വാളയാർ കേസ്: പെൺകുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വാളയാറിൽ പീഡനത്തിനിരയായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സഹോദരിമാരുടെ മരണത്തിൽ സി ബി ഐ പ്രതിചേർത്ത മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഉത്തരവ്. ജസ്റ്റിസ് സി ജയചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഉത്തരവിട്ടത്.
വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഹൈക്കോടതി മാതാപിതാക്കള്‍ക്ക് ഇളവ് നല്‍കി.കേസിൽ മാതാപിതാക്കൾക്കെതിരെ ബലാത്സംഗ പ്രേരണാ കുറ്റം ചുമത്തി സിബിഐ പ്രതി ചേർത്തിരുന്നു. എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിലാണ് മാതാപിതാക്കളും പ്രതികളാണെന്ന കണ്ടെത്തൽ. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ കോടതിയിൽ ഹർജി നൽകിയത്.
വാളയാർ അട്ടപ്പള്ളത്ത് 2017 ജനുവരി 13നാണ് പതിമൂന്നുകാരിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മാർച്ച് നാലിന് അനുജത്തിയായ ഒമ്പതുകാരിയെയെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തുടക്കത്തിൽ കേരള പോലീസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ, പോക്സോ കോടതി പ്രതികളെയെല്ലാം വെറുതെവിട്ടു. 2019 ഒക്ടോബറോടെ എല്ലാപ്രതികളും കുറ്റവിമുക്തരായി. പ്രതികളെ വിട്ടയച്ചതിനെതിരെ 2019ൽത്തന്നെ സർക്കാർ അപ്പീൽ നൽകിയിരുന്നു. പിന്നീട് മാതാപിതാക്കളുടെയും സമരസമിതിയുടെയും ആവശ്യപ്രകാരം സംസ്ഥാന സർക്കാർ സിബിഐക്ക് അന്വേഷണം കൈമാറുകയായിരുന്നു.









0 comments