങ്ങളാണ് കൈമാറിയത്. 1967 ഫെബ്രുവരി 22ന് രജിസ്‌ട്രാർ പി രാധാകൃഷ്ണൻമേനോന് 44.5 രൂപ ഫീസടച്ച് പള്ളി മുതവല്ലി കെ വി സൈനുദീനും സിഡിഎംഇഎ സ്ഥാപക പ്രസിഡന്റ് അഡ്വ. വി ഖാലിദും ലീസ് ആധാരം രജിസ്‌റ്റർ ചെയ്‌തു. ഈ രേഖകൾ നിലനിൽക്കെയാണ് അതിനെതിരെ ലീഗ് ജില്ലാ നേതൃത്വംകോടതിയിൽ പോയിരിക്കുന്നത്. 21.53 ഏക്കറിനുപകരം 25 ഏക്കറിലാണ് കോളേജ് പ്രവർത്തിക്കുന്നതെന്നും ഈ ഭൂമി നരിക്കോട് ഈറ്റിശേരി ഇല്ലം വകയാണെന്നും കോടതിയിൽ സത്യവാങ്‌മൂലവും നൽകിയിട്ടുണ്ട്.
മതത്തിന്റെപേരിൽ അണികളുടെ വികാരം മുതലെടുക്കുന്ന ലീഗ് ഭൂമാഫിയാ സംഘത്തെപ്പോലെയാണ് ഭൂമി കൈക്കലാക്കാൻ ശ്രമിക്കുന്നത്. ബിജെപിയുടെ വർഗീയലക്ഷ്യങ്ങളെ തുറന്നുകാട്ടുന്നതിനുപകരം, വഖഫ് ഭൂമി കൈക്കലാക്കാൻ നടത്തുന്ന നീക്കം സമുദായത്തെയും വിശ്വാസികളെയും വഞ്ചിക്കുന്നതാണെന്ന് പ്രവർത്തകർ പറയുന്നു.
വഖഫ് ഭൂമി തട്ടിയ ലീഗിന്റെ പ്രതിഷേധം കാപട്യം: കാസിം ഇരിക്കൂർ
വഖഫ് ഭൂമി തട്ടിയെടുത്ത മുസ്ലിം ലീഗ് കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. തളിപ്പറമ്പ് ജമാഅത്ത് പള്ളിയുടെ 21.53 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് 1967ൽ സർ സയ്യിദ് കോളേജ് തുടങ്ങിയ കണ്ണൂർ ഡിസ്ട്രിക്ട് മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷന്റെ (സിഡിഎംഇഎ) കൈവശം ഇപ്പോൾ അതിലുമേറെ ഭൂമിയുണ്ട്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. അഞ്ചു സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നു. ലീഗ് നേതാക്കളാണ് സിഡിഎംഇഎ ഭാരവാഹികൾ.
തളിപ്പറമ്പ് സർ സയ്യിദ് കോളേജിന്റെ ഭൂമി പൂർണമായും ലീഗിന്റെ അധീനതയിലേക്ക് മാറ്റുകയാണ് നേതാക്കൾ. ഭൂമി നരിക്കോട് ഈറ്റില്ലശ്ശേരി ഇല്ലത്തിന്റേതാണെന്ന അസോസിയേഷന്റെ സത്യവാങ്മൂലം ഞെട്ടിച്ചു. ഭൂമി തട്ടിയെടുക്കാൻ വ്യാജ രേഖകളുണ്ടാക്കി. തണ്ടപ്പേര് മാറ്റി. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ ഖാസിയായ തളിപ്പറമ്പ് ജമാഅത്ത് പള്ളിയുടെ വഖഫ് ഭൂമി തട്ടിയെടുക്കുമ്പോൾ പ്രതികരിക്കാത്തത് ലീഗിന്റെ ഇരട്ടത്താ പ്പാണ്.
ജമാഅത്ത് കമ്മിറ്റിക്കു കീഴിലുള്ള സീതി സാഹിബ് ഹൈസ്‌കൂളിലും മറ്റു സ്ഥാപനങ്ങളിലും അഴിമതിയുണ്ട്. ലീഗ് ജില്ലാ സമ്മേളനത്തിന് പള്ളിയുടെ അക്കൗണ്ടിൽനിന്ന് അരലക്ഷം രൂപ സംഭാവന നൽകിയതായി ജസ്‌റ്റിസ് നിസാർ കമീഷന്റെ റിപ്പോർട്ടുണ്ട്. ലീഗ് നേതാവ് അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ സീതി സാഹിബ് സ്‌കൂളിൽ അഡീഷണൽ പ്ലസ്‌വൺ ബാച്ച് അനുവദിക്കുന്നതിന് 15 ലക്ഷം രൂപ നൽകിയതായി വഖഫ് ബോർഡ് ഓഡിറ്റർ ഇ കെ കരുണാകരന്റെ റിപ്പോർട്ടുമുണ്ട്– കാസിം ഇരിക്കൂർ വാർത്താസമ്മേളനത്തിൽ പ റഞ്ഞു.









0 comments