വാളയാറിലെ പെൺകുട്ടികളുടെ മരണം: ആത്മഹത്യയെന്ന് സിബിഐയും


സ്വന്തം ലേഖകൻ
Published on Feb 10, 2025, 12:00 AM | 1 min read
കൊച്ചി: വാളയാറിൽ ഒമ്പതും പതിമൂന്നും വയസുള്ള സഹോദരിമാരുടെ മരണം ആത്മഹത്യയാകാമെന്ന് സിബിഐ കുറ്റപത്രം. പൊലീസ് സർജൻ, സൈക്കോളജിക്കൽ ഓട്ടോപ്‌സി (മാനസിക വിശകലന റിപ്പോർട്ട്) റിപ്പോർട്ടുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സിബിഐ നിഗമനം.
പോസ്‌റ്റുമോർട്ടം കണ്ടെത്തലുകൾ, കുറ്റകൃത്യം നടന്ന സ്ഥലം, ഇൻക്വസ്‌റ്റ് ചിത്രങ്ങൾ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലുള്ള പൊലീസ് സർജൻ റിപ്പോർട്ടും വ്യക്തമാക്കുന്നത് തൂങ്ങിമരണമായിരിക്കാമെന്നാണ്. മാനസികവിശകലന റിപ്പോർട്ടും ആത്മഹത്യയിലേക്ക് വിരൽചൂണ്ടുന്നു. സങ്കീർണമായ കുടുംബസാഹചര്യം, ലൈംഗികപീഡനം, കുറ്റവാളികളുടെ സാന്നിധ്യം, അവരുടെ ഭീഷണി എന്നിവയെല്ലാം ജീവനൊടുക്കുന്നതിലേക്ക് കുട്ടികളെ നയിച്ചിരിക്കാമെന്ന് മാനസികവിശകലന റിപ്പോർട്ടിൽ പറയുന്നതായി കുറ്റപത്രത്തിലുണ്ട്.
കുട്ടികളെ പീഡിപ്പിക്കാൻ മാതാപിതാക്കൾ ഒത്താശചെയ്‌തിരുന്നു. കുട്ടികളുടെ സാന്നിധ്യത്തിൽ അവരുടെ അമ്മ കേസിലെ ഒന്നാംപ്രതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. മൂത്തകുട്ടിയെ ഒന്നാംപ്രതി ലൈംഗികമായി പീഡിപ്പിക്കുന്നത് മാതാപിതാക്കൾ കണ്ടിരുന്നു. ഇളയകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതും അമ്മയുടെ അറിവോടെയാണെന്നും സിബിഐയുടെ കുറ്റപത്രത്തിലുണ്ട്.
കുട്ടികളുടെ മരണത്തിൽ അമ്മ രണ്ടാംപ്രതിയും അച്ഛൻ മൂന്നാംപ്രതിയുമാണ്. ബലാത്സംഗത്തിന് പ്രേരിപ്പിക്കൽ, ആത്മഹത്യാപ്രേരണ, പീഡനം, പൊലീസിനെ അറിയിക്കുന്നതിലെ വീഴ്‌ച എന്നീ കുറ്റങ്ങൾക്ക് പോക്‌സോ, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തി.
2017 ജനുവരി 13നാണ് വാളയാർ അട്ടപ്പള്ളത്ത് പതിമൂന്നുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മാർച്ച് നാലിന് ഒമ്പതുകാരിയായ അനുജത്തിയെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാമ്പാംപള്ളം കല്ലങ്കാട് വി മധു (വലിയ മധു), പാമ്പാംപള്ളം കല്ലങ്കാട് എം മധു, ഇടുക്കി രാജാക്കാട് നാലുതൈക്കൽവീട്ടിൽ ഷിബു, ആലപ്പുഴ സ്വദേശി പ്രദീപ്‌കുമാർ എന്നിവരാണ് മൂത്തകുട്ടിയുടെ മരണത്തിലെ പ്രതികൾ. മധുവും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമായിരുന്നു ഇളയകുട്ടിയുടെ മരണത്തിലെ പ്രതികൾ. പൊലീസ് അന്വേഷണത്തിലും കുട്ടികളുടേത് ആത്മഹത്യയാണെന്നും നിരന്തരപീഡനമാണ് കാരണമെന്നും കണ്ടെത്തിയിരുന്നു.









0 comments