വഖഫ്‌ ഭേദഗതി: നിയമത്തിൽ ഏറെ അപാകതകളുണ്ടെന്ന് കോടതി വിധിയിലൂടെ വ്യക്തമായി- പി കെ കുഞ്ഞാലിക്കുട്ടി

 pk kunhalikutty
വെബ് ഡെസ്ക്

Published on Apr 17, 2025, 06:21 PM | 1 min read

കോഴിക്കോട്‌ : വഖഫ്‌ ഭേദഗതി നിയമത്തിൽ സുപ്രീംകോടതി നടപടി പ്രത്യാശ പകരുന്നതാണെന്ന്‌ മുസ്ലിംലീഗ്‌ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കോടതി നിർദ്ദേശങ്ങളിൽ പോസിറ്റീവ് ആയ പലതും ഉണ്ട്. ന്യൂനപക്ഷങ്ങൾ ഉയർത്തിയ പരാതികൾ കോടതി കേൾക്കാൻ തയാറായത്‌ സന്തോഷകരമാണ്‌. നിലവിലെ നിർദ്ദേശങ്ങൾക്ക് താൽക്കാലിക സ്റ്റേയുടെ സ്വഭാവമുണ്ട്. നിയമത്തിൽ നിറയെ അപാകതകൾ ഉണ്ടെന്ന് ബോധ്യമായി.


ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന് കോടതിയുടെ നിരീക്ഷണം വന്നു. കോടതിയുടെ അവസാന ഉത്തരവുവരെ കാത്തിരിക്കാം എന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട്‌ പറഞ്ഞു.


ആശ്വാസകരമായ ഉത്തരവ്: ഐ എൻ എൽ


കോഴിക്കോട്‌ : വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് മതേതര–-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശ്വാസം പകരുന്നതാണെന്ന് ഐ എൻ എൽ. വഖഫ് സ്ഥാപനങ്ങളുടെ തൽസ്ഥിതി തുടരണമെന്നും പുതിയ നിയമനങ്ങൾ പാടില്ലെന്നമുള്ള നിർദേശം ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റുന്നതാണ്‌. പുതിയ നിയമം നടപ്പാക്കുന്നത് തടഞ്ഞുള്ള നീക്കം സംഘപരിവാറിനും കേന്ദ്ര സർക്കാറിനും പ്രഹരമാണ്. ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂട് കാത്തു സൂക്ഷിക്കുന്ന അന്തിമ വിധിയാകും പരമോന്നത നീതി പീഠത്തിൽ നിന്നും ഉണ്ടാകുകയെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ്‌ അഹമ്മദ് ദേവർകോവിൽ എംഎൽഎയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു.


സ്വാഗതാർഹം: നാഷണൽ ലീഗ്


കോഴിക്കോട്‌ : ഭരണഘടനയേയും ജനാധിപത്യ മര്യാദകളെയും തകിടം മറിച്ച്‌ കേന്ദ്ര സർക്കാർ അടിച്ചേൽപിച്ച വഖഫ് നിയമഭേദഗതിക്കെതിരായ സുപ്രിം കോടതി ഇടപെടൽ നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. രാജ്യത്തിന്റെ മതേതര മനസ്സിനേറ്റ മുറിവിന് പരമോന്നത നീതിപീഠ ഇടപെടലിലൂടെ തൽക്കാലത്തേക്കെങ്കിലും ആശ്വാസമായി. പ്രതിഷേധം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ പ്രതിലോമ കരമായ നിയമം പിൻവലിക്കാൻ തെയ്യാറാകണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ്‌ പ്രൊഫ. എപി അബ്ദുൾ വഹാബ് അധ്യക്ഷനായി. സി പി നാസർ കോയ തങ്ങൾ, ബഷീർ ബഡേരി, എൻ കെ അബ്ദുൾ അസീസ്, സ്വാലിഹ് ശിഹാബ് തങ്ങൾ, ശർമ്മദ് ഖാൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home