വാളയാർ കേസ് ; അന്വേഷണം പൂർത്തിയായി , സിബിഐ 3 കുറ്റപത്രംകൂടി സമർപ്പിച്ചു

കൊച്ചി
വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ അന്വേഷണം പൂർത്തിയായതായി സിബിഐ. കൊച്ചി സിബിഐ പ്രത്യേക കോടതിയിൽ അമ്മയ്‌ക്കും രണ്ടാനച്ഛനുമെതിരെ മൂന്ന് കേസുകളിൽ ബുധനാഴ്ച സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഇവർക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച കുറ്റപത്രങ്ങളുടെ എണ്ണം ഒമ്പതായി.
കേസിലെ പ്രധാന പ്രതികളായ പ്രദീപ്, എം മധു എന്നിവർ നേരത്തേ മരിച്ചു. ഈ സാഹചര്യത്തിൽ കുറ്റകൃത്യത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിരുന്നോ എന്നാണ് സിബിഐ അന്വേഷിച്ചത്. സിബിഐ കോടതിയുടെ നിർദേശപ്രകാരമായിരുന്നു അന്വേഷണം.
പ്രദീപ് രണ്ട് പെൺകുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചെന്നും എം മധു പെൺകുട്ടികളിലൊരാളെ ഉപദ്രവിച്ചെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഇതില്‍ മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്നും കണ്ടെത്തി. സിബിഐക്കുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യു ഹാജരായി. കേസ് 14ന് സിബിഐ കോടതി വീണ്ടും പരിഗണിക്കും.
അമ്മയ്‌ക്കെതിരെ 9 കേസ് ; അറസ്റ്റിനുള്ള വിലക്ക് നീട്ടി
വാളയാർ കേസിൽ പെൺകുട്ടികളുടെ അമ്മയെയും രണ്ടാനച്ഛനെയും അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ഹൈക്കോടതി വീണ്ടുംനീട്ടി. തങ്ങളെ പ്രതികളാക്കി സിബിഐ നൽകിയ കുറ്റപത്രങ്ങൾ റദ്ദാക്കി പുനരന്വേഷണം ആവശ്യപ്പെട്ട് ഇരുവരും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജി ഗിരീഷിന്റെ ഉത്തരവ്. ഹർജി ഒമ്പതിന് വീണ്ടും പരിഗണിക്കും.
ഹർജിക്കാർക്കെതിരെ സിബിഐ മൂന്ന് കുറ്റപത്രംകൂടി സമർപ്പിച്ചു. വിവിധ കുറ്റങ്ങൾ ചുമത്തി ഒമ്പത് കേസാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്.
അമ്മ രണ്ടാംപ്രതിയും രണ്ടാനച്ഛൻ മൂന്നാംപ്രതിയുമാണ്. മക്കളെ പീഡനത്തിനിരയാക്കാൻ ഒന്നാംപ്രതി വലിയ മധുവിന് ഇവർ കൂട്ടുനിന്നെന്നാണ് സിബിഐയുടെ കണ്ടെത്തൽ.









0 comments