‘ഇലക്ട്രോണിക് രേഖകൾ അമ്മയ്‌ക്ക് നല്‍കേണ്ട’ ; വാളയാർ കേസിൽ സിബിഐ കോടതി

കൊച്ചി
വാളയാർ കേസിൽ സിബിഐ സമർപ്പിച്ച ഇലക്ട്രോണിക് രേഖകൾ മരിച്ച പെൺകുട്ടികളുടെ അമ്മയ്‌ക്ക് നൽകേണ്ടെന്ന് എറണാകുളം സിബിഐ കോടതിയുടെ ഉത്തരവ്. ഇവരുടെയടക്കം പ്രതികളുടെ ഫോൺ പരിശോധിച്ച് പെൻഡ്രൈവിൽ ഹാജരാക്കിയ രേഖകളുടെ പകർപ്പ് നൽകണമെന്നാവശ്യം കോടതി തള്ളി. എന്നാൽ കോൾ ഡീറ്റെയിൽ റെക്കോഡ് (സിഡിആർ) അടക്കമുള്ള രേഖകളുടെ പകർപ്പുകൾ നൽകാൻ നിർദേശിച്ചു.
കുട്ടികളെ തിരിച്ചറിയുന്ന രേഖകൾ ഉണ്ടെന്ന സിബിഐ പ്രോസിക്യൂട്ടർ അഡ്വ. പയസ് മാത്യുവിന്റെ വാദം അംഗീകരിച്ച സിബിഐ സെപ്‌ഷ്യൽ ജഡ്‌ജി ശബരീനാഥനാണ് ഫോൺരേഖകൾ നൽകേണ്ടെന്ന് വിധിച്ചത്. ആവശ്യമെങ്കിൽ ഹർജിക്കാരിക്ക് കോടതിയുടെ സാന്നിധ്യത്തിൽ രേഖകൾ പരിശോധിക്കാം. കേസുമായി ബന്ധപ്പെട്ട ഫോൺവിളി വിവരങ്ങൾ, ഫോറൻസിക് പരിശോധനാഫലങ്ങൾ തുടങ്ങിയ രേഖകളാണ് ഇലക്ട്രോണിക് രൂപത്തിൽ സിബിഐ സമർപ്പിച്ചത്.
പ്രായപൂർത്തിയാകാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിലെ പ്രതികളാണ് അമ്മയും കുട്ടികളുടെ രണ്ടാനച്ഛനും. അമ്മയ്‌ക്കെതിരായ കുറ്റപത്രത്തിലെ പല ആരോപണങ്ങളും ഫോൺരേഖകൾ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതുപലതും പ്രതികളാക്കാൻ കെട്ടിച്ചമച്ചതാണെന്നും നിജസ്ഥിതി പരിശോധിക്കാൻ പകർപ്പ് കൈമാറണമെന്നുമായിരുന്നു ഇവർ ഹർജിയിൽ ആവശ്യപ്പെട്ടത്. കുട്ടികളുടെ മരണം കൊലക്കേസായി പരിഗണിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.









0 comments